• Thursday, November 28, 2024
  • A biweekly newspaper published from philadelphia , pa.
Malayalam Vartha US
Blog single photo

ആണുങ്ങളെ മുണ്ടുടുത്ത്‌ കാണാനാണിഷ്ടം, മടക്കിക്കുത്ത്‌ ചര്‍ച്ചയായി പോസ്റ്റ്‌

വിദ്യാര്‍ഥികള്‍ മുഖം മറയ്‌ക്കുന്ന വസ്‌ത്രങ്ങള്‍ ധരിക്കുന്നത്‌ എംഇഎസ്‌ കോളേജ്‌ നിരോധിച്ചത്‌ വലിയ ചര്‍ച്ചകള്‍ക്ക്‌ തുടക്കമിട്ടിരിക്കുകയാണ്‌, സമൂഹ മാധ്യമങ്ങളില്‍. അതിനെ ചുവടുപിടിച്ച്‌ അന്യപുരുഷന്‍മാര്‍ കാണുന്നുണ്ടെങ്കില്‍ സ്‌ത്രീകള്‍ നിര്‍ബന്ധമായും മുഖവസ്‌ത്രം ധരിക്കണമെന്ന സമസ്‌ത പ്രസിഡന്റ്‌ സയ്യിദ്‌ ജിഫ്രി മുത്തുകോയ തങ്ങളുടെ പ്രസ്‌താവനയും ചിലര്‍ വെച്ചലക്കി.

മതമായാലും മാനേജ്‌മെന്റായാലും കല്‍പനകള്‍ സ്‌ത്രീകളോടാണ്‌. അവരുടെ സഞ്ചാര സ്വാതന്ത്ര്യത്തോടും എന്ത്‌ ധരിക്കണമെന്ന തിരഞ്ഞെടുപ്പിനോടുമാണ്‌. സ്‌ത്രീകളുടെ മുഖത്തെ ലൈംഗികത ഉണര്‍ത്തുന്ന അവയവമായി ചുരുക്കുന്നതില്‍ രൂപപ്പെടുന്നതാണ്‌ ആ ശാസനകള്‍. ആ വേലിക്കെട്ടുകളെ സ്‌ത്രീകള്‍ തന്നെ പൊളിക്കേണ്ടതുണ്ടെന്ന ചര്‍ച്ചകള്‍ക്ക്‌ ശക്തമായ പിന്തുണയാണ്‌ സാമൂഹിക മാധ്യമങ്ങളില്‍ ഉയരുന്നത്‌.

സ്‌ത്രീകളുടെ വസ്‌ത്രത്തെ മതങ്ങളും കുടുംബവും നിയന്ത്രിക്കുമ്പോല്‍ പുരുഷന്റെ വസ്‌ത്രധാരണത്തിന്‌ ചട്ടങ്ങളോ നിയന്ത്രണങ്ങളോ കല്‍പനകളോ ഇല്ല. സ്‌ത്രീയുടെ മുഖം അന്യപുരുഷന്‍ കണ്ടാല്‍ കുഴപ്പമുണ്ടെങ്കില്‍ പുരുഷന്റെ കാലും തുടയും അന്യസ്‌ത്രീ കണ്ടാലും കുഴപ്പമുണ്ടെന്ന തരത്തില്‍ മാധ്യമപ്രവര്‍ത്തക ഹൈറുന്നീസ എഴുതിയ സര്‍ക്കാസ്റ്റിക്‌ പോസ്റ്റ്‌ വലിയ ചര്‍ച്ചയാണ്‌ ഉയര്‍ത്തിവിട്ടത്‌.

ഇതിനോടകം തന്നെ 500ലധികം ഷെയറുകള്‍ പോയ പോസ്റ്റിലെ ചില പ്രസക്ത ഭാഗങ്ങള്‍ ഇങ്ങനെയാണ്‌.`എനിക്ക്‌ ആണുങ്ങളെ മുണ്ടടുത്ത്‌ കാണാനാണ്‌ ഇഷ്ടം. അത്‌ മടക്കിക്കുത്തി നടക്കുമ്പോള്‍ മുട്ടിനൊപ്പം അങ്ങനെ നിക്കണം, എന്നിട്ട്‌ അതിന്‌ താഴെക്ക്‌ മനോഹരമായ കാലുകള്‍ കാണാന്‍ പറ്റണം... (മനോഹരമായ കാലുള്ളവരുടേതാണെങ്കില്‍) പക്ഷേ, ഇതൊക്കെ ഏതെങ്കിലും മുറിക്കുള്ളില്‍ വച്ചുമതി. അപ്പഴേ അത്‌ നയനാന്ദകരമാകൂ, പൊതുസ്ഥലങ്ങളില്‍ ഇതത്ര മാന്യമായ വസ്‌ത്രധാരണമല്ല. ഇനി അഥവാ മുണ്ടുടുത്താല്‍ തന്നെ മടക്കിക്കുത്തരുത്‌!

