കൊച്ചി: താരസംഘടനയില്‍ നിന്നും നാല് നടിമാര്‍ രാജി വെച്ചത് ഒരു നിലപാട് പ്രഖ്യാപനമായിരുന്നു. പുരുഷാധിപത്യത്തിന് കീഴിലെ അനീതികള്‍ ഇനി കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന താക്കീത് കൂടിയായിരുന്നു അത്. ആക്രമണത്തെ അതിജീവിച്ച നടിക്കൊപ്പം രമ്യാ നമ്ബീശന്‍, റിമ കല്ലിങ്കല്‍, ഗീതു മോഹന്‍ദാസ് എന്നിവരും താരസംഘടന വിട്ട് പുറത്തേക്ക് വന്നു.
നൈസായി ദിലീപിനെ തിരികെ കയറ്റാനുള്ള എഎംഎംഎയുടെ നീക്കത്തിനേറ്റ വന്‍ തിരിച്ചടിയായിരുന്നു അത്. എന്നാല്‍ രണ്ട് നടിമാര്‍ മാത്രമേ സംഘടനയില്‍ നിന്നും രാജി വെച്ചിട്ടുള്ളൂ എന്നാണ് എഎംഎംഎ പ്രസിഡണ്ട് മോഹന്‍ലാല്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കിയത്.
4 നടിമാരുടെ രാജി
കുറ്റാരോപിതനായ വ്യക്തിയെ സംരക്ഷിക്കുന്ന താരസംഘടനയുടെ നിലപാടില്‍ പ്രതിഷേധിച്ചും മുന്‍പ് അവസരങ്ങള്‍ നിഷേധിക്കുന്നതിനെ കുറിച്ച് പരാതിപ്പെട്ടിട്ടും നടപടി എടുക്കാത്തതില്‍ പ്രതിഷേധിച്ചുമാണ് ആക്രമിക്കപ്പെട്ട നടി എഎംഎംഎയില്‍ നിന്നും രാജി വെച്ചത്. പിന്നാലെ നടിയുടെ തീരുമാനത്തിന് പിന്തുണ പ്രഖ്യാപിച്ച് തങ്ങളും അമ്മയില്‍ തുടരുന്നില്ല എന്ന് വ്യക്തമാക്കി ഗീതുവും രമ്യയും റിമയും രംഗത്തെത്തി. ഇവരുടെ നിലപാടിന് വന്‍ പിന്തുണയും ലഭിച്ചു.
അവര്‍ പുറത്ത് തന്നെ?
അമ്മയ്‌ക്കെതിരെ പ്രതിഷേധം ഉയരുകയും നടിമാര്‍ക്ക് പിന്തുണ കൂടുകയും ചെയ്ത സാഹചര്യത്തിലാണ് തീരുമാനം പുനപരിശോധിക്കാം എന്ന നിലപാട് അമ്മയ്ക്ക് എടുക്കേണ്ടി വന്നത്. കൂട്ടത്തില്‍ രാജി വെച്ച നടിമാര്‍ക്ക് തിരിച്ച് വരാമെന്നും അവര്‍ അമ്മയുടെ ശത്രുക്കളെല്ലെന്നും നേതൃത്വത്തിന് പറയേണ്ടതായും വന്നു. എന്നാല്‍ രാജി വെച്ചവര്‍ പുകഞ്ഞ കൊള്ളികള്‍ തന്നെയാണ് എന്നാണ് മോഹന്‍ലാലിന്റെ വാക്കുകള്‍ വ്യക്തമാക്കുന്നത്.
രണ്ട് പേര്‍ രാജിക്കത്ത് തന്നിട്ടില്ല
എഎംഎംഎയില്‍ നിന്നും രാജി വെച്ചുവെന്ന് പറയുന്ന എല്ലാ നടിമാരും രാജിക്കത്ത് നല്‍കിയിട്ടില്ല എന്നാണ് മോഹന്‍ലാല്‍ വെളിപ്പെടുത്തിയിരിക്കുന്നത്. രണ്ട് പേര്‍ മാത്രമേ അക്കൂട്ടത്തില്‍ രാജിക്കത്ത് സംഘടനയ്ക്ക് ഈ സമയം വരെ നല്‍കിയിട്ടുള്ളൂ. അവര്‍ ഭാവനയും രമ്യാ നമ്ബീശനുമാണ്. മറ്റ് രണ്ട് പേരായ റിമ കല്ലിങ്കലും ഗീതു മോഹന്‍ദാസും തങ്ങള്‍ക്ക് രാജിക്കത്ത് നല്‍കിയിട്ടില്ലെന്ന് മോഹന്‍ലാല്‍ പറയുന്നു.
