തിരുവനന്തപുരം: ( 26.11.2018) പി.കെ.ശശി എം.എല്‍.എയ്‌ക്കെതിരായ പാര്‍ട്ടി നടപടിയില്‍ തൃപ്തയാണെന്ന് പരാതിക്കാരി. ശശിക്കെതിരെ കടുത്ത നടപടി തന്നെ സ്വീകരിച്ച സാഹചര്യത്തില്‍ പരാതിയുമായി മുന്നോട്ടു പോകാന്‍ താല്‍പര്യമില്ലെന്നും ഡി.വൈ.എഫ്.ഐ നേതാവു കൂടിയായ പരാതിക്കാരി വ്യക്തമാക്കി. മാത്രമല്ല, ഇക്കാര്യത്തില്‍ പരസ്യ പ്രതികരണത്തിനിലെന്നും അവര്‍ അറിയിച്ചു.
'വലിയ സന്തോഷമുണ്ട്. പ്രതീക്ഷിച്ച തീരുമാനമാണ് ഉണ്ടായിരിക്കുന്നത്. പാര്‍ട്ടിയോട് നന്ദിയുണ്ട്. തുടക്കം മുതലേ പാര്‍ട്ടിയില്‍ വിശ്വാസമുണ്ടായിരുന്നു' എന്നായിരുന്നു പരാതിക്കാരിയുടെ പ്രതികരണം. എന്നാല്‍ ഇതുസംബന്ധിച്ച് പരസ്യ പ്രതികരണത്തിനില്ലെന്നും അവര്‍ അറിയിച്ചു.പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് ആറ് മാസത്തേക്കാണ് പി.കെ ശശിയെ സസ്‌പെന്‍ഡ് ചെയ്തത്. തിങ്കളാഴ്ച ചേര്‍ന്ന പാര്‍ട്ടി സംസ്ഥാനകമ്മിറ്റിയാണ് തീരുമാനമെടുത്തത്. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഷൊര്‍ണൂര്‍ എം.എല്‍.എയും പാര്‍ട്ടി സംസ്ഥാന കമ്മിറ്റി അംഗവും കൂടിയായ ശശിയെ തരംതാഴ്ത്തുമെന്ന് സൂചനകളുണ്ടായിരുന്നുവെങ്കിലും സസ്‌പെന്‍ഷന്‍ എന്ന കടുത്ത നടപടിയിലേക്ക് സി.പി.എം എത്തുകയായിരുന്നു.