ഫിലഡല്‍ഫിയാ: ജൂണ്‍ 22ന് ഷിക്കാഗോയില്‍ നടന്ന ഫോമാ ദേശീയ കണ്‍വന്‍ഷനോടനുബന്ധിച്ച് അരങ്ങേറിയ യുവജനോത്സവത്തില്‍ ഫിലഡല്‍ഫിയായില്‍ നിന്നുള്ള ദിയാ ചെറിയാന്‍ കലാതിലകപട്ടം കൈവരിച്ചു. പങ്കെടുത്ത ആറിനങ്ങളിലും ഒന്നാം സ്ഥാനം കരസ്ഥമാക്കിയതാണ് ദിയാ ചെറിയാനെ ഈ നേട്ടത്തിലേക്കുള്ള ജൈത്രയാത്ര അനായാസമാക്കിയത്. ട്രോഫിയും 1000 ഡോളറിന്റെ കാഷ് അവാര്‍ഡും സംവിധായകന്‍ സിദ്ധിക് ലാലിന്റെ അടുത്ത മലയാളം സിനിമയിലേക്ക് അഭിനയത്തിനുള്ള അവസരവും ഈ മിടുക്കിയെ തേടിയെത്തി. ഫോമായില്‍ നടന്ന സൗന്ദര്യ മല്‍സരത്തില്‍ ഒന്നാം റണ്ണര്‍ അപ്പും ഈ കലാകാരിക്ക് സ്വന്തം. 13-25 വയസ്സ് പ്രായപരിധിയില്‍പ്പെട്ട വിഭാഗത്തില്‍ മത്സരിച്ചാണ് പത്താം ക്ലാസ്സുകാരിയായ ദിയാ ഈ അപൂര്‍വ്വനേട്ടം കരസ്ഥമാക്കിയത്.
പത്തനംതിട്ട ഇരവിപേരൂര്‍ പ്ലാക്കീഴ് ദീപു ചെറിയാന്‍- ദീപം ചെറിയാന്‍ ദമ്പതികളുടെ മകളായ ദിയാ നൃത്തം, ശാസ്ത്രീയസംഗീതം, സിനിമാറ്റിക് ഡാന്‍സ്, പാശ്ചത്യസംഗീതം, ഉപകരണസംഗീതം, പ്രസംഗം എന്നിവയില്‍ ഒന്നാം സ്ഥാനം നേടി. പ്രശസ്തനൃത്താധ്യാപിക നിമ്മി ദാസിന്റെ കീഴില്‍ മൂന്നു വയസ്സു മുതല്‍ നൃത്തം അഭ്യസിച്ചു വരുന്ന ഈ മിടുക്കി, സ്വന്തമായി കൊറിയോഗ്രാഫിയും ചെയ്തിട്ടുണ്ട്. പെന്‍സ്ബറി ഹൈസ്‌ക്കൂള്‍ വിദ്യാര്‍ത്ഥിനിയായ ദിയാ എലിമെന്ററി, മിഡില്‍ സ്‌ക്കൂള്‍ തലങ്ങളില്‍ അക്കാഡമിക് എക്‌സലന്‍സിനുള്ള പ്രസിഡന്‍ഷ്യല്‍ അവാര്‍ജുകളും കരസ്ഥമാക്കിയിട്ടുണ്ട്. കൗണ്ടി തലത്തിലും, സംസ്ഥാനതലത്തിലും പ്രസംഗ മല്‍സരത്തില്‍ നിരവധി സമ്മാനങ്ങള്‍ നേടിയിട്ടുള്ള ഈ മിടുക്കി കരാട്ടേയില്‍ ബ്ലാക്ക് ബെല്‍റ്റിധാരികൂടിയാണ്.
വായനയും, പാചകവും ഇഷ്ടപ്പെടുന്ന ദിയാ ചെറിയാന്‍ കര്‍ണ്ണാട്ടിക് സംഗീതത്തില്‍ പരിശീലനം നേടി വരുന്നതിനോടൊപ്പം പിയാനോ, ക്ലാരിനെറ്റ്, സാക്ലോഫോണ്‍ എന്നിവയിലും, നൈപുണ്യം ആര്‍ജിച്ചിട്ടുണ്ട്. 2018-ല്‍ ഷിക്കാഗോയില്‍ നടക്കുന്ന അഖില ലോക ലീഡര്‍ഷിപ്പ് കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്നതിന് പെന്‍സില്‍വാനിയാ സ്റ്റേറ്റ് സ്‌കോളര്‍ഷിപ്പും നേടിയിട്ടുണ്ട്. ദിയായും മാതാപിതാക്കളും ഫിലാഡല്‍ഫിയായിലുള്ള മാപ്പില്‍ അംഗങ്ങളാണ്. ഫോമാ യുവജനോത്സവം നാഷ്ണല്‍ ചെയര്‍മാന്‍ സാബു സ്‌കറിയാ, മാപ്പ് പ്രസിഡന്റ് അനുസ്‌കറിയാ, മാപ്പ് ജനറല്‍ സെക്രട്ടറി തോമസ് ചാണ്ടി എന്നിവര്‍ അനുമോദനം അറിയിച്ചു.
വാര്‍ത്ത: സന്തോഷ് ഏബ്രഹാം