ആലോചിച്ച ശേഷം തീരുമാനം
രാജിവെച്ച നടിമാര്‍ താരസംഘടനയിലേക്ക് തിരിച്ച് വന്നാല്‍ എടുക്കുമോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന്, അക്കാര്യം തനിക്ക് ഒറ്റയ്ക്ക് തീരുമാനിച്ച് ഉത്തരം പറയാനാവില്ലെന്ന് മോഹന്‍ലാല്‍ മറുപടി നല്‍കി. ഒരു സംഘടന എന്ന നിലയില്‍ എഎംഎംഎയിലെ മറ്റ് അംഗങ്ങളുമായി ചേര്‍ന്ന് ആലോചിച്ച ശേഷം മാത്രമേ അക്കാര്യത്തില്‍ തനിക്ക് തീരുമാനമെടുക്കാന്‍ സാധിക്കുകയുള്ളൂ.
രാജി വെച്ച ശേഷം തിരിച്ച് വരവ് നടക്കില്ല
ഒരിക്കല്‍ രാജി വെച്ച ശേഷം പിന്നീട് തിരിച്ച് വരിക എന്നുള്ളത് സംഘടനകളില്‍ പറ്റില്ലെന്നും മോഹന്‍ലാല്‍ കൂട്ടിച്ചേര്‍ത്തു. ഇത് നടിമാരെ തിരിച്ചെടുക്കാന്‍ എഎംഎംഎ ഉദ്ദേശിക്കുന്നില്ല എന്നതിന്റെ വ്യക്തമായ സൂചനയായാണ് വിലയിരുത്തപ്പെടുന്നത്. ദിലീപിനെ തിരിച്ചെടുക്കാതെ പുറത്ത് പോയ നടിമാരെ തിരിച്ചെടുത്താല്‍ അത് സിനിമയിലെ പ്രബലര്‍ക്ക് അതൃപ്തിയുണ്ടാക്കുമെന്നും സംഘടനാ നേതൃത്വം ഭയക്കുന്നുവെന്ന് വേണം കരുതാന്‍.
കാരണം വിശദീകരിക്കണം
തങ്ങള്‍ രാജി വെച്ചത് എന്തിനാണെന്ന് നടിമാര്‍ സംഘടനയ്ക്ക് മുന്നില്‍ പറയേണ്ടി വരും. അക്കാര്യത്തില്‍ ചര്‍ച്ച നടത്തിയ ശേഷം മാത്രമേ തിരിച്ചെടുക്കുന്ന കാര്യം തീരുമാനിക്കാനൊക്കൂ എന്നും മോഹന്‍ലാല്‍ മറുപടി നല്‍കി. സംഘടനാ തെരഞ്ഞെടുപ്പില്‍ പാര്‍വ്വതിയെ മത്സരിക്കാന്‍ അനുവദിച്ചില്ല എന്നതടക്കമുള്ള ആരോപണങ്ങള്‍ തള്ളിയ ലാല്‍, പാര്‍വ്വതിക്ക് ഇപ്പോഴും നേതൃസ്ഥാനത്തേക്ക് വരാന്‍ അവസരമുണ്ടെന്നും വ്യക്തമാക്കി.
എന്നും ഇരയ്ക്കൊപ്പമാണ്
നടി ആക്രമിക്കപ്പെട്ട വിഷയം ഇത്രയും മുഴച്ച് നില്‍ക്കുന്നത് സിനിമയില്‍ ആയത് കൊണ്ടാണ്. താനിപ്പോഴും ആ കുട്ടിക്ക് ഏറ്റ ആഘാതത്തിന് ഒപ്പമാണ്. സ്ത്രീകള്‍ക്ക് എതിരായ അതിക്രമ സംഭവങ്ങളില്‍ സംഘടന ഇരയ്‌ക്കൊപ്പം തന്നെയാണെന്നും മോഹന്‍ലാല്‍ വ്യക്തമാക്കി. നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ദിലീപിന് പങ്കില്ലാതെ ഇരിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നതായും മോഹന്‍ലാല്‍ മീറ്റ് ദ പ്രസ്സില്‍ പറഞ്ഞു.