ശബരിമല: ആര്‍എസ്എസ് നേതാവ് വത്സന് തില്ലങ്കേരിക്കു പിന്നാലെ ദേവസ്വം ബോര്‍ഡ് അംഗം കെ.പി.ശങ്കര്‍ദാസും ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാംപടി കയറി. ഇതിന്റെ ദൃശ്യങ്ങള്‍ ഒരു ചാനല്‍ പുറത്തുവിട്ടു. ചിത്തിര ആട്ടത്തിരുനാള്‍ വിശേഷപൂജയ്ക്കായി ശബരിമല നട തുറന്നപ്പോഴാണ് ശങ്കര്‍ദാസ് ആചാരലംഘനം നടത്തിയത്.
ആര്‍എസ്എസ് നേതാവ് വത്സന് തില്ലങ്കേരിയും ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാംപടി കയറിയിരുന്നു. വത്സന് തില്ലങ്കേരി പതിനെട്ടാംപടിയില്‍ പുറംതിരിഞ്ഞുനിന്ന് പ്രസംഗിക്കുകയും ചെയ്തു. വത്സന് തില്ലങ്കേരി ആചാര ലംഘനം നടത്തിയെന്ന ആക്ഷേപം അന്വേഷിക്കുമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അറിയിച്ചു. ആചാരങ്ങള്‍ സംരക്ഷിക്കപ്പെടേണ്ടതാണെന്ന് കെ.പി. ശങ്കര്‍ദാസ് പറഞ്ഞു. ഇതിനു പിന്നാലെയാണ് ശങ്കര്‍ദാസും ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാം പടി കയറുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നത്.
ചൊവ്വാഴ്ച രാവിലെയാണു വത്സന് തില്ലങ്കേരി ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാം പടികയറിയത്. ചോറൂണിനെത്തിയ അന്‍പത് വയസ് കഴിഞ്ഞ സ്ത്രീകള്‍ക്കു നേരെ പ്രതിഷേധക്കാര്‍ സംഘടിച്ചപ്പോള്‍ പ്രവര്‍ത്തകരോട് ശാന്തമാകാന്‍ വത്സന് തില്ലങ്കേരി പോലീസിന്റെ മൈക്കിലൂടെ ആവശ്യപ്പെടുകയും ചെയ്തിരുന്നു.