ഒരാഴ്‌ച നീണ്ട ഓണാഘോഷത്തിനു സമാപനം കുറിച്ചുള്ള സാംസ്‌കാരിക ഘോഷയാത്രയ്‌ക്കു വന്‍ വരവേല്‍പ്. കേരളത്തിലെയും മറ്റു സംസ്ഥാനങ്ങളിലെയും കലകളും നൃത്തരൂപങ്ങളും അണിനിരന്ന ഘോഷയാത്ര ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഫ്‌ലാഗ് ഓഫ് ചെയ്‌തു. വെള്ളയമ്പലത്തുനിന്ന് ആരംഭിച്ച ഘോഷയാത്ര കിഴക്കേക്കോട്ടയില്‍ സമാപിച്ചു. സമാപന സമ്മേളനം നിശാഗന്ധി ഓഡിറ്റോറിത്തില്‍ ഗവര്‍ണര്‍ ഉദ്‌ഘാടനം ചെയ്‌തു.
സാംസ്‌കാരിക ഘോഷയാത്രയിലെ വിവിധ നൃത്തരൂപങ്ങള്‍ ഘോഷയാത്രയില്‍ പൊലീസ് ബാന്റാണു മുന്നില്‍ നീങ്ങിയത്. പിന്നില്‍ കൊമ്പുപറ്റ്, ചെണ്ടമേളം, ഇലത്താളം കലാകാരന്‍മാര്‍ നിരന്നു. നിശ്ചല ദൃശ്യങ്ങള്‍ക്കും കലാരൂപങ്ങള്‍ക്കുമൊപ്പം അശ്വാരൂഢ സേനയും വിവിധ സേനാവിഭാഗങ്ങളുടെ ബാന്റുകളും അണിനിരന്നു.
സാംസ്‌കാരിക ഘോഷയാത്രയിലെ നിശ്ചല ദൃശ്യം. യൂണിവേഴ്‌സിറ്റി കോളജിനു മുന്നില്‍ പ്രത്യേക പവലിയനില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, മുഖ്യമന്ത്രി പിണറായി വിജയന്‍, കേന്ദ്രമന്ത്രി പ്രഹ്‌ളാദ് സിങ് പട്ടേല്‍, മന്ത്രിമാര്‍, മറ്റു സംസ്ഥാനങ്ങളില്‍നിന്നുള്ള അതിഥികള്‍ തുടങ്ങിയവര്‍ ഘോഷയാത്ര കണ്ടു. വിശിഷ്ട വ്യക്തികള്‍ക്ക് മുന്നില്‍ എട്ട് തെയ്യം കലാരൂപങ്ങള്‍ അവതരിപ്പിച്ചു.