കോട്ടയം: തട്ടികൊണ്ടുപോയി യുവാവിനെ കൊപ്പെടുത്തിയ സംഭവത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ വാദം പൊളിയുന്നു. സാധാരണ ഗതിയില്‍ മുഖ്യമന്ത്രിക്ക് സെക്യൂരിറ്റി ഒരുക്കുന്നത് പ്രത്യേക ടീമാണ് അല്ലാതെ എസ്‌ഐ അല്ലെന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്. എന്നാല്‍ കോട്ടയം മെഡിക്കല്‍ കോളേജില്‍ ഉള്‍പ്പെടെയുള്ള പാരിപാടികളില്‍ മുഖ്യമന്ത്രിയുടെ സുരക്ഷ ചുമതല ഗാന്ധിനഗര്‍ എസ്ഐ എംഎസ് ഷിബുവിനായിരുന്നു എന്നതിന്റെ തെളിവുകൾ പുറത്ത് വന്നു.
ചങ്ങനാശേരി ഡിവൈഎസ്പിയുടെ സംഘത്തിലായിരുന്നു ഷിബുവിനു ഡ്യൂട്ടി. കോട്ടയം മെഡിക്കൽ കോളജിൽ നടന്ന പരിപാടിയിലാണ് ഷിബു ഉൾപ്പെട്ട സംഘം മുഖ്യമന്ത്രിക്കു സുരക്ഷയൊരുക്കിയത്. ജില്ലയിൽ മുഖ്യമന്ത്രിയുടെ പരിപാടികളുള്ള വിവരം ചൂണ്ടിക്കാട്ടിയാണ് പൊലീസ് നീനുവിന്റെ പരാതി അവഗണിച്ചതെന്നായിരുന്നു ആക്ഷേപം. ഇക്കാര്യം ചൂണ്ടിക്കാട്ടിയ മാധ്യമപ്രവർത്തകരോടാണ്, തന്റെ സുരക്ഷാ കാര്യങ്ങൾ നോക്കാൻ എസ്ഐയുടെ ആവശ്യമില്ലെന്ന് മറുപടി നൽകിയത്.
ശക്തമായ അന്വേഷണം
അതേസമയം കെവിന്റെ കൊലപാതകത്തില്‍ കുറ്റക്കാര്‍ക്കെതിരേ ശക്തമായ നടപടിയെടുക്കും. കേസിന്റെ അന്വേഷണത്തിന് സ്‌പെഷല്‍ ടീമിനെ നിയോഗിക്കാന്‍ ഡിജിപിക്ക് നിര്‍ദേശം നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. കുറ്റവാളികളെ വലിയ താമസമില്ലാതെ പിടികൂടാന്‍ കഴിയുമെന്നാണ് ലഭിക്കുന്ന വിവരം. പോലീസിന്റെ ഭാഗത്തുനിന്ന് വീഴ്ച സംഭവിച്ചത് അതീവ ഗൗരവത്തോടെ അന്വേഷിക്കും ഇക്കാര്യത്തില്‍ കര്‍ശന നടപടി സ്വകരിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
അവഗണന
പ്രണയവിവാഹം കഴിച്ചതിന്റെ പേരിൽ വധുവിന്റെ വീട്ടുകാർ തട്ടിക്കൊണ്ടുപോയ കോട്ടയം എസ്എച്ച് മൗണ്ടിലെ കെവിൻ പി ജോസഫിന്റെ മരണവുമായി ബന്ധപ്പെട്ടു സസ്പെൻഷൻ നേരിടുന്ന ഉദ്യോഗസ്ഥനാണ് ഷിബു. .ഭർത്താവിനെ തന്റെ വീട്ടുകാർ തട്ടിക്കൊണ്ടുപോയ കാര്യം ചൂണ്ടിക്കാട്ടി പരാതി നൽകാനെത്തിയ കെവിന്റെ ഭാര്യ നീനുവിനെ എസ്ഐ ഷിബു അവഗണിക്കുകയാായിരുന്നു. ജില്ലയിൽ മുഖ്യമന്ത്രി വരുന്നുണ്ട്. ആ സുരക്ഷ കഴിഞ്ഞ് അന്വേഷിക്കാമെന്നായിരുന്നു എസ്ഐ പറഞ്ഞത്.
