ഡാളസ്: കേരള എക്യൂമെനിക്കൽ ക്രിസ്ത്യൻ ഫെലോഷിപ്പിന്റെ നേതൃത്വത്തിൽ നടത്തപ്പെടുന്ന 21- മത് സംയുക്ത സുവിശേഷ കൺവെൻഷനിൽ മലങ്കര സുറിയാനി കാത്തോലിക്ക സഭയുടെ തിരുവല്ലാ ആർച്ച് ബിഷപ് ഡോ. തോമസ് മാർ കൂറിലോസ് തിരുവചന സന്ദേശം നൽകുന്നു.
കാനോനിക നിയമത്തിൽ റോമിൽ നിന്ന് ഡോക്റ്റ് നേടിയ ആർച്ച് ബിഷപ് മാർ കൂറിലോസ് മികച്ച വാക്സിയും, വേദ പണ്ഡിതനും മലങ്കര കത്തോലിക്ക സഭയുടെ എപ്പിസ്കോപ്പൽ സിനഡ് സെക്രട്ടറിയും ആണ്.
ആഗസ്റ്റ് 10 മുതൽ 12 വരെ (വെള്ളി, ശനി, ഞായർ) വൈകിട്ട് 6 മണി മുതൽ 9 മണി വരെ ഡാളസിലെ സെന്റ്. മേരിസ് മലങ്കര ഓർത്തഡോക്സ് വലിയ പള്ളിയിൽ (14133 Dennis Lane, Farmers Branch, Texas -75234) വെച്ചാണ് സംയുക്ത സുവിശേഷ മഹായോഗം നടത്തപ്പെടുന്നത്.
ഡാളസിലെ വിവിധ സഭാവിഭാഗത്തിൽപെട്ട ഇരുപത്തി ഒന്ന് ഇടവകൾ ചേർന്നുള്ള സംഘടനയാണ് കേരള എക്കമെനിക്കൽ ക്രിസ്ത്യൻ ഫെലോഷിപ്പ് (KECF). ഈ വർഷം സെന്റ് മേരീസ് മലങ്കര കത്തോലിക്ക ഇടവകയാണ് കൺവെഷനുകൾക്കും മറ്റും ചുക്കാൻ പിടിക്കുന്നത്.
റവ.ഫാ.മത്തായി മണ്ണുർവടക്കേതിൽ (പ്രസിഡന്റ്), വെരി.റവ.വി.എം തോമസ് കോർഎപ്പിസ്കോപ്പ (വൈസ് പ്രസിഡന്റ്), അലക്സ് അലക്സാണ്ടർ (ജനറൽ സെക്രട്ടറി), ജോബി എബ്രഹാം (ട്രി) എന്നിവരുടെ നേതൃത്വത്തിൽ ഇരുപത്തിനാല് അംഗങ്ങൾ ഉള്ള കമ്മറ്റിയാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. തോമസ് ജോണിന്റെ നേതൃത്വത്തിൽ ഏകദേശം നാൽപ്പതോളം അംഗങ്ങൾ അടങ്ങിയ ഗായക സംഘം ഗാനശുശ്രുഷക്ക് നേതൃത്വം നൽകും.
ഡാളസിലെ എല്ലാ സഭാവിഭാഗത്തിൽപ്പെട്ടവരെയും സ്നേഹത്തിന്റെയും, സാഹോദര്യത്തിന്റെയും, കുടുംബ സമാധാനത്തിന്റെയും സന്ദേശം ശ്രവിക്കുവാൻ ക്ഷണിക്കുന്നതായി സംഘാടകർ അറിയിച്ചു.