മുണ്ട്‌ മടക്കിക്കുത്തി നടക്കുന്ന പുരുഷന്മാരുടെ കാലുകള്‍ കാണുമ്പോള്‍ ഞങ്ങള്‍ സ്‌ത്രീകള്‍ പെട്ടെന്ന്‌ പ്രകോപിതരാകും. ഞങ്ങളുടെ ഉള്ളിലിരുപ്പ്‌ എന്താന്ന്‌ ഞങ്ങള്‍ക്കല്ലേ അറിയൂ, ഞങ്ങളത്ര നല്ലവരൊന്നുമല്ല. അപ്പോള്‍ പ്രശ്‌നങ്ങളൊഴിവാക്കാന്‍ വേണ്ടി പറയുന്നതാണ്‌. അല്ലാതെ ഒരു നിര്‍ബന്ധബുദ്ധിയുടെ പേരില്‍ പറയുന്നതല്ല.

കുപ്പായമാണെങ്കിലും കണ്ണടിച്ച്‌ പോകുന്ന നിറങ്ങള്‌ കൊള്ളൂല, പിന്നെ ഹാഫ്‌ കയ്യുള്ളത്‌ ഇടരുത്‌, ഫുള്‍ സ്ലീവ്‌ കഷ്ടപ്പെട്ട്‌ മടക്കിവയ്‌ക്കണം,

ഒരിക്കലും ഇന്‍സേര്‍ട്ട്‌ ചെയ്യരുത്‌, അപ്പോള്‍ നിങ്ങടെ ബാക്ക്‌ തള്ളി നിക്കാന്‍ സാധ്യതയുണ്ട്‌. അതും ഞങ്ങളില്‍ പ്രകോപനമുണ്ടാക്കും. ഞങ്ങളെ പ്രകോപിപ്പിക്കുന്ന ഒന്നും നിങ്ങള്‌ കാണിക്കണ്ട, ഞങ്ങളതൊക്കെ രഹസ്യമായിട്ട്‌ വീഡിയോകളില്‍ കണ്ടോളാം, അല്ലെങ്കില്‍ ഒളിച്ചിരുന്ന്‌ കണ്ടോളാം, നിങ്ങളായിട്ട്‌ കാണിക്കണ്ടെന്ന്‌ മാത്രം, വേറൊന്നും കൊണ്ടല്ല, നിങ്ങളിത്‌ സ്ഥിരമായിട്ട്‌ ഇങ്ങനെ കാണിച്ചോണ്ട്‌ നടന്നാ ഞങ്ങള്‍ക്കതിലുള്ള രസം പോകും. അതാണ്‌!

ബര്‍മൂഡ, ട്രൗസര്‍ എന്നിവയും നിരോധിക്കണം. ഇതിനെല്ലാം മുകളില്‍ പാന്റോ മുണ്ടോ ഗൗണോ ഷര്‍ട്ടോ ഉടുക്കുകയാണെങ്കില്‍ ഓക്കെ. അങ്ങനെയല്ലെങ്കില്‍ ഇവയൊക്കെ ഞങ്ങള്‍ സ്‌ത്രീകള്‍ കൂടി ഇറങ്ങിനടക്കുന്ന പൊതുവിടങ്ങളില്‍ 'സഭ്യത'യുടെ 'അതിര്‍വരമ്പുകള്‍' 'ഭേദി'ക്കും. അത്‌ കളി വേറെയാണ്‌, ചോദ്യോം വര്‍ത്താനോം ഒന്നുല്ല, അക്കാര്യത്തില്‍ ഞങ്ങള്‍ സ്‌ത്രീകള്‍ ഒറ്റക്കെട്ടാണ്‌. അത്‌ ഞങ്ങളുടെ സംസ്‌കാരത്തിന്റെയും ഞങ്ങളുടെ സ്‌ത്രീത്വത്തിന്‍്രറെയും വിഷയമാണ്‌, നോ കോംപ്രമൈസ്‌...

കയ്യും കഴുത്തും മൂടുന്ന ജാക്കറ്റ്‌, കോട്ട്‌ പോലുള്ളവ, യഥേഷ്ടം ധരിക്കാം. അതില്‍ മറ്റ്‌ മാനദണ്ഡങ്ങളൊന്നുമില്ല!

