മുംബൈ: ഇന്ത്യന്‍ സിനിമയിലെ പ്രണയ ജോഡികള്‍ എന്ന് പെട്ടന്ന് പറഞ്ഞാല്‍ ഏവര്‍ക്കും ഒരുപോലെ മനസില്‍ ഓടിയെത്തുന്നത് ബോളിവുഡ് താരങ്ങളായ ഷാറുഖ് ഖാന്റെയും കജോളിന്റെയും മുഖമാണ്. ഇവര്‍ ഒന്നിച്ചഭിനയിച്ച ഹിറ്റ് ചിത്രം ദില്‍വാലേ ദുല്‍ഹനിയ ലേ ജായേംഗെ ഇന്നും പ്രണയം ഉള്ളില്‍ കൊണ്ടു നടക്കുന്ന ഏവര്‍ക്കും മായാത്ത ഓര്‍മ്മയാണ്. ബിഗ് സ്‌ക്രീനില്‍ ചിത്രം കാണാത്ത ആരും തന്നെ അധികമുണ്ടാകില്ലെന്ന് ഉറപ്പിച്ച് പറയാം.
മുംബൈയിലെ മറാഠാ മന്ദിര്‍ തിയേറ്ററില്‍ ചിത്രം 1200 ആഴ്‌ച്ച പിന്നിട്ടു എന്ന റെക്കോര്‍ഡും ഇപ്പോള്‍ ചിത്രത്തിന് സ്വന്തമാവുകയാണ്. ഷാറുഖും കജോളും അവതരിപ്പിച്ച രാജും സിമ്രനും എന്ന പ്രണയ ജോഡികള്‍ നിര്‍ത്താതെ ' പ്രണയിച്ചു' കൊണ്ടിരിക്കുകയാണ്. വെള്ളിത്തിരയിലെ പ്രണയത്തിന്റെ വിസ്മയം അവിരാമം തുടരുന്നതിന്റെ ആഹ്ലാദം ഷാറുഖും കജോളും ട്വിറ്ററില്‍ പങ്കിട്ടു.
23 വര്‍ഷം മുന്‍പ് ആരംഭിച്ച്, ഇപ്പോഴും തുടരുന്ന അവിസ്മരണീയ യാത്രയാണിതെന്ന് ഷാറുഖ് കുറിച്ചു. ആദിത്യ ചോപ്ര സംവിധാനം ചെയ്ത സിനിമ 1995 ഒക്ടോബര്‍ 20നാണു റിലീസ് ചെയ്തത്. മുംബൈ സെന്‍ട്രല്‍ സ്റ്റേഷനു സമീപമുള്ള മറാഠ മന്ദിറില്‍ രാവിലെ 11.30നുള്ള ഷോയാണു തുടരുന്നത്.
ബാല്‍ക്കണി നിരക്ക് 25 രൂപ. വിദേശ മാധ്യമങ്ങളിലും ഇപ്പോള്‍ ചര്‍ച്ച ദില്‍വാലേയുടെ ചരിത്ര ഓട്ടമാണ്. ദിവസവും ചിത്രം കാണാന്‍ എത്തുന്ന സഞ്ചാരികള്‍ അടക്കമുള്ളവരുടെ എണ്ണവും വര്‍ധിച്ച് വരികയാണ്.