നടി ആക്രമിക്കപ്പെട്ട കേസില്‍ നിയമക്കുരുക്ക് ഒഴിവാക്കാന്‍ സര്‍ക്കാര്‍ ശ്രമം. മുഖ്യതെളിവായ ദൃശ്യങ്ങള്‍ രേഖയാണെന്നും മെമ്മറി കാര്‍ഡ് തൊണ്ടിയാണെന്നും സര്‍ക്കാര്‍ കോടതിയില്‍ നിലപാടറിയിച്ചു. ദൃശ്യങ്ങള്‍ പ്രതിക്ക് കൈമാറരുതെന്നും ഇക്കാര്യം വിചാരണക്കോടതി തീരുമാനിക്കട്ടെയെന്നും സര്‍ക്കാര്‍ പറഞ്ഞു. ദൃശ്യങ്ങള്‍ കൈമാറുന്നത് ഗുരുതര പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നു ആക്രമിക്കപ്പെട്ട നടിയുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. ദൃശ്യങ്ങള്‍ പ്രചരിക്കപ്പെടും. പോക്‌സോ കേസുകളെ പോലും ഇതു ബാധിക്കുമെന്നും അഭിഭാഷകന്‍ വ്യക്തമാക്കി.
നടി ആക്രമിക്കപ്പെട്ട കേസിലെ മുഖ്യതെളിവായ ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡിന്റെ പകര്‍പ്പ് തേടി പ്രതി ദിലീപ് നല്‍കിയ ഹര്‍ജിയാണ് സുപ്രീംകോടതി ഇന്ന് പരിഗണിക്കുന്നത്. നടി അക്രമിക്കപ്പെടുന്ന ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡ് തൊണ്ടിമുതലാണോ കേസ് രേഖയാണോ എന്നതാണു കോടതിയുടെ മുന്നിലുള്ള പ്രധാന ചോദ്യം. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.
മെമ്മറി കാര്‍ഡ് കേസ് രേഖയാണെന്നും പ്രതിയെന്ന നിലയില്‍ പകര്‍പ്പ് ലഭിക്കാന്‍ അവകാശമുണ്ടെന്നുമാണു ദിലീപിന്റെ വാദം. ഹര്‍ജിയില്‍ അന്തിമ തീര്‍പ്പുണ്ടാകുന്നതുവരെ കേസിലെ വിചാരണ നടപടികള്‍ കോടതി നേരത്തെ സ്‌റ്റേ ചെയ്‌തിരുന്നു.