കൊച്ചി: നടിമാരുടെ വാര്‍ത്താസമ്മേളനത്തോടെ അമ്മയുടെയും അവരുടെ പുരുഷ അംഗങ്ങളുടെയും നിലപാടുകള്‍ വീണ്ടും ചര്‍ച്ചയാവുകയാണ്. ബാബുരാജും ഇടവേള ബാബുവുമെല്ലാം നടിയെ പിന്തുണയ്ക്കാതിരിക്കുകയാണ് ചെയ്തതെന്ന് ഇതിലൂടെ വ്യക്തമാക്കുകയാണ്. അതിനിടെ ദിലീപ് രാജി സമര്‍പ്പിച്ചു എന്ന കാര്യവും ഇതില്‍ നിര്‍ണായകമാണ്. അമ്മയ്ക്ക് സ്വന്തമായി നടപടിയെടുക്കാനാവാത്തപ്പോള്‍ ദിലീപ് സ്വയം രാജി പ്രഖ്യാപിച്ചതും അദ്ഭുതപ്പെടുത്തുന്നതാണ്.
അതേസമയം ദിലീപിന്റെ രാജി താരസംഘടന സ്വീകരിക്കുമോ എന്നാണ് ഇനി അറിയാനുള്ളത്. അതുണ്ടാകാന്‍ ഇടയില്ലെന്നാണ് മുമ്ബുള്ള സംഭവങ്ങള്‍ ചേര്‍ത്തുവായിക്കുമ്ബോള്‍ മനസ്സിലാവുന്നത്. എന്നാല്‍ ദിലീപിനെ സംഘടനയില്‍ നിന്ന് പുറത്താക്കുന്നത് വരെ പോരാടാനാണ് ഡബ്ല്യുസിസിയുടെ തീരുമാനം. സംഘടനയില്‍ നിന്ന് രാജിവെക്കില്ലെന്ന പാര്‍വതിയുടെ വാക്കുകള്‍ ഇതിലേക്കുള്ള സൂചനയാണ്.
ഡബ്ല്യുസിസിയുടെ തീരുമാനം
ദിലീപിനെതിരായ വിഷയം തനിയെ ഇല്ലാതാവുമെന്നാണ് അമ്മയിലെ അംഗങ്ങള്‍ കരുതിയിരുന്നത്. എന്നാല്‍ ഇതിനെ പുതിയൊരു തലത്തിലേക്കാണ് ഡബ്ല്യുസിസി കൊണ്ടുപോയിരിക്കുന്നത്. ദിലീപിനെ എളുപ്പത്തില്‍ തിരിച്ചെടുക്കുക എന്നത് ഇനി അസാധ്യമായ കാര്യവുമാണ്. സംഘടനയില്‍ പ്രശ്‌നങ്ങളുണ്ടാക്കിയ നടിമാര്‍ രാജിവെച്ച് പുറത്തുപോകുമെന്നായിരുന്നു പലരും കരുതിയത്. എന്നാല്‍ ഉള്ളിലിരുന്ന് പോരാടുമെന്നാണ് പ്രഖ്യാപനം.
ധീരമായ പ്രഖ്യാപനം
തങ്ങളുടെ പേരുകള്‍ പറയാതെ മോഹന്‍ലാല്‍ അപമാനിച്ചു എന്നായിരുന്നു അവരുടെ തുറന്നുപറച്ചില്‍. സിനിമാ മേഖലയില്‍ പത്തിലധികം വര്‍ഷമായി തുടരുന്നവരാണ് പാര്‍വതിയും പദ്മപ്രിയയും. 35 വര്‍ഷമായി രേവതി നില്‍ക്കുന്നു. എന്നിട്ടും മോഹന്‍ലാല്‍ എന്തുകൊണ്ട് തങ്ങളുടെ പേര് പറഞ്ഞില്ല. അതൊരു തരം അപമാനിക്കലാണെന്ന് അവര്‍ തോന്നിയതില്‍ യാതൊരു തെറ്റുമില്ല. സിനിമാ മേഖലയില്‍ ഇവര്‍ വളരെയേറെ അറിയപ്പെടുന്നതായിട്ടും മോഹന്‍ലാല്‍ മനപ്പൂര്‍വം അത് അവഗണിച്ചു എന്നാണ് മനസ്സിലാവുന്നത്.
വഞ്ചിക്കപ്പെട്ടു...
അമ്മ ഇത്രയും കാലം തങ്ങളെ വഞ്ചിക്കുകയാണെന്ന ധ്വനിയാണ് ഡബ്ല്യുസിസിയില്‍ നിന്ന് ഉണ്ടായത്. അമ്മ നുണ പറയുന്നു എന്നും ഇവര്‍ ആരോപിക്കുന്നുണ്ട്. ബോളിവുഡില്‍ ലൈംഗിക ആരോപണം ഉയര്‍ന്നപ്പോള്‍ കോടിക്കണക്കിന് രൂപയുടെ സിനിമകള്‍ അവസാനിപ്പിക്കുകയാണ് ചെയ്തത്. എന്നാല്‍ ഇവിടെ അതേ കുറ്റാരോപിതനെ സംരക്ഷിക്കുന്ന സമീപനമാണ് അമ്മയ്ക്കുള്ളതെന്നും ഇവര്‍ കുറ്റപ്പെടുത്തുന്നു. അതേസമയം പുരുഷ മേധാവിത്വം നിറഞ്ഞ താരസംഘടനയ്‌ക്കെതിരെ പൊരുതുമെന്ന് തന്നെയാണ് ഇവര്‍ സൂചിപ്പിക്കുന്നത്.
