'വില്ലന്‍' എന്ന മോഹന്‍ലാല്‍ ചിത്രത്തിനുശേഷം ബി ഉണ്ണികൃഷ്‌ണന്റേതായി പുറത്തുവന്ന കോമഡി ത്രില്ലര്‍ ചിത്രമാണ് 'കോടതിസമക്ഷം ബാലന്‍ വക്കീല്‍'. ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത് ഉണ്ണികൃഷ്‌ണന്‍ തന്നെയാണ്. മലയാളി സിനിമാപ്രേക്ഷകരെ മുള്‍മുനയില്‍ നിര്‍ത്തിയ ഒരുപാട് ത്രില്ലര്‍ സിനിമകളുടെ അണിയറയില്‍ രചയിതാവായും സംവിധായകനായും തന്റെ കഴിവ് പ്രദര്‍ശിപ്പിച്ച വ്യക്തികൂടെയാണ് ഉണ്ണികൃഷ്‌ണന്‍.
കഴിവുളള വക്കീലാണെങ്കിലും, വിക്കനായതിന്റെ അപകര്‍ഷതാബോധവുംപേറി ജൂനിയര്‍ വക്കീലായി സേവനമനുഷ്‌ഠിക്കുന്നയാളാണ് ബാലകൃഷ്‌ണന്‍ (ദിലീപ്). ബാലകൃഷ്‌ണന്റെ പൊലീസുകാരനായ അളിയന്‍ (സുരാജ് വെഞ്ഞാറമ്മൂട്) വഴി ഒരു യുവതി (പ്രിയ ആനന്ദ്) ഒരു കേസ് ബാലന്‍ വക്കീലിനെ ഏല്‍പ്പിക്കുന്നതും, തുടര്‍ന്ന് ആ കേസ് ബാലന്റെയും അനുരാധ എന്ന യുവതിയുടെയും (മംമ്‌ത മോഹന്‍ദാസ്) ജീവിതത്തെ അപ്രതീക്ഷിതമായ തരത്തില്‍ ബാധിക്കുന്നതുമാണ് കഥയുടെ ഇതിവൃത്തം.
കോമഡി മൂഡില്‍ തുടങ്ങുന്ന ചിത്രം, രണ്ടാം പകുതിയോടടുക്കുന്നതോടുകൂടി സസ്‌പെന്‍സ് ത്രില്ലര്‍ സ്വഭാവം കൈവരിക്കുന്നുണ്ടെങ്കിലും, ഉടനീളം ചിരിപ്പിക്കുന്ന പല മുഹൂര്‍ത്തങ്ങളും സിനിമയിലുണ്ട്. ബാലന്‍ വക്കീലിന്റെ സുഹൃത്തായി എത്തുന്ന അജു വര്‍ഗീസ്, അളിയനായി വരുന്ന സുരാജ് വെഞ്ഞാറമ്മൂട് എന്നിവര്‍ ഈ കൃത്യം ഭംഗിയായി നിര്‍വഹിക്കുന്നു. ഗ്രാന്റ് മാസ്റ്റര്‍ പോലുളള ബി ഉണ്ണികൃഷ്‌ണന്റെ മുന്‍കാലചിത്രങ്ങളോളം ഒരുപക്ഷേ, സസ്‌പെന്‍സ് സ്വഭാവം ബാലന്‍ വക്കീലിനില്ലെന്നതിനാല്‍, പ്രേക്ഷകരെ പിടിച്ചുനിര്‍ത്തുന്നത് ഈ തമാശകള്‍ ആണ്.
കൂനനായും മുറിച്ചുണ്ടുളളവനായുമൊക്കെ നമ്മളെ അത്ഭുതപ്പെടുത്തിയിട്ടുളള ദിലീപ് വിക്കനായി സ്‌ക്രീനില്‍ എത്തുമ്പോള്‍ ഒട്ടും അതിഭാവുകത്വമില്ലാതെത്തന്നെ അദ്ദേഹം ആ കഥാപാത്രത്തെ കൈകാര്യം ചെയ്‌തിട്ടുണ്ട്. ഉടനീളം കഥാപാത്രം ബ്രേക്ക് ആവാതെ ദിലീപ് കൊണ്ടുപോകുന്നുണ്ട്. ആക്ഷന്‍ രംഗങ്ങളിലെ പ്രകടനവും സ്‌ക്രീന്‍ പ്രസന്‍സും മികച്ചതുതന്നെ. ദിലീപിന്റെ സന്തതസഹചാരികളായി മംമ്‌ത മോഹന്‍ദാസും അജു വര്‍ഗീസും തങ്ങളുടെ ഭാഗം ഭംഗിയാക്കി. സുരാജ് വെഞ്ഞാറമ്മൂട്, സിദ്ദിഖ്, ബിന്ദു പണിക്കര്‍, ലെന, രഞ്‌ജി പണിക്കര്‍, ഗണേഷ് കുമാര്‍ തുടങ്ങിയവരാണ് മറ്റു താരങ്ങള്‍. രാഹുല്‍ രാജ്, ഗോപീസുന്ദര്‍ എന്നിവര്‍ ചേര്‍ന്ന് സംഗീതം കൈകാര്യം ചെയ്‌തിരിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം അഖില്‍ ജോര്‍ജ് ആണ്.