ശ്രീനഗര്‍: ( 16.04.2018) തന്റെ ജീവന് ഭീഷണിയുണ്ടെന്ന് ആസിഫയുടെ അഭിഭാഷക ദീപിക എസ് രജാവത്. താന്‍ ലൈംഗീക പീഡനത്തിനിരയാവുകയോ കൊല്ലപ്പെടുകയോ ചെയ്‌തേക്കാമെന്നും ദീപിക പറഞ്ഞു. തന്റെ ജീവന് ഭീഷണിയുള്ള കാര്യം രേഖാമൂലം സുപ്രീം കോടതിയെ അറിയിക്കുമെന്നും അവര്‍ പറഞ്ഞു. ന്യൂസ് ഏജന്‍സിയായ എ എന്‍ ഐയോട് സംസാരിക്കുകയായിരുന്നു ദീപിക.
ഞാന്‍ ജീവനോടെ ഉണ്ടാകുമോ എന്ന് പോലും എനിക്കറിയില്ല. ഞാന്‍ ലൈംഗീകപീഡനത്തിനിരയായേക്കാം, മാനഭംഗത്തിനിരയായേക്കാം, ചിലപ്പോള്‍ കൊല്ലപ്പെട്ടേക്കാം. നിനക്ക് മാപ്പില്ലെന്ന, നിന്നോട് ഞങ്ങള്‍ ക്ഷമിക്കില്ലെന്ന ഭീഷണികളാണ് എവിടേയും. ഞാന്‍ അപകടത്തിലാണെന്ന് സുപ്രീം കോടതിയെ ഞാനറിയിക്കും- ദീപിക പറയുന്നു.
അതിദാരുണമായ രീതിയില്‍ കാതുവയിലെ ഒരു ക്ഷേത്രത്തില്‍ കൂട്ടലൈംഗീകപീഡനത്തിനിരയാക്കി കൊലപ്പെടുത്തിയ ആസിഫയെന്ന എട്ട് വയസുകാരിയുടെ അഭിഭാഷകയാണ് ദീപിക രജാവത് എന്ന കശ്മീരി പണ്ഡിറ്റ്. കേസില്‍ എട്ട് പേര്‍ പ്രതികളാണ്. ഒരു പ്രതിക്ക് പ്രായപൂര്‍ത്തിയായിട്ടില്ല. ഇയാളാണ് ആസിഫയെ തടഞ്ഞുവെച്ചത്. ശേഷം ക്ഷേത്രത്തിലെത്തിച്ച് ആസിഫയെ മയക്കുമരുന്ന് നല്‍കി മയക്കി അതിക്രൂരമായി ലൈംഗീകപീഡനത്തിനിരയാക്കുകയായിരുന്നു.
ഇതിനിടെ കേസില്‍ കൂടുതല്‍ സമയം അനുവദിക്കണമെന്നാവശ്യപ്പെട്ട് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ അഞ്ചംഗ സമിതി ഇന്ന് ഹര്‍ജി നല്‍കും.
ബാര്‍ കൗണ്‍സില്‍ മേധാവി തരുണ്‍ അഗര്‍വാള്‍, ബിസിസി കോ ചെയര്‍മാന്മാരായ എസ് പ്രഭാകരന്‍, രാമചന്ദ്ര ജി ഷാ, അംഗങ്ങളായ റസിയ ബീഗം, നരേഷ് ദീക്ഷിത് എന്നിവരാണ് അഞ്ചംഗ സമിതിയിലുള്ളത്.