കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ജെറ്റ് എയര്‍വെയ്‌സ് വിമാനക്കമ്പനിയില്‍ നിന്ന് 260 പൈലറ്റുമാര്‍സ്‌പൈസ് ജെറ്റിലേക്ക് ജോലിക്കായി അപേക്ഷ നല്‍കി. മുംബൈയില്‍ സ്‌പൈസ്‌ജെറ്റ് സംഘടിപ്പിച്ച ജോബ് ഫെയറിലാണ് ജെറ്റ് എയര്‍വെയ്‌സിലെ പൈലറ്റുമാര്‍ കൂട്ടത്തോടെ അപേക്ഷിച്ചത്.
അപേക്ഷിച്ച 150 പൈലറ്റുമാര്‍ സീനിയര്‍ കമാന്‍ഡര്‍മാരാണ്. ജെറ്റിന് നിലവില്‍ 1900 പൈലറ്റുമാരുണ്ട്. അന്താരാഷ്ട്ര വികസനം ലക്ഷ്യമിടുന്ന സ്വദേശ വിമാനക്കമ്പനികള്‍ ജെറ്റ് എയര്‍വേസില്‍ നോട്ടമിടുന്നുണ്ട്.
മറ്റ് വിമാനക്കമ്പനികള്‍ ജെറ്റ് പൈലറ്റുമാരെ തങ്ങളുടെ കമ്പനികളിലേക്ക് ആകര്‍ഷിക്കാന്‍ ഉയര്‍ന്ന പ്രതിഫലം വാഗ്‌ദാനം ചെയ്‌തതായി ഐഎഎന്‍എസ് റിപ്പോര്‍ട്ട് ചെയ്‌തിരുന്നു. ജെറ്റ് എയര്‍വെയ്‌സിന്റെ 50 ഓളം വിമാനങ്ങള്‍ സ്‌പൈസ്‌ജെറ്റിന് വാടകയ്‌ക്ക് നല്‍കാന്‍ ഉടമകള്‍ സന്നദ്ധത പ്രകടിപ്പിച്ചിരുന്നു. ജെറ്റില്‍ നിന്ന് ലഭിക്കാനുള്ള കുടിശികയാണ് വിമാനങ്ങള്‍ മറ്റ് കമ്പനികള്‍ക്ക് നല്‍കാന്‍ ഇവരെ പ്രേരിപ്പിക്കുന്നത്.
കുടിശ്ശിക വീട്ടാന്‍ കഴിയാത്തതിനെ തുടര്‍ന്ന് ജെറ്റിന്റെ നാല്‍പതോളം വിമാനങ്ങള്‍ ഇപ്പോള്‍ സര്‍വീസ് നിര്‍ത്തി വെച്ചിരിക്കുകയാണ്. പൊതുമേഖലാ ബാങ്കുകള്‍ക്ക് മാത്രമേ ജെറ്റ് എയര്‍വെയ്‌സിനെ ഏതെങ്കിലും തരത്തില്‍ സഹായിക്കാനാവൂ എന്നാണ് സാമ്പത്തിക വിദഗ്‌ധരുടെ നിരീക്ഷണം. കമ്പനിയുടെ പുനര്‍നവീകരണത്തിനായുള്ള പദ്ധതിയെ കുറിച്ച് വ്യക്തമായ ധാരണയുണ്ടാക്കിയില്ലെങ്കില്‍ ഏപ്രില്‍ ഒന്ന് മുതല്‍ വിമാനം പറപ്പിക്കാനില്ലെന്ന് ജെറ്റ് എയര്‍വെയ്‌സിലെ പൈലറ്റുമാരുടെ യൂണിയന്‍ കമ്പനി അധികാരികളെ അറിയിച്ചിട്ടുണ്ട്.