തിരുവനന്തപുരം ജില്ലയിലെ 65 ശതമാനം കുട്ടികള്‍ക്ക് ഡെങ്കിപ്പനിയുടെ അണുബാധയുണ്ടായതായുള്ള കണ്ടെത്തല്‍ ഞെട്ടിപ്പിക്കുന്നതാണ്. കൊല്ലം, കോഴിക്കോട് ജില്ലകളില്‍ പരിശോധന പൂര്‍ത്തിയാകുന്നതിനു മുന്‍പുതന്നെ 20 മുതല്‍ 30 ശതമാനംവരെ അണുബാധ കണ്ടെത്താനായത് ഇതിന്റെ വ്യാപനത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. മുതിര്‍ന്നവരിലും പരിശോധന നടന്നാല്‍ വലിയ വ്യത്യാസം ഫലത്തില്‍ ഉണ്ടാകില്ലെന്നാണ് വിദഗ്‌ധരുടെ വിലയിരുത്തല്‍.
പൊതുജനാരോഗ്യത്തില്‍ ലോകത്തിനു മാതൃകയാണ് കേരളം. പലയിടത്തും നാം ഇത് അഭിമാനപൂര്‍വം ഉയര്‍ത്തിപ്പിടിക്കാറുണ്ട്. കഴിഞ്ഞ കുറച്ചുകാലമായി കേരളത്തില്‍ എല്ലാവര്‍ഷവും ഡെങ്കിപ്പനി ബാധയുണ്ടാകുന്നുണ്ട്. അണുക്കള്‍ക്ക് ജനിതകമാറ്റം സംഭവിക്കാന്‍ ഇത് കാരണമാകും. വീണ്ടും പനി വന്നാല്‍ ഏതുതലമുറ അണുക്കളാണ് ശരീരത്തിലെത്തുകയെന്ന് നിശ്ചയിക്കാനാകില്ല. ഇത് സ്ഥിതി അതിഗുരുതരമാക്കും. കുട്ടികളില്‍ അണുബാധയുണ്ടായെന്നതും ചിന്തനീയമാണ്. ഇവര്‍ക്ക് വീണ്ടും ഡെങ്കിപ്പനി വന്നാല്‍ രക്തസ്രാവത്തിനും രക്തസമ്മര്‍ദം താഴാനും കാരണമാകാം. ജീവനുതന്നെ ഭീഷണിയാണ് രണ്ടവസ്ഥയും. മുതിര്‍ന്നവരെക്കാള്‍ അണുബാധ പ്രതിരോധശേഷി കുട്ടികളില്‍ കുറവാണെന്നതാകാം ഉയര്‍ന്ന നിരക്കിന്റെ കാരണമെന്ന വാദവുമുണ്ട്.
ഇതിനിടെ വെസ്റ്റ്‌നൈല്‍ വൈറസ് ബാധ മലപ്പുറത്ത് കണ്ടെത്തിയെന്ന വാര്‍ത്തയും അസ്വസ്ഥതയുണ്ടാക്കുന്നതാണ്. രോഗബാധ കൂടുതല്‍ വ്യാപകമല്ലെയെന്നത് ആശ്വാസകരമാണെങ്കിലും ഇവ ചില സൂചനകളാണെന്ന് മനസ്സിലാക്കേണ്ടതുണ്ട്. ഡെങ്കിപ്പനി അടക്കമുള്ള രോഗങ്ങളുടെ കാര്യത്തില്‍ കണക്കെടുപ്പാണ് നിത്യേനയെന്നോണം നടക്കുന്ന പ്രവര്‍ത്തനം. സ്വകാര്യാശുപത്രികളിലെ കണക്ക് കൃത്യമായ ലഭിക്കാത്തത് പലപ്പോഴും ഇവയുടെ കൃത്യതയെത്തന്നെ ചോദ്യം ചെയ്യുന്നതാണ്.
കേരളത്തില്‍ രോഗത്തിന് കാരണമാകുന്ന നിരവധി വൈറസുകളുണ്ട്, ആവശ്യത്തിലധികം കൊതുകുകളുമുണ്ട്, രോഗം പടര്‍ന്നുപിടിക്കാന്‍ പാകത്തിലുള്ള സാഹചര്യങ്ങളും ഏറെയാണ്. ആരോഗ്യവകുപ്പ് തനിയെ വിചാരിച്ചാല്‍ വെല്ലുവിളി തരണം ചെയ്യാനാകില്ല. ആരോഗ്യകാര്യത്തില്‍ ഇന്നുവരെ കേരളം വിജയിച്ച എല്ലാ മാതൃകകളും ഊര്‍ജിതവും ദീര്‍ഘകാലാടിസ്ഥാനത്തിലുള്ളതും സമഗ്രവുമായ പ്രവര്‍ത്തനങ്ങളായിരുന്നു. അഴുക്കുചാലുകളും അടിഞ്ഞുകിടക്കുന്ന മാലിന്യവുമാണ് ഇത്തരം രോഗങ്ങളുടെ അടിസ്ഥാന കാരണം. അതുകൊണ്ടുതന്നെ ആരോഗ്യ, തദ്ദേശ സ്വയംഭരണ വകുപ്പുകളും ഏകോപനവും ഒരുമിച്ചുള്ള പ്രവര്‍ത്തനവും അനിവാര്യമാണ്. നിപയെ പടികടത്തുന്നതിലൂടെ ലോകത്തിനുപോലും വഴികാട്ടിയായിത്തീര്‍ന്ന മലയാളിക്ക് അപ്രാപ്യമല്ല, ഇതും. ആ വഴിക്കുള്ള ശ്രമങ്ങളും ആലോചനകളും അമാന്തിക്കരുതെന്ന് മാത്രം.