ജോസ് മാളേയ്‌ക്കല്‍
അതിരൂപതയുടെ അജപാലനപരിധിയില്‍ വന്ന പ്രവാസി കത്തോലിക്കരുടെ ഒത്തുചേരലിനും, സഹോദരസ്‌നേഹത്തിന്റെയും, പരസ്‌പര സഹകരണത്തിന്റെയും മാതൃകയായി പൊതുദിവ്യബലി അര്‍പ്പിക്കുന്നതിനും, പരസ്‌പരം സൗഹൃദം കൈമാറുന്നതിനുമുള്ള അവസരം ഫിലാഡല്‍ഫിയ അതിരൂപത ഒരുക്കുന്നു.
മാര്‍ച്ച് 23 ശനിയാഴ്‌ച്ചയാണ് അതിരൂപത സാസ്‌കാരികപൈതൃക ദിവ്യബലിയും, പ്രവാസി കത്തോലിക്കരുടെ സംഗമവും സംഘടിപ്പിക്കുന്നത്. അന്ന് നടത്തുന്ന സാംസ്‌കാരിക ഘോഷയാത്രയിലും, കള്‍ച്ചറല്‍ ഹെറിറ്റേജ് ബലിയിലും പങ്കെടുക്കാന്‍ എല്ലാ പ്രവാസി കത്തോലിക്കരെയും അതിരൂപത ക്ഷണിക്കുന്നു
അതിരൂപതയുടെ ആസ്ഥാന ദേവാലയവും, തീര്‍ത്ഥാടനകേന്ദ്രവുമായ സെയിന്റ്‌സ് പീറ്റര്‍ ആന്റ് പോള്‍ കത്തീഡ്രലിലാണ് (18th Street & Benjamin Franklin Parkway) വിശുദ്ധ കുര്‍ബാനയും, സാംസ്‌കാരിക ഘോഷയാത്രയും ക്രമീകരിച്ചിരിക്കുന്നത്. ഫിലാഡല്‍ഫിയ ആര്‍ച്ചുബിഷപ് അഭിവന്ദ്യ ചാള്‍സ് തിരുമേനി ദിവ്യബലിക്ക് മുഖ്യകാര്‍മ്മികത്വം വഹിച്ച് സന്ദേശം നല്‍കും.
അതിരൂപതയുടെ അജപാലന പരിധിയില്‍ വരുന്ന മൈഗ്രന്റ് കാത്തലിക് കമ്മ്യൂണിറ്റികളൂടെ സ്‌പിരിച്ച്വല്‍ ഡയറക്ടര്‍മാര്‍ ദിവ്യബലിയില്‍ സഹകാര്‍മ്മികരാവും. കേരളീയ കത്തോലിക്കാ പൈതൃകം കാത്തുസൂക്ഷിക്കുന്ന പള്ളികളെയും, പ്രവാസി സമൂഹങ്ങളെയും പ്രതിനിധീകരിച്ച് സെ. തോമസ് സീറോമലബാര്‍ ഫൊറോനാപള്ളി വികാരി റവ. ഫാ. വിനോദ് മഠത്തിപറമ്പില്‍, ക്‌നാനായ കാത്തലിക് മിഷന്‍ ഡയറക്ടര്‍ റവ. ഫാ. റെന്നി കട്ടേല്‍, സെ. ജൂഡ് സീറോമലങ്കര ഇടവകവികാരി റവ. ഡോ. സജി മുക്കൂട്ട്, ഇന്‍ഡ്യന്‍ ലാറ്റിന്‍ കാത്തലിക് മിഷന്‍ ഡയറക്ടര്‍ റവ. ഫാ. ഷാജി സില്‍വ എന്നിവരും മറ്റു മൈഗ്രന്റ് കമ്മ്യൂണിറ്റി വൈദികര്‍ക്കൊപ്പം സമൂഹബലിയില്‍ കാര്‍മ്മികരാവും.
ദിവ്യബലിമധ്യേയുള്ള വിവിധ കര്‍മ്മങ്ങളിലും, പ്രാര്‍ത്ഥനകളിലും, ഗാനശുശ്രൂഷകളിലും, വിവിധരാജ്യങ്ങളില്‍നിള്ള പ്രവാസി കത്തോലിക്കാ വിശ്വാസികള്‍ ഭാഗഭാക്കാവും. ദിവ്യബലിക്ക് മുന്‍പുള്ള പ്രവേശന പ്രാര്‍ത്ഥനാഗീതം, ബൈബിള്‍ പാരായണം, കാഴ്‌ച്ചവയ്‌പ്പ് പ്രദക്ഷിണം, ബലിവസ്‌തു സമര്‍പ്പണം, കാഴ്‌ച്ചവയ്‌പ്പ് ഗാനങ്ങള്‍, കുര്‍ബാന സ്വീകരണത്തിന് ശേഷമുള്ള ഗാനങ്ങള്‍, അള്‍ത്താരശുശ്രൂഷകര്‍ എന്നിങ്ങനെ വിവിധ റോളുകള്‍ പല രാജ്യത്ത്‌നിന്ന് വരുന്നവര്‍ കൈകാര്യം ചെയ്യും.
ദിവ്യബലിക്ക് മുന്‍പായി അരങ്ങേറുന്ന സാസ്‌കാരിക ഘോഷയാത്ര ഓരോ രാജ്യക്കാരുടെയും മഹത്തായ പൈതൃകവും, വേഷവിധാനങ്ങളും വിളിച്ചോതും. പരമ്പരാഗതവേഷങ്ങള്‍ അണിഞ്ഞ് ഓരോ രാജ്യക്കാരും അവരവരുടെ ചര്‍ച്ച് ബാനറുകള്‍ക്ക് പിന്നിലായി നിരനിരയായി പ്രദക്ഷിണത്തില്‍ പങ്കെടുക്കും.