കോട്ടയം ജില്ലയിൽ ഹർത്താൽ
സംഭവത്തില്‍ പ്രതിഷേധിച്ച് കോട്ടയം ജില്ലയില്‍ ചൊവ്വാഴ്ച യുഡിഎഫും ബിജെപിയും ഹര്‍ത്താല്‍ പ്രഖ്യാപിച്ചിട്ടുണ്ട്. അതിനിടെ, അന്വേഷണം വൈകിപ്പിച്ച ഗാന്ധിനഗര്‍ പോലീസ് സ്റ്റേഷനിലേക്ക് കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് അടക്കമുള്ള സംഘടനകള്‍ പ്രതിഷേധ മാര്‍ച്ച് നടത്തി. സ്റ്റേഷന് മുമ്പില്‍ കോട്ടയം എംഎല്‍എ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ നേതൃത്വത്തില്‍ കുത്തിയിരിപ്പ് സമരം നടത്തിയിരുന്നു. ഗാന്ധിനഗർ പോലീസ് സ്റ്റേഷന‍് മുന്നിൽ നടന്ന പ്രതിപക്ഷത്തിന്റെ പ്രതിഷേധത്തിനിടെ സംഭവത്തിനിടെ യൂത്ത് കോൺഗ്രസ്സ് പ്രവർത്തകർ എസ്പി മുഹമ്മദ് റഫീഖിനെ കയ്യേറ്റം ചെയ്തു.
പ്രതിപക്ഷ പ്രതിഷേധം
പ്രണയവിവാഹത്തിന്റെ പേരിൽ യുവതിയുടെ ബന്ധുക്കൾ തട്ടികൊണ്ട് പോയ കെവിൻ പി. ജോസഫിന്റെ മൃതദേഹം ഇന്ന് ചാലിയക്കർ തോട്ടിൽ നിന്നും കണ്ടെത്തുകയായിരുന്നു. ഇതേ തുടർന്നാണ് പ്രതിപക്ഷം പ്രതിഷേധം ആരംഭിച്ചത്. പൊലീസിന്റെ നിരുത്തരവാദപരമായ സമീപനത്തിനെതിരെ കർശന നടപടിയെടുക്കണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. ചെങ്ങന്നൂരിലെ ഉപതെരഞ്ഞെടുപ്പ് തിരക്കുകൾ മാറ്റി വെച്ച് കൊണ്ടാണ് പ്രതിപക്ഷത്തെ പ്രമുഖ നേതാക്കൾ ഗാന്ധിനഗറിൽ എത്തിയത്.
കൊലപാതകം സിപിഎം അറിവോടെ
പ്രണയവിവാഹത്തിന്റെ പേരിൽ കൊല ചെയ്യപ്പെട്ട കോട്ടയം സ്വദേശി കെവിൻ പി. ജോസഫിന്റെ കൊലപാതകം സിപിഎം അറിവോടെയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചിരുന്നു. കെവിനെ തട്ടിക്കൊണ്ട് പോയ വാഹനം ഓടിച്ചത് ഡി.വൈ.എഫ് ഐ നേതാവും ഇടമൺ യൂണിറ്റ് സെക്രട്ടറിയുമായ നിയാസാണെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഘത്തിലെ മറ്റു പലർക്കും ഡിവൈഎഫ്ഐ ബന്ധമുണ്ടെന്നാണ് കോൺഗ്രസ്സ് ആരോപിക്കുന്നത്.
