ഇന്ത്യന്‍ ദന്തഡോക്ടറെ കുത്തിക്കൊന്ന് മൃതദേഹം സ്യൂട്ട്‌കേയ്‌സിലാക്കിയ മുന്‍ കാമുകന്‍ ജീവനൊടുക്കി. ഓസ്‌ട്രേലിയയില്‍ ആണ് സംഭവം. 32കാരിയായ പ്രീതി റെഡ്ഡിയെയാണു മരിച്ച നിലയില്‍ കണ്ടെത്തിയത്. കുറച്ചു ദിവസങ്ങള്‍ക്കു മുന്‍പ് സിഡ്‌നിയില്‍നിന്ന് ഇവരെ കാണാതായിരുന്നു. സ്വന്തം കാറില്‍ ഒരു സ്യൂട്ട്‌കേയ്‌സില്‍ കുത്തിനിറച്ച രീതിയിലാണ് മൃതദേഹം കണ്ടെത്തിയത്.
കിഴക്കന്‍ സിഡ്‌നിയില്‍ പാര്‍ക്ക് ചെയ്‌ത നിലയിലായിരുന്നു കാര്‍ കണ്ടെത്തിയതെന്ന് ന്യൂ സൗത്ത് വെയില്‍സ് പൊലീസ് പറഞ്ഞു. പ്രീതിയുടെ മൃതദേഹം കണ്ടെത്തുന്നതിന് ഒരു ദിവസം മുന്‍പ് മുന്‍ കാമുകന്‍ ഡോ. ഹര്‍ഷവര്‍ധന്‍ ഒരു വാഹനാപകടത്തില്‍ മരിച്ചു. ഹര്‍ഷവര്‍ധന്‍ ഓടിച്ചിരുന്ന ബിഎംഡബ്ല്യു കാര്‍ മറ്റൊരു വാഹനത്തിനു നേരെ ഇടിച്ചു കയറ്റുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഹര്‍ഷവര്‍ധനും ഓസ്‌ട്രേലിയയില്‍ ദന്തഡോക്ടറായിരുന്നു. ഇയാളുടെ മരണത്തിനു മുന്‍പ് പ്രീതിയുടെ തിരോധാനത്തെക്കുറിച്ചു പൊലീസ് ഹര്‍ഷവര്‍ധനുമായി സംസാരിച്ചിരുന്നു.
മൃതദേഹത്തില്‍ നിരവധി തവണ കുത്തേറ്റതിന്റെ പാടുകളുണ്ട്. അതേസമയം പ്രീതിയും മുന്‍ കാമുകനും സിഡ്‌നിയിലെ ഹോട്ടലില്‍ താമസിച്ചിരുന്നതായി പൊലീസ് പറഞ്ഞു. ദന്തചികില്‍സയുമായി ബന്ധപ്പെട്ട സമ്മേളനത്തില്‍ പങ്കെടുത്ത ശേഷം കഴിഞ്ഞ ഞായറാഴ്‌ച രാവിലെ 11നാണ് ഇവര്‍ കുടുംബവുമായി അവസാനം സംസാരിച്ചത്. പ്രഭാത ഭക്ഷണത്തിനു ശേഷം വീട്ടിലേക്കു തിരികെയെത്തുമെന്നാണ് പ്രീതി പറഞ്ഞിരുന്നത്. എന്നാല്‍ പ്രീതി തിരിച്ചെത്താതിരുന്നതോടെ കുടുംബം പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.