ഗോള്‍ഡ്കോസ്റ്റ്(ഓസ്ട്രേലിയ): കോമണ്‍വെല്‍ത്ത് ഗെയിംസിലെ അത്ലറ്റിക്സ് ട്രാക്കില്‍ അക്കൗണ്ട് തുറന്ന് ഇന്ത്യ. ഡിസ്കസ് ത്രോയില്‍ സീമ പൂനിയ വെള്ളിയും നവ്ജീത് ദില്ലോണ്‍ വെങ്കലവും നേടിയാണ് ഇന്ത്യയുടെ അത്ലറ്റിക്സ് ട്രാക്ക് ഉണര്‍ന്നത്. ഇതോടെ ഇന്ത്യയുടെ ആകെ മെഡല്‍നേട്ടം 31 ആയി. 14 സ്വര്‍ണ്ണവും, ഏഴു വെള്ളിയും 10 വെങ്കലവും സ്വന്തമാക്കി ഇന്ത്യ മൂന്നാം സ്ഥാനത്ത് തുടരുകയാണ്.
ഫൈനലിലെ ആറു ശ്രമങ്ങളില്‍ സീമ പൂനിയയുടെ മികച്ച ദൂരം 60.41 മീറ്ററായിരുന്നു. നവ്ജീത് ദില്ലോണിന്റെ ആറാമത്തെയും അവസാനത്തേയുമായ ശ്രമത്തിലാണ് 57.43 മീറ്റര്‍ എറിഞ്ഞ് വെങ്കലം നേടിയത്. ന്യൂസിലാന്‍ഡിന്റെ സോസിഷിന ഹാക്കേയ്യെ മറികടന്നാണ് നവ്ജീത് വെങ്കലത്തിളക്കം സ്വന്തമാക്കിയത്. ഓസ്ട്രേലിയയുടെ ഡാനി സ്റ്റീവെന് 68.26 ദൂരം എറിഞ്ഞ് ഗെയിംസ് റെക്കോര്‍ഡ് തിരുത്തിയാണ് സ്വര്‍ണ്ണം നേടിയത്.