ആലത്തൂര്‍ ലോക്‌സഭ മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ഥി രമ്യ ഹരിദാസിന്‍െറ പ്രചരണ രീതിയെ വിമര്‍ശിച്ചതുമായി ബന്ധപ്പെട്ട് തുടങ്ങിയ വിവാദങ്ങള്‍ കത്തിപടര്‍ന്നതോടെ വാദപ്രതിവാദങ്ങളില്‍ നിന്ന് താന്‍ സ്വയം പിന്‍വാങ്ങുകയാണെന്ന് അറിയിച്ച് അധ്യാപികയും കവയത്രിയുമായ ദീപ നിശാന്ത്. തന്‍െറ രാഷ്‌ട്രീയ കാഴ്‌ചപ്പാടുകളെ കുറിച്ചും അനുഭവിച്ച ആത്മസംഘര്‍ഷങ്ങളെ കുറിച്ചും ഫേസ്‌ബുക്ക് പേജില്‍ വിശദമായി കുറിച്ചുകൊണ്ടാണ് ദീപ നിശാന്ത് നിലപാട് വ്യക്തമാക്കിയത്.
താനൊരു പാര്‍ട്ടികുടുംബത്തില്‍ നിന്ന് വരുന്ന ആളല്ലെന്നും ഒരുതരത്തിലുള്ള രാഷ്ട്രീയ പാരമ്പര്യവും എവിടെയും അവകാശപ്പെട്ടിട്ടില്ലെന്നും ദീപ വ്യക്തമാക്കി. കേരളത്തിലെ ബഹുഭൂരിപക്ഷം കുടുംബങ്ങളേയും പോലെതന്നെ വീട്ടിലേക്ക് വോട്ടു ചോദിക്കാന്‍ വരുന്ന എല്ലാ പാര്‍ട്ടിക്കാരെയും ചിരിച്ച് സ്വീകരിക്കുന്ന, തെരഞ്ഞെടുപ്പ് വരുമ്പോള്‍ ഇഷ്ടമുള്ള വ്യക്തികള്‍ക്ക് വോട്ട് രേഖപ്പെടുത്തുന്ന അരാഷ്ട്രീയ ചുറ്റുപാടിലാണ് വളര്‍ന്നത്. താനൊരു സമരത്തിലും പങ്കെടുത്തിട്ടില്ലെന്നും വ്യക്തിപരമായ സംഘര്‍ഷത്തിനപ്പുറം ഒരു സാമൂഹിക സംഘര്‍ഷത്തിലും ഭാഗഭാക്കായിട്ടില്ലെന്നും ദീപ വ്യക്തമാക്കുന്നു.
ഉറക്കെയുറക്കെ മുദ്രാവാക്യം വിളിക്കാനും തല്ലും കല്ലേറും കൊള്ളാനും പുറത്താക്കപ്പെടാനും മറ്റു കുട്ടികളുടെ ആവശ്യത്തിന് ഓടി നടക്കാനും കലോത്സവങ്ങളില്‍ ഉറക്കമിളയ്‌ക്കാനും സ്‌റ്റേജിന്‍െറ പിന്നാമ്പുറങ്ങളില്‍ കത്തുന്ന വയറിനെ വകവെക്കാതെ പാഞ്ഞുനടക്കാനും ഞാന്‍ മിനക്കെട്ടില്ല. ആ എന്നെ ഏറ്റവുമധികം വെറുക്കുന്നത് ഞാന്‍ തന്നെയാണ്. ചുറ്റുമുള്ളവര്‍ക്ക് എത്ര പ്രിയപ്പെട്ടവളായിരുന്നാലും ആ അരാഷ്ട്രീയ കാലഘട്ടം ഇന്നും ദേഹത്തിഴയുന്ന തേരട്ടയാണ്. രാഷ്ട്രീയം പടിക്കു പുറത്ത് നിര്‍ത്തേണ്ടുന്ന സംഗതിയാണെന്ന് വിശ്വസിക്കുന്ന ധാരാളം ആളുകള്‍ ഇപ്പോഴും വീട്ടിലുണ്ടെന്നും ദീപ പറയുന്നു.
രാഷ്ട്രീയം സംസാരിച്ചു തുടങ്ങിയതു മുതല്‍ താന്‍ നേരിട്ട ഓഡിറ്റിംഗ് അതിഭീകരമാണ്. 2015 ഒക്ടോബര്‍ ആദ്യവാരം മുതലാണ് ഞാന്‍ മാധ്യമങ്ങള്‍ക്ക് 'വിഭവ'മായത്. എനിക്ക് പറയാന്‍ വെയിലു കൊണ്ടതിന്റെ കണക്കില്ല. എന്‍െറ എഴുത്ത് രാഷ്ട്രീയമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. കൃത്യമായി തിരഞ്ഞെടുപ്പുചട്ടങ്ങള്‍ നിലനില്‍ക്കുന്ന ഒരു നാട്ടില്‍, പ്രചരണായുധമാക്കരുതെന്ന് കര്‍ശന താക്കീതുള്ള ഒരു വിശ്വാസത്തിന്‍െറ പേരും പറഞ്ഞ് വോട്ടഭ്യര്‍ത്ഥന നടത്തിയതിനെതിരെയാണ് ഞാന്‍ പറഞ്ഞത്. വസ്‌തുതാപരമായ ഒരു പിഴവാണ് ചൂണ്ടിക്കാട്ടിയത്. മറ്റെല്ലാം ആരോപിതാര്‍ത്ഥങ്ങളും വ്യാഖ്യാനങ്ങളുമാണെന്നും അത് തുടരേണ്ടവര്‍ക്ക് തുടരാമെന്നും താന്‍ ഈ കളിയില്‍ നിന്ന് പിന്‍വാങ്ങുകയാണെന്നുമാണ് ദീപ നിശാന്ത് കുറിച്ചത്.