• Thursday, November 28, 2024
  • A biweekly newspaper published from philadelphia , pa.
Malayalam Vartha US
Blog single photo

തിരുവനന്തപുരം സബ് കളക്ടര്‍ ദിവ്യ എസ് അയ്യരെ സ്ഥലം മാറ്റി

തിരുവനന്തപുരം: തിരുവനന്തപുരം സബ് കളക്ടര്‍ ദിവ്യ എസ് അയ്യരെ സ്ഥലം മാറ്റി. തദ്ധേശ സ്വയംഭരണ വകുപ്പിലേക്കാണ് സ്ഥലം മാറ്റം. വര്‍ക്കല ഭൂമി ഇടപാട് കേസില്‍ ദിവ്യയ്ക്കെതിരെ അന്വേഷണം നടക്കുന്ന സാഹചര്യത്തിലാണ് നടപടി. ഇന്ന് ചേര്‍ന്ന് മന്ത്രിസഭാ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്.

വര്‍ക്കല താലൂക്കില്‍ അയിരൂര്‍ വില്ലേജിലെ (ഇലകമണ്‍ പഞ്ചായത്ത്) വില്ലിക്കടവ് എന്ന സ്ഥലത്ത്, വര്‍ക്കല പാരിപ്പള്ളി സംസ്ഥാന പാതയോട് ചേര്‍ന്ന് സ്വകാര്യവ്യക്തിയില്‍ നിന്നും തഹസില്‍ദാരുടെ നേതൃത്വത്തില്‍ ഏറ്റെടുത്ത റവന്യു പുറമ്ബോക്ക് ഭൂമിയാണ് കൈവശക്കാരന് വിട്ടുകൊടുത്തുകൊണ്ട് സബ്കളക്ടര്‍ ഉത്തരവിറക്കിയത്. ചട്ടങ്ങള്‍ കാറ്റില്‍പ്പറത്തിയാണ് കോടികളുടെ സര്‍ക്കാര്‍ ഭൂമി ഭര്‍ത്താവ് ശബരിനാഥന്റെ കുടുംബ സുഹൃത്തുകൂടിയായ കോണ്‍ഗ്രസ് പ്രാദേശിക നേതാവിന് പതിച്ചു നല്‍കിയെന്നായിരുന്നു ആരോപണം.

തിരുവനന്തപുരം കലക്ടര്‍ വാസുകി അടക്കമുള്ളവർ‌ വിഷയത്തിൽ അന്വേഷണം നടത്തിയ ശേഷമാണു ദിവ്യയ്ക്കെതിരെ നടപടിയെടുത്തത്. അയിരൂര്‍ വില്ലേജില്‍ സ്വകാര്യവ്യക്തി കൈവശം വച്ചിരുന്ന 27 സെന്റ് ഭൂമി റോ‍ഡ് പുറമ്പോക്കാണെന്നു കണ്ടെത്തി ജൂലൈ 19ന് വര്‍ക്കല തഹസില്‍ദാര്‍ എറ്റെടുത്തിരുന്നു. ഇതിനെതിരെ സ്വകാര്യവ്യക്തി ഹൈക്കോടതിയെ സമീപിച്ചു. ഉചിതമായ തീരുമാനമെടുക്കാന്‍ ഹൈക്കോടതി സബ്കലക്ടറെ ചുമതലപ്പെടുത്തി. ഇതനുസരിച്ചു പരാതിക്കാരിയുടെ വാദം കേട്ട സബ്കലക്ടര്‍ തഹസില്‍ദാറുടെ നടപടി റദ്ദാക്കുകയും ഭൂമി സ്വകാര്യവ്യക്തിക്കു തിരികെ നല്‍കുകയുമായിരുന്നു.

വര്‍ക്കല ഭൂമി പ്രശ്‌നത്തില്‍ തിരുവനന്തപുരം സബ് കളക്ടര്‍ ദിവ്യ എസ് അയ്യര്‍ക്ക് വീഴ്ച പറ്റിയെന്ന് ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ റവന്യൂ മന്ത്രിക്ക് അയച്ച കത്തില്‍ വ്യക്തമാക്കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട അന്വേഷണം പുരോഗമിക്കുകയാണ്. ഇതിനിടെയാണ് ഇപ്പോള്‍ സ്ഥലംമാറ്റം.

Top