ബെല്‍റ്റ്‌ ഇട്ടാലും ഇട്ടില്ലെങ്കിലും കുഴപ്പമില്ല. ഇതിനെല്ലാം പുറമേ ചൂട്‌ കാലത്ത്‌ കുപ്പായമിടാതെ ഒരിക്കലും നടക്കരുത്‌. അന്തസിന്‌ ചേര്‍ന്ന കാര്യമല്ലത്‌. അന്തസ്‌ സ്വന്തമായിട്ടില്ലെങ്കില്‍ അത്‌ ഞങ്ങള്‍ നിര്‍ബന്ധിച്ച്‌ നിങ്ങളെക്കൊണ്ട്‌ പിടിപ്പിക്കും.

എന്നിരിക്കിലും, ഓരോ ആണിനും മതപരമായ വസ്‌ത്രം ധരിക്കാനുള്ള സ്വാതന്ത്ര്യമുണ്ടാകണം. അപ്പോഴും ഞങ്ങള്‍ സ്‌ത്രീകളുടെ മേല്‍നോട്ടത്തിലായിരിക്കും ഫൈനല്‍ ഡിസിഷന്‍. അതിപ്പോ കള്ളിമുണ്ടോ, കാവിയോ, ലുങ്കിയോ ഡബിളോ എന്തുമാകട്ടെ, അതിലെല്ലാം ഞങ്ങള്‍ക്ക്‌ ഞങ്ങളുടേതായ വീക്ഷണകോണകങ്ങളുണ്ട്‌. അതുടുത്തേ പറ്റൂ.

ഹേ പുരുഷാ, പറയുമ്പോ മുഖം ചുളിച്ചിട്ട്‌ കാര്യമില്ല, എല്ലാം നിങ്ങളുടെ നന്മയ്‌ക്കാണ്‌. ഞങ്ങളുടെ വീട്ടിലും വാപ്പയും ആങ്ങളമാരും ഉള്ളതാണ്‌. ഞങ്ങക്കുമുണ്ട്‌ മൂപ്പെത്തിയ കാരണവമ്മാര്‍, ഞങ്ങളല്ലാതെ നിങ്ങളെ നോക്കാന്‍ മറ്റാരുണ്ട്‌... നിങ്ങളുടെ സുരക്ഷ ഞങ്ങള്‍ക്ക്‌ അത്രമാത്രം പ്രധാനമാണ്‌..`

ഇതേസമയം, മുഖം ഒരു ലൈംഗികാവയവം ആണോയെന്നും ആണെങ്കില്‍ അത്‌ സ്‌ത്രീക്ക്‌ മാത്രം ബാധകമാവുന്നത്‌ എന്തുകൊണ്ട്‌ എന്നുമൊക്കെയുള്ള ചോദ്യമുന്നയിച്ച്‌ ഗാനരചയിതാവ്‌ റഫീഖ്‌ അഹമ്മദിന്റെ പോസ്റ്റിന്‌ കൂടുതലും ലഭിച്ചത്‌ പോസിറ്റീവ്‌ പ്രതികരണങ്ങളാണ്‌.

വസ്‌ത്രധാരണം വ്യക്തിയുടെ തിരഞ്ഞെടുപ്പാകണമെന്നാണ്‌ വിടി ബല്‍റാം പോസ്റ്റിട്ടത്‌. അതേസമയം വ്യക്തിസ്വാതന്ത്ര്യത്തിന്റെ മേല്‍ ഭരണകൂടങ്ങളോ മതങ്ങളോ മറ്റ്‌ എസ്റ്റാബ്ലിഷ്‌മെന്റുകളോ ഇടപെടുന്നത്‌ ആശാസ്യമല്ല എന്ന്‌ പോസ്റ്റില്‍ പറയുന്നു. ഇത്തരം വസ്‌ത്രധാരണ രീതികള്‍ അത്‌ ധരിക്കുന്നവര്‍ക്ക്‌ മേല്‍ അടിച്ചേല്‍പ്പിക്കപ്പെടുന്നതാണോ എന്നത്‌ കൂടി പരിഗണിക്കപ്പെടേണ്ടതാണെന്നും വിടി ബല്‍റാം ചൂണ്ടിക്കാണിക്കുന്നു.

ജനാധിപത്യ ബോധവും സ്‌ത്രീപക്ഷചിന്താഗതിയും സ്‌ത്രീ പുരുഷന്‌ വികാരം ഉണ്ടാക്കുന്ന വസ്‌തുവല്ലെന്ന ബോധ്യവും യുവതയ്‌ക്കുണ്ടാകുന്നു എന്നതിനുള്ള ഉദാഹരണമാണ്‌ സാമൂഹിക മാധ്യമങ്ങളില്‍ ഉയര്‍ന്നു വരുന്ന പോസിറ്റീവ്‌ ചര്‍ച്ചകള്‍.

Top