ദിലീപിന്റെ രാജി
അപ്രതീക്ഷിതമായിട്ടായിരുന്നു ദിലീപിന്റെ രാജി പ്രഖ്യാപനം. ഒക്ടോബര്‍ പത്തിന് അദ്ദേഹം രാജിവെച്ചെന്നാണ് റിപ്പോര്‍ട്ട്. അമ്മയുടെ പ്രസിഡന്റ് മോഹന്‍ലാലിനാണ് രാജിക്കത്ത് കൈമാറിയതെന്ന് മനോരമ ന്യൂസിന്റെ ഫറിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം തനിക്കെതിരെ ഉയരുന്ന പ്രതിഷേധത്തെ മറികടക്കാനുള്ള നീക്കമായിട്ടും ഇതിനെ വിലയിരുത്തുന്നുണ്ട്. ഈ നീക്കത്തോടെ ഡബ്ല്യുസിസിയുടെ നീക്കം പാളുമെന്നും അദ്ദേഹം കണക്ക് കൂട്ടിയിട്ടുണ്ടാവണം.
മോഹന്‍ലാല്‍ സ്വീകരിക്കുമോ?
ദിലീപിന്റെ രാജി സംഘടനാ പ്രസിഡന്റ് കൂടിയായ മോഹന്‍ലാല്‍ സ്വീകരിക്കുമോ എന്നാണ് ഇനി അറിയാനുള്ളത്. അമ്മയുടെ മുന്‍ നിലപാടുകള്‍ വെച്ച് സംഘടനയിലെ ഭൂരിഭാഗം പേരും ഇതിനെ എതിര്‍ക്കാനാണ് സാധ്യത. സിദ്ദിഖും മുകേഷും ഗണേഷ് കുമാറും അടക്കമുള്ളവര്‍ നേരത്തെ തന്നെ ദിലീപിന് പിന്തുണ പ്രഖ്യാപിച്ചിട്ടുള്ളവരാണ്. നേരത്തെ നിരപരാധിയെന്ന് തെളിയും വരെ അമ്മയിലേക്ക് താനില്ലെന്ന് ദിലീപ് പറഞ്ഞിട്ടും അദ്ദേഹത്തെ പുറത്താക്കാന്‍ അമ്മ തയ്യാറായിരുന്നില്ല. ഈ പേരില്‍ വിഷയത്തെ ന്യായീകരിക്കുകയായിരുന്നു താരസംഘടന.
അംഗങ്ങളുടെ പരിഹാസം
ആക്രമിക്കപ്പെട്ട നടിയെ അപമാനിക്കുന്ന സമീപനമായിരുന്നു അമ്മയിലെ അംഗം ബാബുരാജ് എടുത്തിരുന്നത്. ഇതും പൊതുമധ്യത്തില്‍ ഇപ്പോള്‍ ചര്‍ച്ചയാവുന്നുണ്ട്. ചൂട് വെള്ളത്തില്‍ വീണ പൂച്ചയെന്നാണ് ബാബുരാജ് നടിയെ വിശേഷിപ്പിച്ചതെന്ന് പാര്‍വതി പറഞ്ഞു. ഇത് അമ്മയുടെ സ്ത്രീവിരുദ്ധ നിലപാടായിട്ടാണ് വിലയിരുത്തുന്നത്. പുരുഷന്‍മാരില്‍ ഒരാള്‍ പോലും ഇതിനെ എതിര്‍ത്തിട്ടില്ല. എന്തുകൊണ്ട് സംഘടനയുടെ പ്രസിഡന്റും സെക്രട്ടറിയും ഇതിനെ എതിര്‍ത്തില്ല എന്നതും വിഷയമാണ്.
ഇനി പോരാട്ടം സംഘടനയ്ക്കുള്ളില്‍
ദിലീപിന്റെ രാജികാര്യം അടുത്ത ദിവസം തന്നെ അമ്മയില്‍ ചര്‍ച്ചാവിഷയമാവും. ഈ സാഹചര്യത്തില്‍ അതിനെ പല അംഗങ്ങളും തള്ളിക്കളയാം. ഇത് തടയുന്നതിനായിട്ടാണ് രാജി പ്രഖ്യാപിക്കുന്നില്ലെന്ന് പാര്‍വതി അടക്കമുള്ളവര്‍ വ്യക്തമാക്കിയിരിക്കുന്നത്. സംഘടനയില്‍ നിന്ന് രാജിവെച്ചാല്‍ ദിലീപിനെ തിരിച്ചെടുക്കുന്ന കാര്യം വരെ എളുപ്പത്തില്‍ നടപ്പിലാക്കാന്‍ അമ്മയ്ക്ക് സാധിക്കും. മോഹന്‍ലാലടക്കമുള്ളവര്‍ ഇതാണ് ലക്ഷ്യമിടുന്നത്. ഇതിനെ മുന്നില്‍ നിന്ന് തടയാന്‍ തന്നെയാണ് ഡബ്ല്യുസിസിയുടെ തീരുമാനം.