ഒന്നിച്ച് ജീവിക്കാൻ സാഹചര്യമൊരുക്കി
അതേസമയം ഡിവൈഎഫ്ഐക്കെതിരെ അരോപണം ഉയരുന്ന സാഹചര്യത്തിൽ കോട്ടയത്ത് നിന്ന് ഭാര്യാവീട്ടുകാര്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കെവിനും ഭാര്യ നീനു ചാക്കോയ്ക്കും ഒന്നിച്ച് ജീവിക്കാനുള്ള സഹായമൊരുക്കിയത് ഡിവൈഎഫ്‌ഐ ആണെന്ന വാദവുമായി ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എം സ്വരാജ് രംഗത്ത് വന്നു. സംഭവത്തിലെ പ്രധാനപ്രതിയും വധുവിന്റെ സഹോദരനുമായ ഷാനു ചാക്കോ യൂത്ത് കോണ്‍ഗ്രസിന്റെ നേതാവായിരുന്നു. ഇയാള്‍ വിദേശത്തേക്ക് ജോലി തേടി പോകുന്നതുവരെയും യൂത്ത് കോണ്‍ഗ്രസിന്റെ സജീവ നേതൃത്വത്തിലുണ്ടായിരുന്നു. വാഹനമോടിച്ചിരുന്ന ആളിന്റെ രാഷ്ട്രീയം പറയുന്നവര്‍, മുഖ്യപ്രതിയുടെ രാഷ്ട്രീയം പറയാതിരിക്കുന്നത് രാഷ്ട്രീയ താല്‍പര്യം വച്ചുമാത്രമാണെന്നും അദ്ദേഹം പറഞ്ഞു. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
കെവിൻ സിപിഎം അനുഭാവി
കൃത്യത്തില്‍ പങ്കെടുത്തവരെല്ലാം വധുവിന്റെ ബന്ധുക്കള്‍ മാത്രമാണ്. കെവിന്‍ സിപിഎം അനുഭാവി കുടുംബാംഗമാണ്. കെവിന്റെ പിതാവിന്റെ സഹോദരന്‍ ബൈജി സിപിഎം ബ്രാഞ്ച് സെക്രട്ടറിയുമാണ്. സ്റ്റേഷനില്‍ ഹാജരാകേണ്ട സമയത്ത് കെവിനും വധുവിനും സഹായമായി പ്രവര്‍ത്തിച്ചത് ഡിവൈഎഫ്ഐയുടെ ഏറ്റുമാനൂര്‍ ബ്ലോക്ക് സെക്രട്ടറി ശ്രീമോനും മുന്‍ ഡിവൈഎഫ്ഐ നേതാവും സിപിഎം കുമാരനല്ലൂര്‍ വെസ്റ്റ് ലോക്കല്‍ സെക്രട്ടറിയുമായ പി.എം.സുരേഷുമാണ്. സ്റ്റേഷന് പുറത്തുവെച്ച് വധുവിന്റെ പിതാവ് മകളെ കൈയേ റ്റം ചെയ്യാന്‍ ശ്രമിക്കുകയും വലിച്ചിഴച്ച് കാറില്‍ കയറ്റുവാന്‍ ശ്രമിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇതിനെ പ്രതിരോധിക്കുകയും ഇവര്‍ക്കാവശ്യമായ സംരക്ഷണം നല്‍കാനും പ്രദേശത്തെ ഡിവൈഎഫ്ഐ -സിപിഎം പ്രവര്‍ത്തകരായിരുന്നു വെന്നാണ് ഡിവൈഎഫ്ഐയുടെ വാദം.
മതരഹിതവും ജാതിരഹിതവുമായ വിവാഹം
കോട്ടയത്തെ ഡിവൈഎഫ്ഐയുടെ ഇടപെടലും ഇരകള്‍ക്ക് നല്‍കിയ സഹായവും ബോധപൂര്‍വ്വം തമസ്‌കരിക്കുകയും ബന്ധുവെന്ന നിലയില്‍ കൃത്യത്തില്‍ പങ്കെടുത്ത ഒരാളുടെ ഡിവൈഎഫ്ഐ ബന്ധത്തെ ഉയര്‍ത്തിക്കാട്ടുകയും ചെയ്യുന്നത് മാധ്യമ ധര്‍മ്മത്തിന് ചേര്‍ന്നതല്ല. ഇത്തരം പ്രവണതകള്‍ക്കെതിരെ എക്കാലവും യുദ്ധം പ്രഖ്യാപിച്ചിട്ടുള്ള സംഘടനയാണ് ഡിവൈഎഫ്ഐ മതരഹിതവും ജാതിരഹിതവുമായ വിവാഹത്തിലൂടെ ഏറെ മാതൃകയായിട്ടുള്ളതും ഡിവൈഎഫ്ഐ പ്രവര്‍ത്തകരാണ്. ഇത്തരം വിവാഹങ്ങളെ പ്രോത്സാഹിപ്പിക്കുകയും നിയമപരമായ സഹായങ്ങള്‍ ചെയ്യുകയും ചെയ്യുന്നത് ഡിവൈഎഫ്ഐയുടെ കടമയാണെന്നും ഡിവൈഎഫ് പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നു.