• Thursday, November 28, 2024
  • A biweekly newspaper published from philadelphia , pa.
Malayalam Vartha US
Blog single photo

അധികാരതാല്പര്യങ്ങള്‍ക്കു വേണ്ടി ചരിത്രം വളച്ചൊടിക്കുന്നത് മാരകായുധങ്ങളെക്കാള്‍ അപകടകരമെന്ന് ഗവര്‍ണര്‍

തിരുവനന്തപുരം: ചരിത്രം വളച്ചൊടിച്ച്‌ തലമുറകളെ തെറ്റിദ്ധരിപ്പിക്കുന്നത് സംഹാരശേഷിയുള്ള ആയുധങ്ങളെക്കാള്‍ അപകടകരമാണെന്ന് ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം. കേരള ചരിത്രഗവേഷണ കൗണ്‍സിലില്‍(കെസിഎച്ച്‌ആര്‍) സംഘടിപ്പിച്ച 'പണ്ഡിത ആദരം' പരിപാടിയില്‍ ചരിത്രകാരന്മാരായ പ്രഫ. ടികെ രവീന്ദ്രന്‍, പ്രഫ. എംജിഎസ് നാരായണന്‍, പ്രഫ. കെഎന്‍ പണിക്കര്‍ എന്നിവരെ ആദരിച്ച്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പല വിദ്യാര്‍ഥികള്‍ക്കും സ്‌കൂള്‍തലത്തിലെ ചരിത്രപഠനശേഷം അവശേഷിക്കുന്ന കാലം അധികാരതാല്‍പര്യങ്ങള്‍ക്കു വേണ്ടി ചരിത്രം വളച്ചൊടിക്കുന്നവരുടെ വ്യാഖ്യാനം മനസ്സിലാക്കി ജീവിക്കേണ്ടിവരുന്നു. അതുകൊണ്ട്, അധ്യാപകര്‍ക്ക് ചരിത്രപഠനത്തിന് ദിശാബോധം നല്‍കാന്‍ ചരിത്ര ഗവേഷണ കൗണ്‍സില്‍ പോലുള്ള ഗവേഷണസ്ഥാപനങ്ങള്‍ ശ്രദ്ധിക്കണം.

കോളജുതലത്തിലെത്തുന്ന വിദ്യാര്‍ഥികള്‍ക്ക് അടിസ്ഥാനതലത്തില്‍ പഠിച്ച പല കെട്ടുകഥകളും തിരുത്തി മനസ്സിലാക്കേണ്ടിവരും. ഒളിഞ്ഞുകിടക്കുന്ന ചരിത്രസത്യം പുറത്തെത്തിക്കാന്‍ സാങ്കേതികവിദ്യ സഹായിക്കുന്നുണ്ട്. ചരിത്ര ഗവേഷണ കൗണ്‍സില്‍ ഡിജിറ്റൈസേഷന്‍ നടപടികളുമായി മുന്നോട്ടുപോകുന്നതില്‍ സന്തോഷമുണ്ട്. 'ഹെറിറ്റേജ് അറ്റ്ലസ്' തയാറാക്കാനുള്ള കൗണ്‍സില്‍ നടപടി ദീര്‍ഘവീക്ഷണത്തോടെയുള്ളതാണ്. ഇക്കാര്യത്തില്‍ അക്കാദമിക സഹകരണം നല്‍കാന്‍ എല്ലാ സര്‍വകലാശാലകളോടും ചാന്‍സലര്‍ എന്ന നിലയില്‍ താന്‍ അഭ്യര്‍ഥിക്കുമെന്നും ഗവര്‍ണര്‍ പറഞ്ഞു. എംജിഎസ്. നാരായണന്‍, കെഎന്‍ പണിക്കര്‍ എന്നിവരെ ഗവര്‍ണര്‍ പൊന്നാടയണിയിച്ച്‌ ഉപഹാരം നല്‍കി ആദരിച്ചു. പ്രഫ. ടി കെ രവീന്ദ്രനുവേണ്ടി മകന്‍ രാജീവ് ആദരം ഏറ്റുവാങ്ങി. മന്ത്രി സി. രവീന്ദ്രനാഥ് അധ്യക്ഷത വഹിച്ചു.

പ്രഫ. സുരേഷ് ജ്ഞാനേശ്വരന്‍, പ്രഫ. കേശവന്‍ വെളുത്താട്ട്, പ്രഫ. കെ.എന്‍. ഗണേശ് എന്നിവര്‍ ആദരപത്രം വായിച്ചു. കെ. മുരളീധരന്‍ എംഎല്‍എ, ഉന്നതവിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. ഉഷ ടൈറ്റസ്, കെ.സി.എച്ച്‌.ആര്‍ ചെയര്‍മാന്‍ ഡോ. പി.കെ. മൈക്കിള്‍ തരകന്‍, ഡയറക്ടര്‍ ഹരിത വി. കുമാര്‍ എന്നിവര്‍ സംസാരിച്ചു. മൂന്ന് ചരിത്രകാരന്മാരുടെ അക്കാദമിക സംഭാവനകളെക്കുറിച്ച്‌ സെമിനാര്‍ സംഘടിപ്പിച്ചു. പ്രഫ. സുരേഷ് ജ്ഞാനേശ്വരന്‍, പ്രഫ. കേശവന്‍ വെളുത്താട്ട്, പ്രഫ. കെഎന്‍ ഗണേശ് എന്നിവര്‍ പ്രബന്ധം അവതരിപ്പിച്ചു.

Top