• Thursday, November 28, 2024
  • A biweekly newspaper published from philadelphia , pa.
Malayalam Vartha US
Blog single photo

ഇംപീച്ച്‌മെന്റ് നോട്ടീസ് തള്ളിയതില്‍ വിശദീകരണവുമായി വെങ്കയ്യ നായിഡു

സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്‌ക്കെതിരായ ഇംപീച്ച്‌മെന്റ് നോട്ടീസ് തള്ളിയതില്‍ വിശദീകരണവുമായി ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു.

പ്രതിപക്ഷം നല്‍കിയ ഇംപീച്ച്‌മെന്റ് നോട്ടീസ് താന്‍ തള്ളിയത് ഉചിതമായ തീരുമാനമായിരുന്നു. തീരുമാനം തിരക്കിട്ട് കൈക്കൊണ്ടതല്ല. വേണ്ടത്ര ആലോചനയ്ക്ക് ശേഷം എടുത്തതായിരുന്നു നോട്ടീസ് തള്ളാനുള്ള തീരുമാനമെന്നും നായിഡു പറഞ്ഞു.

1968ലെ ജഡ്ജസ് നിയമത്തിന്റെ പരിധിയില്‍ നിന്നുകൊണ്ടുള്ള തീരുമാനമായിരുന്നു അത്. സുപ്രീംകോടതിയിലെ 10 അഭിഭാഷകരുമായും താന്‍ ചര്‍ച്ച നടത്തിയിരുന്നു. രാജ്യസഭാ ഉപാദ്ധ്യക്ഷന്റെ പദവി എന്നത് കേവലം ഒരു പദവി മാത്രമല്ല,​ മറിച്ച്‌ ഭരണഘടനാപരമായ പദവിയാണെന്നും നായിഡു ചൂണ്ടിക്കാട്ടി 

ഭരണഘടന പ്രകാരമാണ് നോട്ടീസ് തള്ളാനുള്ള തീരുമാനം എടുത്തത്. ഞാന്‍ എന്റെ കര്‍ത്തവ്യമാണ് നിറവേറ്റിയത്. അതില്‍ ഞാന്‍ തൃപ്തനാണെന്നും നോട്ടീസ് തള്ളിയ നടപടിയെ അഭിനന്ദിക്കാന്‍ എത്തിയ സുപ്രീം കോടതി അഭിഭാഷകരോട് നായിഡു വ്യക്തമാക്കി. 

കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ഏഴ് പ്രതിപക്ഷ പാര്‍ട്ടികള്‍ ചേര്‍ന്ന് സമര്‍പ്പിച്ച ഇംപീച്ച്‌മെന്റ് നോട്ടീസ് ഇന്നലെയാണ് രാജ്യസഭാ ചെയര്‍മാന്‍ കൂടിയായ ഉപരാഷ്ട്രപതി തള്ളിയത്.

Top