ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള സിപിഎം സ്ഥാനാര്‍ഥികളുടെ കാര്യത്തില്‍ പാര്‍ട്ടിക്കുള്ളില്‍ പരസ്‌പരധാരണയായി. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണനാണ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്.
എ പ്രദീപ്‌കുമാര്‍ (കോഴിക്കോട്), എ എം ആരിഫ് (ആലപ്പുഴ), വീണാജോര്‍ജ് (പത്തനംതിട്ട), സതീഷ്‌ചന്ദ്രന്‍ (കാസര്‍കോട്), പി കെ ശ്രീമതി (കണ്ണൂര്‍), പി ജയരാജന്‍ (വടകര), വി പി സാനു (മലപ്പുറം) എം ബി രാജേഷ് (പാലക്കാട്), ഇന്നസെന്റ് (ചാലക്കുടി), പി രാജീവ് (എറണാകുളം) ജോയ്‌സ് ജോര്‍ജ് (ഇടുക്കി) വി എന്‍ വാസവന്‍ (കോട്ടയം) കെ എന്‍ ബാലഗോപാല്‍ (കൊല്ലം), എ സമ്പത്ത് (ആറ്റിങ്ങല്‍) എന്നിവര്‍ മത്സരിക്കും. ഇടുക്കില്‍ ജോയ്‌സ് ജോര്‍ജും പൊന്നാനിയില്‍ പി വി അന്‍വറും മത്സരിക്കും.
അന്‍വര്‍ കൂടി സ്ഥാനാര്‍ഥിയായതോടെ മത്സരിക്കുന്ന സി പി എം സ്ഥാനാര്‍ഥി പട്ടികയിലെ സിറ്റിംഗ് എം എല്‍ എമാരുടെ എണ്ണം നാല് ആകും. സി പി ഐ പട്ടികയിലെ രണ്ട് പേര്‍ കൂടി ചേരുമ്പോള്‍ ഇടത് സ്ഥാനാര്‍ഥികളില്‍ ആറ് സിറ്റിംഗ് എം എല്‍ എമാരാണ് മത്സരരംഗത്തുള്ളത്. സി പി എമ്മിന്റെ ആറ് സിറ്റിംഗ് എം പിമാരും കളത്തിലുണ്ട്. എ പ്രദീപ്‌കുമാര്‍, എ എം ആരിഫ്, വീണാജോര്‍ജ്, പി വി അന്‍വര്‍ എന്നിവരാണ് മത്സരിക്കുന്ന മറ്റ് സിറ്റിംഗ് എം എല്‍ എമാര്‍. കാസര്‍കോട് നിലവിലെ എംപിയായ പി കരുണാകരന് പകരമായാണ് സതീഷ് ചന്ദ്രനെ സ്ഥാനാര്‍ഥിയാക്കിയത്.
ജയസാധ്യതയുള്ള മറ്റു സ്ഥാനാര്‍ഥികളെ നിര്‍ദേശിക്കാനില്ലാതെ വന്നതോടെയാണ് അന്‍വറിന് വീണ്ടും സാധ്യത തെളിഞ്ഞത്. താനൂര്‍ എം എല്‍ എ. വി അബ്ദുര്‍റഹ്മാന്റെ പേര് ഉയര്‍ന്നുവന്നെങ്കിലും അദ്ദേഹം മത്സരിക്കാനില്ലെന്ന നിലപാട് ആവര്‍ത്തിച്ചു. എല്‍ ഡി എഫ് ജയസാധ്യത കാണുന്ന പൊന്നാനിയില്‍ കരുത്തനായൊരു സ്ഥാനാര്‍ഥി വേണമെന്നായിരുന്നു സി പി എമ്മിലെ പൊതുവികാരം. സ്വതന്ത്ര സ്ഥാനാര്‍ഥിയെന്ന് തീരുമാനിച്ചതിനാല്‍ പാര്‍ട്ടി നേതാക്കളെയൊന്നും പരിഗണിച്ചില്ല. മലപ്പുറം ജില്ലയില്‍ നിന്നുള്ള സ്വതന്ത്ര എം എല്‍ എമാരായ അബ്ദുര്‍റഹ്മാന്റെയും അന്‍വറിന്റെയും പേരുകളാണ് തുടക്കം മുതല്‍ ഉയര്‍ന്നത്.
നേരത്തെ ഏറനാട് നിന്ന് നിയമസഭയിലേക്കും വയനാട് നിന്ന് ലോക്‌സഭയിലേക്കും സ്വതന്ത്രനായി അന്‍വര്‍ മത്സരിച്ചിട്ടുണ്ട്. തുടര്‍ന്നാണ് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ എല്‍ ഡി എഫ് സ്വതന്ത്രനായി നിലമ്പൂരില്‍ നിന്ന് നിയമസഭയിലെത്തിയത്. ഒരു മുന്നണിയുടെയും ഭാഗമല്ലാതെ മത്സരിച്ച രണ്ട് തിരഞ്ഞെടുപ്പുകളിലും കൂടുതല്‍ വോട്ട് നേടി നേട്ടം കൊയ്യാന്‍ അന്‍വറിന് കഴിഞ്ഞിരുന്നു. ഏറനാട് നിന്ന് മത്സരിച്ചപ്പോള്‍ എല്‍ ഡി എഫ് സ്ഥാനാര്‍ഥി അന്‍വര്‍ പിന്നില്‍ മൂന്നാം സ്ഥാനത്തേക്ക് വരെ പിന്തള്ളപ്പെട്ടു. തിരഞ്ഞെടുപ്പ് രംഗത്തെ ഈ പരിചയം പൊന്നാനിയില്‍ ഗുണം ചെയ്യുമെന്നാണ് സി പി എം വിലയിരുത്തല്‍.
കോണ്‍ഗ്രസ് മുന്‍ നേതാവ് എന്നതും അന്‍വറിന്റെ അനുകൂല ഘടകമായി. പൊന്നാനി മണ്ഡലത്തിന്റെ പലഭാഗങ്ങളിലും ലീഗ് കോണ്‍ഗ്രസ് ബന്ധത്തിലെ വിള്ളല്‍ മുതലാക്കാന്‍ കഴിയുമെന്നും സി പി എം കണക്കുകൂട്ടുന്നു.