• Thursday, November 28, 2024
  • A biweekly newspaper published from philadelphia , pa.
Malayalam Vartha US
Blog single photo

കണ്ണൂരില്‍ വീണ്ടും രാഷ്ട്രീയക്കൊലപാതകങ്ങള്‍; സിപിഎം-ആര്‍എസ്‌എസ് പ്രവര്‍ത്തകര്‍ വെട്ടേറ്റു മരിച്ചു, ജില്ലയില്‍ ഹര്‍ത്താല്‍

കണ്ണൂര്‍ : കണ്ണൂരില്‍ ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും രാഷ്ട്രീയ കൊലപാതകം. മാഹിയില്‍ സിപിഎം നേതാവ് വെട്ടേറ്റു മരിച്ചതിനു പിന്നാലെ ആര്‍എസ്‌എസ് പ്രവര്‍ത്തകനും കൊല്ലപ്പെട്ടു. പള്ളൂര്‍ നാലുതറ കണ്ണിപ്പൊയില്‍ ബാലന്റെ മകന്‍ ബാബു(45)വാണു ആദ്യം കൊല്ലപ്പെട്ടത്. സംഭവത്തിനു തൊട്ടു പിന്നാലെ ആര്‍എസ്‌എസ് പ്രവര്‍ത്തകന്‍ ഷമേജ് പറമ്ബത്തി(42)നെയും വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകങ്ങളില്‍ പ്രതിഷേധിച്ച്‌ കണ്ണൂര്‍ ജില്ലയിലും മാഹിയിലും സിപിഎമ്മും ബിജെപിയും ഹര്‍ത്താല്‍ ആചരിക്കുന്നു.

രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെയാണ് ഹര്‍ത്താല്‍. വാഹനങ്ങളെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. കണ്ണൂര്‍ സര്‍വകലാശാല ചൊവ്വാഴ്ച നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി വച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

തിങ്കളാഴ്ച രാത്രി ഒമ്ബതരയോടെ പള്ളൂര്‍ ലോക്കല്‍കമ്മിറ്റി അംഗവും മുന്‍ നഗരസഭാ കൗണ്‍സിലറുമായ ബാബു കണ്ണിപ്പൊയിലിനാണ് വെട്ടേറ്റത്. കൊയ്യോടന്‍ കോറോത്തെ ക്ഷേത്രത്തിന് സമീപം വീട്ടിലേക്ക് പോകുന്നതിനിടെ ബാബുവിനെ ഒരു സംഘം മാരകായുധങ്ങളുമായി ആക്രമിക്കുകയായിരുന്നു. ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ ബാബു മരിച്ചു. തലശേരി - മാഹി കര്‍മസമിതി കണ്‍വീനറായിരുന്നു ബാബു. കഴുത്തിന് മുന്നിലും പിന്നിലും ആഴത്തില്‍ മുറിവേറ്റിട്ടുണ്ട്.

വാര്‍ത്ത പുറത്തുവന്നയുടന്‍ ഓട്ടോ ഡ്രൈവറായ ഷമോജിനും വെട്ടേറ്റു. ആര്‍എസ്‌എസ് പ്രവര്‍ത്തകനാണ് ഷമോജ്. ഷമേജ് വീട്ടിലേക്കു പോകുമ്ബോള്‍ കല്ലായി അങ്ങാടിയില്‍ വച്ചാണ് വെട്ടേറ്റത്. മുഖത്തും കൈക്കും വെട്ടേറ്റ ഷമേജ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് ഷമോജ് മരിച്ചത്. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

സംഭവങ്ങളെ തുടര്‍ന്ന് മാഹി, തലശ്ശേരിക്കു സമീപം മടപീടിക എന്നിവിടങ്ങളില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. വന്‍ പൊലീസ് സന്നാഹമാണ് ഇവിടെ ക്യാംപ് ചെയ്യുന്നത്. മാഹിയിലെ ചെമ്ബ്രയില്‍ പൊലീസ് റെയ്ഡ് നടത്തി. അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാന്‍ പാനൂര്‍ മേഖലയില്‍ പൊലീസ് ജാഗ്രതയിലാണ്.

ബാബുവിന്റെ കൊലപാതകത്തില്‍ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയറ്റ് അപലപിച്ചു. ഹര്‍ത്താലില്‍ നിന്ന് വാഹനങ്ങളെ ഒഴിവാക്കിയതായി സി.പി.എം അറിയിച്ചു. കണ്ണൂരില്‍ ആര്‍എസ്‌എസ് കൊലക്കത്തി താഴെവയ്ക്കാന്‍ ഒരുക്കമല്ലെന്ന പ്രഖ്യാപനമാണ് നടത്തിയിരിക്കുന്നതെന്ന് സിപിഎം പ്രസ്താവനയില്‍ പറഞ്ഞു. ബിജെപി പ്രവര്‍ത്തകന്‍ ഷമേജിന്റെ കൊലപാതകം നിന്ദ്യവും ആസൂത്രിതവുമാണെന്നു ബിജെപി ജില്ലാ പ്രസിഡന്റ് പി.സത്യപ്രകാശന്‍ പറഞ്ഞു. അനിതയാണ് ബാബുവിന്റെ ഭാര്യ. മക്കള്‍: അനാമിക, അനുപ്രിയ, അനുനന്ദ്. പറമ്ബത്ത് മാധവന്റെയും വിമലയുടെയും മകനാണ് ഷമേജ്. ഭാര്യ: ദീപ. മകന്‍: അഭിനവ്.

Top