ഇന്നലെ അദ്നാന് യാനുസായി നേടിയ ഗോളില്‍ ബെല്‍ജിയം ഇംഗ്ലണ്ടിനെ ഒരു ഗോളിന് തോല്‍പ്പിച്ചു എങ്കിലും മത്സരത്തില്‍ താരമായത് ഒരു ടീനേജര്‍ ആയിരുന്നു, ലിവര്‍പൂളിന്റെ പത്തൊന്‍പത് വയസുകാരനായ ട്രെന്റ് അലക്സാണ്ടര്‍ അര്‍ണോള്‍ഡ്. എട്ട് മാറ്റങ്ങളുമായി ഇറങ്ങിയ ഇംഗ്ലണ്ട് നിരയില്‍ അര്‍ണോള്‍ഡിനു ലോകകപ്പ് അരങ്ങേറ്റത്തിന് അവസരം നല്‍കുകയായിരുന്നു സൗത്ഗേറ്റ്.
സൗത്ഗേറ്റ് നിരത്തിലിറക്കിയ 5-3-2 ഫോര്‍മേഷനില്‍ റൈറ്റ് വിങ്ങില്‍ ആയിരുന്നു അര്‍ണോള്‍ഡിനു സ്ഥാനം, ലിവര്‍പൂളില്‍ തിളങ്ങിയ അതെ പൊസിഷനില്‍ തിളങ്ങാന്‍ അര്‍ണോള്‍ഡിനു ബുദ്ധിമുട്ടുണ്ടായിരുന്നില്ല. മത്സരത്തില്‍ ഉടനീളം 76 ടച്ചുകള്‍ സ്വന്തമാക്കിയ അര്‍ണോള്‍ഡ് 89% പാസുകളും പൂര്‍ത്തിയാക്കി. നൂറു ശതമാനം ടാക്കിളുകളും ഏരിയാല്‍ ഡ്യൂവല്സും വിജയിച്ച അര്‍ണോള്‍ഡ് 10 ക്രോസുകളും നല്കി. 78ആം മിനിറ്റില്‍ സൗത്ഗേറ്റ് താരത്തെ പിന്‍വലിച്ചു എങ്കിലും ഏല്പിച്ച ജോലി പൂര്‍ത്തിയാക്കി തന്നെയാണ് അര്‍ണോള്‍ഡ് കളം വിട്ടത്.