മഹാപ്രളയവേളയില്‍ സംസ്ഥാനത്തെ അണക്കെട്ടുകളുടെ കൈകാര്യം ഫലപ്രദമായിരുന്നില്ലെന്ന അമിക്കസ് ക്യൂറി റിപ്പോര്‍ട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ തള്ളി.
കേന്ദ്ര ജലകമ്മിഷന്‍, മദ്രാസ് ഐഐടി തുടങ്ങിയ സ്ഥാപനങ്ങള്‍ അമിത അളവില്‍ പെയ്‌ത മഴയാണ് പ്രളയത്തിനു കാരണമെന്ന് ശാസ്‌ത്രീയമായി നിഗമനത്തിലെത്തിയിട്ടുണ്ട്. തിരഞ്ഞെടുപ്പില്‍ ആയുധമാക്കാനാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ജനങ്ങളെ തെറ്റിധരിപ്പിക്കാനുള്ള നീക്കമാണിതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. മുന്നറിയിപ്പില്ലാതെ ഡാമുകള്‍ തുറന്നതല്ല പ്രളയകാരണം. ബന്ധപ്പെട്ട എല്ലാവരുടെയും അഭിപ്രായം തേടിയിട്ടല്ല റിപ്പോര്‍ട്ട് തയാറാക്കിയിരിക്കുന്നത്. അന്തിമ തീരുമാനമെടുക്കേണ്ടത് കോടതിയാണ്, അമിക്കസ് ക്യൂറിയല്ല. മുഖ്യമന്ത്രി പറഞ്ഞു.
മഹാപ്രളയത്തിന് കാരണം ഡാമുകള്‍ തുറന്നുവിട്ടതാണെന്ന റിപ്പോര്‍ട്ടു നല്‍കിയ അമിക്കസ് ക്യൂറിക്കു സാങ്കേതിക വിവരം ഇല്ലെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍ വിമര്‍ശിച്ചു. റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ച രേഖയാണെന്നും കോടിയേരി പറഞ്ഞു