• Thursday, November 28, 2024
  • A biweekly newspaper published from philadelphia , pa.
Malayalam Vartha US
Blog single photo

പുരുഷന്‍മാരില്‍ അഞ്ചാമത്തെ ഏറ്റവും വലിയ മരണകാരണമാണ് സ്‌ട്രോക്ക്; സ്ത്രീകളില്‍ മൂന്നാമത്തെതും

ആഗോളതലത്തില്‍ ഹൃദ്രോഗത്തിന് ശേഷം ഏറ്റവുമധികം പേരുടെ ജീവനെടുക്കുന്നത് സ്ട്രോക്ക് അഥവാ മസ്തിഷ്‌കാഘാതം. ഇതുണ്ടാകുന്ന 100 പേരില്‍ 30 പേര്‍ മരിക്കുന്നതായി കണക്കുകള്‍ സൂചിപ്പിക്കുന്നു.

പുരുഷന്‍മാരില്‍ അഞ്ചാമത്തെ ഏറ്റവും വലിയ മരണകാരണമാണ് സ്ട്രോക്ക് എന്നിരിക്കേ, സ്ത്രീകളുടെ മരണകാരണങ്ങളില്‍ മൂന്നാം സ്ഥാനത്താണിത്. ഇതുണ്ടാകുന്ന 100 സ്ത്രീകളില്‍ 40 പേര്‍ മരിക്കുന്നു. സ്തനാര്‍ബുദം മൂലം മരിക്കുന്നതിനേക്കാള്‍ രണ്ടിരട്ടി സ്ത്രീകളാണ് ഇതുകൊണ്ടു മരിക്കുന്നത്.

കൂടുതല്‍ സ്ത്രീകളില്‍

ആര്‍ത്തവവിരാമം സംഭവിച്ച സ്ത്രീകളില്‍, അതായത് മധ്യവയസ്‌കകളിലാണ് സ്ട്രോക്ക് സാധ്യത കൂടുതലായി കണ്ടുവരുന്നത്. ഉയര്‍ന്ന രക്തസമ്മര്‍ദമാണ് മിക്കവരിലും രോഗകാരണം.

രക്തസമ്മര്‍ദം പുരുഷന്മാരേക്കാളധികം ക്രമാതീതമായി വര്‍ധിക്കാനുള്ള സാധ്യത സ്ത്രീകളിലാണ്. വ്യക്തമായ ആശയവിനിമയം നടത്താത്തതിനാല്‍ മരണസംഖ്യ കൂടുതലാക്കുന്നു.കൂടെയുള്ളവര്‍ വേണ്ട ശ്രദ്ധ നല്‍കാത്തതും സ്ത്രീകളിലെ സ്‌ട്രോക്ക് മരണനിരക്ക് ഉയര്‍ത്തുന്നു.

ഗര്‍ഭിണികളിലും ഗര്‍ഭനിരോധനഗുളികകള്‍ ഉപയോഗിക്കുന്നവരിലും ഹോര്‍മോണ്‍ റീപ്ലേസ്മെന്റ് തെറാപ്പി ചികിത്സ നടത്തിയവരിലും െമെഗ്രേയ്ന്‍ ഉള്ളവരിലും സാധ്യത വളരെ കൂടുതലാണ്.

സ്ത്രീകളിലെ സ്ട്രോക്ക് ലക്ഷണങ്ങള്‍

സ്ത്രീകളിലെ സ്ട്രോക്കിന്റെ ലക്ഷണങ്ങള്‍ പുരുഷന്‍മാരില്‍ നിന്നും വ്യത്യസ്തമായിരിക്കും. മരണത്തിന്റെ 70 ശതമാനവും ഉണ്ടാകുന്നത് ആദ്യത്തെ സ്ട്രോക്കില്‍ തന്നെയാണെന്നതിനാല്‍, ഇതിന്റെ ലക്ഷണങ്ങള്‍ തിരിച്ചറിയേണ്ടത് അത്യന്താപേക്ഷിതമാണ്. തലകറക്കം, കാഴ്ച്ചക്കുറവ്, നടക്കുമ്ബോള്‍ വേച്ചുവേച്ച്‌ പോവുക, ബോധംമറയുക തുടങ്ങിയ ലക്ഷണങ്ങള്‍ കൂടാതെ ഓക്കാനം, ഛര്‍ദ്ദി, ശ്വാസംമുട്ടല്‍, വിമ്മിട്ടം, ഇക്കിള്‍, നെഞ്ചിന് ഭാരം തോന്നുക, ക്ഷീണം, ബോധക്കേട്, അപസ്മാരം, സ്വഭാവത്തിലെ വ്യത്യാസം എന്നിവയാണു ലക്ഷണങ്ങള്‍.

രോഗം തടയാന്‍

ഗര്‍ഭിണികള്‍ പതിവായി രക്തസമ്മര്‍ദം പരിശോധിക്കുക. രക്തസമ്മര്‍ദം ഉണ്ടെങ്കില്‍ നിയന്ത്രിക്കുക. അന്‍പത് വയസിനു മുകളിലുള്ള സ്ത്രീകള്‍ സ്ട്രോക്കിന്റെ അപകടഘടകങ്ങള്‍ ഉണ്ടോയെന്ന് പരിശോധിക്കുക. മൈഗ്രേയ്ന്‍ ഉള്ള രോഗികള്‍ പുകവലിശീലം ഉപേക്ഷിക്കുക. സ്ത്രീകള്‍ക്ക് ലഭിക്കേണ്ട ശ്രദ്ധയും പരിചരണവും കുറഞ്ഞുപോകുന്നതുകൊണ്ടും മിനി സ്ട്രോക്ക് പോലെയുള്ള സൂചനകള്‍ അവഗണിക്കുന്നതു കൊണ്ടുമാണ് സ്ത്രീകളില്‍ മസ്തിഷ്‌കാഘാത മരണനിരക്ക് ഉയരുന്നത്.

ചിട്ടയായ ഭക്ഷണശീലവും വ്യായാമവും അനുവര്‍ത്തിക്കുക വഴി സ്ട്രോക്ക് സാധ്യത കുറയ്ക്കാന്‍ കഴിയും. അതു പോലെതന്നെ അന്‍പതു വയസിനു മുകളിലുള്ള സ്ത്രീകള്‍ സ്ട്രോക്ക് സ്‌ക്രീനിംഗ് ടെസ്റ്റുകള്‍ ഉള്‍പ്പടെയുള്ള പരിശോധനകള്‍ കൃത്യമായി നടത്തുക വഴി ഇതു മൂലമുള്ള മരണങ്ങള്‍ ഒഴിവാക്കാന്‍ കഴിയും.

Top