ന്യൂഡല്‍ഹി: രാത്രിയില്‍ ലോകകപ്പ് മത്സരങ്ങള്‍ കാണുന്നത് കുടുംബത്തിന്റെ ഉറക്കം കെടുത്തിയതോടെയാണ് കൊല്‍ക്കത്തയിലെ ഫുട്ബോള്‍ ആരാധകന്‍ ഓണ്‍ലൈന്‍ വ്യാപാരസ്ഥാപനമായ ഫ്ലിപ്കാര്‍ട്ടില്‍ നിന്നും ഹെഡ്ഫോണ്‍ വാങ്ങാന്‍ തീരുമാനിച്ചത്. എന്നാല്‍ ഓര്‍ഡര്‍ ചെയ്‌ത പാക്കേജിനുള്ളില്‍ ഹെഡ്ഫോണിന് പകരം ഒരു കുപ്പി എണ്ണയായിരുന്നു ഉണ്ടായിരുന്നത്. ഫുട്ബോള്‍ മോഹങ്ങള്‍ വെള്ളത്തിലായ ആരാധകന്‍ ഉടന്‍ തന്നെ ഫ്ലിപ്‌കാര്‍ട്ടിന്റെ കസ്‌റ്റമര്‍ കെയര്‍ നമ്ബരില്‍ വിളിക്കാന്‍ ശ്രമിച്ചു. എന്നാല്‍ ഒരു റിംഗിന് ശേഷം ഫോണ്‍ കട്ടായി. വീണ്ടും ഈ നമ്ബരിലേക്ക് വിളിക്കാന്‍ തുടങ്ങിയപ്പോഴാണ് ബി.ജെ.പിയിലേക്കുള്ള പ്രാഥമിക അംഗത്വം പൂര്‍ത്തിയായെന്ന പേരില്‍ സന്ദേശമെത്തുന്നത്.
താന്‍ ഫ്ലിപ്കാര്‍ട്ട് കസ്‌റ്റമര്‍ കെയറില്‍ വിളിച്ചപ്പോഴാണ് ബി.ജെ.പി അംഗത്വം പൂര്‍ത്തിയായെന്ന സന്ദേശമെത്തിയതെന്ന് ഇയാള്‍ ആരോപിക്കുന്നു. പൂര്‍ണ അംഗത്വത്തിന് വേണ്ടി തന്റെ പൂര്‍ണ വിവരങ്ങള്‍ ആവശ്യപ്പെട്ട് കൊണ്ടാണ് ഈ സന്ദേശമെത്തിയത്. ഇതേ നമ്ബര്‍ ഡയല്‍ ചെയ്‌ത തന്റെ സുഹൃത്തുക്കള്‍ക്കും സമാന സന്ദേശമെത്തിയതായും ഇയാള്‍ ആരോപിക്കുന്നു.
അതേസമയം, ഇയാള്‍ക്ക് ലഭിച്ച ഫ്ലിപ്‌കാര്‍ട്ട് പാക്കേജിന് പുറത്ത് രേഖപ്പെടുത്തിയിരുന്ന നമ്ബരാണ് പാരയായത്. 1800 എന്ന് തുടങ്ങുന്ന ടോള്‍ഫ്രീ നമ്ബര്‍ കമ്ബനിയുടെ പഴയ നമ്ബരാണെന്നും ഇപ്പോള്‍ ഈ നമ്ബര്‍ ഉപയോഗിക്കുന്നില്ലെന്നുമാണ് ഫ്ലിപ്കാര്‍ട്ട് നല്‍കുന്ന വിശദീകരണം. പഴയ ടേപ്പ് ഉപയോഗിച്ച് പാക്കേജ് പൊതിഞ്ഞത് കൊണ്ടാണ് ഇത്തരത്തില്‍ സംഭവിച്ചതെന്നും കമ്ബനി വിശദീകരിച്ചു. അതേസമയം, സംഭവം വിവാദമായതോടെ ഫ്ലിപ്കാര്‍ട്ട് അധികൃതര്‍ ഇയാളെ വിളിച്ച് മാപ്പ് പറയുകയും ഹെഡ്ഫോണ്‍ ഉടനെ അയച്ച് കൊടുക്കാമെന്ന് ഉറപ്പ് നല്‍കുകയും ചെയ്‌തു. പാര്‍ട്ടിയിലേക്ക് അംഗങ്ങളെ ചേര്‍ക്കാനുള്ള നമ്ബര്‍ ഫ്ലിപാകാര്‍ട്ട് പാക്കേജില്‍ വന്നതിനെക്കുറിച്ച് തങ്ങള്‍ക്കൊന്നുമറിയില്ലെന്ന് ബി.ജെ.പി നേതൃത്വം പ്രതികരിച്ചു.