നടിയെ ആക്രമിച്ച കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ദിലീപ് വീണ്ടും ഹൈക്കോടതിയില്‍. നടിയെ ആക്രമിച്ച കേസില്‍ അടുത്ത മാസം ആദ്യം വിചാരണ ആരംഭിക്കാനിരിക്കെയാണ് അപ്പീലുമായി ദിലീപ് കോടതിയെ സമീപിച്ചിരുക്കുന്നത്.
സിബിഐ അന്വേഷണ ആവശ്യം തള്ളിയ സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ അപ്പീലുമായാണ് നടന്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചത്. അപ്പീല്‍ ഹര്‍ജിയില്‍ ഉത്തരവ് ഉണ്ടാകുന്നതുവരെ വിചാരണ നടപടി നിര്‍ത്തി വയ്‌ക്കണമെന്നും ദിലീപ് ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടു.
പൊലീസ് നടത്തിയ അന്വേഷണം ദുരുദ്ദേശ്യപരവും പക്ഷപാതപരവുമാണ് എന്നായിരുന്നു ദിലീപ് കോടതിയില്‍ ഉന്നയിച്ചത്. എന്നാല്‍ ഹര്‍ജിക്കാരന്റെ ഈ വാദത്തിനു ബലമേകുന്ന വസ്‌തുതകളില്ലെന്നും സിബിഐയ്‌ക്കോ മറ്റേതെങ്കിലും ഏജന്‍സിക്കോ അന്വേഷണം കൈമാറാന്‍ തക്ക കാരണങ്ങള്‍ സ്ഥാപിക്കാനാവുന്നില്ലെന്നും വ്യക്തമാക്കിക്കൊണ്ടാണ് നേരത്തെ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഹര്‍ജി തള്ളിയത്.
സംഭവത്തില്‍ അറിവോ പങ്കോ ഇല്ലാത്ത തന്നെ കേസിലെ പ്രതി ഉന്നയിച്ച വ്യാജ ആരോപണത്തിന്റെ അടിസ്ഥാനത്തില്‍ തെറ്റായി പ്രതി ചേര്‍ത്തെന്നാണ് ഹര്‍ജിയില്‍ ദിലീപിന്റെ പ്രധാന ആരോപണം. കുറ്റപത്രം നല്‍കിയെങ്കിലും ദൃശ്യങ്ങള്‍ പകര്‍ത്താനുപയോഗിച്ച മൊബൈല്‍ ഫോണ്‍ കണ്ടെടുത്തില്ലെന്നും മെമ്മറി കാര്‍ഡിലുള്ള ദൃശ്യങ്ങളില്‍ കൃത്രിമം നടന്നിട്ടുണ്ടെന്നും ദിലീപ് ആരോപിക്കുന്നു.