ധര്‍മടം മണ്ഡലത്തില്‍ ഡിസിസി സെക്രട്ടറി സി. രഘുനാഥ് യുഡിഎഫ് സ്ഥാനാര്‍ത്ഥിയാകും. അദ്ദേഹം നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മയും ധര്‍മടത്ത് സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കുന്നുണ്ട്.
ആരാണ് സ്ഥാനാര്‍ഥിയെന്നറിയാതെ ഉഴറുകയായിരുന്നു ജില്ലയിലെ പാര്‍ട്ടിയും പ്രവര്‍ത്തകരും. കെ സുധാകരന്‍ മത്സരിക്കുമെന്ന് അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നവെങ്കിലും താന്‍ മത്സരത്തിനില്ലെന്ന് സുധാകരന്‍ വ്യക്തമാക്കിയിരുന്നു.
ധര്‍മടത്ത് മത്സരിക്കുന്നതിന് കോണ്‍ഗ്രസ് സാധ്യതാലിസ്റ്റില്‍ ഒന്നുരണ്ടു പേരേ തുടക്കത്തിലുണ്ടായിരുന്നുള്ളൂ. അവസാനം ഒന്നുമാത്രമായി. കെ.പി.സി.സി. വര്‍ക്കിങ് പ്രസിഡന്റ് കെ.സുധാകരനുള്‍പ്പെടെയുള്ളവര്‍ സി.രഘുനാഥിനെയാണ് പിന്തുണച്ചത്. ധര്‍മടത്തെ യുഡിഎഫ് സ്ഥാനാര്‍ഥി പ്രഖ്യാപനം നീളുന്നതില്‍ മണ്ഡലത്തിലെ പ്രാദേശിക കോണ്‍ഗ്രസ് നേതാക്കള്‍ പ്രതിഷേധവുമായായി രംഗത്തെത്തിയിരുന്നു.
വാളയാറില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച രണ്ട് കുട്ടികളുടെ അമ്മയും മുഖ്യമന്ത്രിക്കെതിരെ സ്വതന്ത്രയായി ധര്‍മടത്ത് മത്സരിക്കുന്നുണ്ട്. ഇവര്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു. വാളയാറിലെ അമ്മയെ യുഡിഎഫ് പിന്തുണയ്‌ക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
ധര്‍മടത്ത് എല്‍.ഡി.എഫ്. പ്രചാരണത്തിന് മുഖ്യമന്ത്രിതന്നെ തുടക്കമിട്ടുകഴിഞ്ഞു. ബി.ജെ.പി. സ്ഥാനാര്‍ഥി സി.കെ.പദ്‌മനാഭനും പ്രചാരണം തുടങ്ങിയിട്ടുണ്ട്.