ന്യുഡല്‍ഹി: സ്വകാര്യ സ്‌കൂളുകളുടെ ഫീസ് കൊള്ളയ്ക്ക് തടയിടാനൊരുങ്ങി ഡല്‍ഹി സര്‍ക്കാര്‍. വിദ്യാര്‍ത്ഥികളില്‍ നിന്ന് അമിതമായി ഈടാക്കിയ ഫീസ് ഒന്‍പത് ശതമാനം പലിശയും ചേര്‍ത്ത് സര്‍ക്കാരിലേക്ക് അടയ്ക്കണമെന്ന് മുഖ്യമന്ത്രി കെജ്‌രിവാര്‍ നിര്‍ദ്ദേശം നല്‍കി. 575 സ്വകാര്യ സ്‌കൂളുകള്‍ക്കാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയത്. അടുത്ത ഏഴ് ദിവസത്തിനകം തുക തിരിച്ചടയ്ക്കണം.
ആറാം ശമ്ബള കമ്മീഷന്‍ അനുസരിച്ചുള്ള ശമ്ബളം അധ്യാപകര്‍ക്ക് നല്‍കാന്‍ ഈ തുക ഉപയോഗിക്കും. 2016 ജൂണ്‍ മുതല്‍ 2018 ജനുവരി വരെ ഈടാക്കിയ അധിക ഫീസിന് 9 ശതമാനം പലിശ നല്‍കാനാണ് നിര്‍ദ്ദേശം. അമിതമായി പണം ഈടാക്കുന്ന സ്വകാര്യ സ്‌കൂളുകളെ നിയന്ത്രിക്കുന്നതിനുള്ള ഹൈക്കോടതി ഇടപെടലിന് പിന്നാലെയാണ് സര്‍ക്കാര്‍ നടപടി തുടങ്ങിയത്.
1169 സ്‌കൂളുകളുടെ കണക്കുകള്‍ ഇതുവരെ ഹൈക്കോടതി നിയമിച്ച സമിതി ഓഡിറ്റ് ചെയ്തു. ഇതില്‍ കണ്ടെത്തിയ 575 സ്‌കൂളുകള്‍ക്കാണ് ഫീസ് തിരികെ നല്‍കാന്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ഫീസ് തിരിച്ചടയ്ക്കുന്നതില്‍ വീഴ്ച വരുത്തിയാല്‍ സ്‌കൂളിന്റെ അംഗീകാരം റദ്ദാക്കുന്നത് അടക്കമുള്ള നടപടികള്‍ സ്വീകരിക്കും.
സാമ്ബത്തികമായി പിന്നോക്കം നില്‍ക്കുന്നവരുടെ വിഭാഗത്തില്‍ പ്രവേശനം നേടിയ വിദ്യാര്‍ത്ഥിക്ക് സൗജന്യ യൂണിഫോം നല്‍കാതിരുന്ന സ്വകാര്യ സ്‌കൂളിന്റെ അംഗീകാരം അടുത്തിടെ റദ്ദാക്കിയിരുന്നു.