കോട്ടയം ∙ പ്രമുഖ രാഷ്ട്രീയനേതാവിന്റെ മകൻ ട്രെയിൻ യാത്രയിൽ തന്നെ അപമാനിച്ചിട്ടുണ്ടെന്നും ‘മീ ടൂ’ പ്രചാരണത്തിൽ താനും പങ്കുചേരുന്നുവന്നും ജോസ് കെ. മാണി എംപിയുടെ ഭാര്യ നിഷാ ജോസ്. നിഷ എഴുതിയ ജീവിതാനുഭവക്കുറിപ്പുകളുടെ സമാഹാരമായ ‘ദി അദർ സൈഡ് ഓഫ് ദിസ് ലൈഫ്’ എന്ന പുസ്തകത്തിലാണ് ഇക്കാര്യം പരാമർശിക്കുന്നത്.
തിരുവനന്തപുരത്തുനിന്നു കോട്ടയത്തേക്കുള്ള ട്രെയിൻ യാത്രയ്ക്കിടെയായിരുന്നു സംഭവമെന്നു പറയുന്ന നിഷ വ്യക്തിയുടെ പേരു പറയുന്നില്ല. ചില സൂചനകൾ മാത്രം തരുന്നു. തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽ രാത്രി വൈകി തനിയെ കോട്ടയത്തേക്കു ട്രെയിൻ കയറാൻ എത്തിയപ്പോഴാണ് അയാളെ കണ്ടത്. മെലിഞ്ഞ യുവാവ് രാഷ്ട്രീയനേതാവായ സ്വന്തം അച്ഛന്റെ പേരു പറഞ്ഞാണ് പരിചയപ്പെട്ടത്. അപകടത്തിൽപ്പെട്ട് തിരുവനന്തപുരത്ത് ആശുപത്രിയിൽ കിടക്കുന്ന ഭാര്യാപിതാവിനെ കാണാൻ വന്നതാണെന്നും പറഞ്ഞു. ട്രെയിനിൽ കയറിയ അയാൾ അടുത്തു വന്നിരുന്നു സംസാരം തുടർന്നു. സഹികെട്ടപ്പോൾ ടിടിആറിനോട് പരാതിപ്പെട്ടു. ടിടിആർ നിസ്സഹായനായി കൈമലർത്തി. യുവാവും അയാളുടെ അച്ഛനെപ്പോലെയാണെങ്കിൽ ഇടപെടാൻ എനിക്കു പേടിയാണ് എന്നായിരുന്നു ടിടിആറിന്റെ മറുപടി. ‘നിങ്ങൾ ഒരേ രാഷ്ട്രീയ മുന്നണിയിൽ ഉൾപ്പെട്ടവരായതിനാൽ ഇത് ഒടുവിൽ എന്റെ തലയിൽ വീഴും’– ഇങ്ങനെ പറഞ്ഞ് ടിടിആർ ഒഴിവായി. തിരികെ സീറ്റിലെത്തിയിട്ടും സഹയാത്രികൻ ശല്യപ്പെടുത്തൽ തുടർന്നു. മൂന്നോ നാലോ തവണ അനാവശ്യമായി തന്റെ കാൽപാദത്തിൽ സ്പർശിച്ചു. അതോടെ അടുത്തുനിന്നു പോകാൻ അയാളോട് കർശനമായി പറഞ്ഞെന്നും വീട്ടിൽ എത്തിയശേഷം ഇക്കാര്യം ഭർത്താവ് ജോസ് കെ. മാണിയെ അറിയിച്ചെന്നും പുസ്തകത്തിൽ പറയുന്നു.
തന്റെ ഭാര്യാപിതാവിന് അപകടം പറ്റിയപ്പോള്‍ കാണാന്‍ പോകുകയായിരുന്നു രാഷ്ട്രീയ നേതാവിന്റെ മകന്‍ എന്ന് നിഷ സൂചന നല്‍കുന്നുണ്ട്. കോട്ടയത്തേക്കുള്ള യാത്രക്കിടെ അടുത്തെത്തിയ ഈ മാന്യന്‍ ശരീരത്തില്‍ തൊടാന്‍ ശ്രമിച്ചെന്നും ഇതിനെതിരെ ടിടിആറിന് പരാതി നല്കിയിട്ട് ഫലമുണ്ടായില്ലെന്നും നിഷ പറയുന്നുണ്ട്. തങ്ങളുടെ രാഷ്ട്രീയ സുഹൃത്തായിരുന്ന ഒരാളുടെ മകനാണെന്ന് പുസ്തകത്തില്‍ വ്യക്തമാക്കുന്നുണ്ടെങ്കിലും ഇത് ആരാണെന്ന് തുറന്ന് പറയാന്‍ നിഷ തയ്യാറായില്ല.