ന്യുയോര്‍ക്ക്: ഡോ ജോര്‍ജ് ജോസഫ് നെടി (സ്‌കറിയ നെടുംതകിടി 93) ആല്‍ബനിയില്‍ നിര്യാതനായി. കോട്ടയം ജില്ലയിലെ കാഞ്ഞിരമറ്റത്ത് നെടുംതകിടി വര്‍ക്കിച്ചന്റെയും ത്രേസ്യാമ്മയുടെയും ഇളയപുത്രനായി 1926ല്‍ ജനിച്ചു. പാളയംകോട്ട് സെയിന്റ് സേവിയേഴ്‌സ് കോളേജില്‍ നിന്നും ബിരുദം നേടിയശേഷം പൂനാ പേപ്പല്‍ സെമിനാരിയില്‍ വൈദിക പഠനം നടത്തി. 1955ല്‍ ഈശോസഭാ വൈദികനായി അഭിഷിക്തനായി. റോമിലെ ഗ്രിഗോറിയന്‍ സര്‍വകലാശാലയില്‍ നിന്നും തത്ത്വശാസ്‌ത്രത്തില്‍ ബിരുദാനന്തര ബിരുദവും, ദൈവശാസ്‌ത്രത്തില്‍ ഡോക്ടറേറ്റും കരസ്ഥമാക്കി.
പൂനായിലെ പേപ്പല്‍ സെമിനാരിയിലും, ഡി നോബിലി കോളേജിലും ദൈവശാസ്‌ത്ര പ്രൊഫസറായി ഒന്നര പതിറ്റാണ്ടോളം സേവനം അനുഷ്‌ഠിച്ചു. വൈദികവൃത്തിക്കിടയില്‍, പൂനായിലെ ഫാക്ടറി ജോലിക്കാരുടെ ഉന്നമനത്തിനായി നിശാപാഠശാലകളും, വയോജന വിദ്യാസങ്കേതങ്ങളും അദ്ദേഹം സ്ഥാപിച്ചു നടത്തിയിരുന്നു.1
1974ല്‍ വാഷിങ്ങ്‌ടണിലെ കാത്തലിക് സര്‍വകലാശാലയില്‍ നിന്നും ഗൈഡന്‍സ് കൗണ്‍സലിങ്ങില്‍ ബിരുദാനന്തര ബിരുദം നേടി. 1977ല്‍ പൗരോഹിത്യത്തോട് വിട പറഞ്ഞു. ഗ്രേസിക്കുട്ടിയെ വിവാഹം ചെയ്‌തു. ആല്‍ബനിയില്‍ താമസമാക്കി. ന്യൂയോര്‍ക് സ്‌റ്റേറ്റിലെ ജയില്‍വാസികള്‍ക്ക് മാര്‍ഗ്ഗനിര്‍ദേശം നല്‍കുന്ന ദൗത്യത്തില്‍ വ്യാപൃതനായി കാല്‍ നൂറ്റാണ്ടോളം സേവനം അനുഷ്‌ഠിച്ചു.
മകള്‍ ടെസ്സി, മകന്‍ ജോ
ലളിത ജീവിതം വ്രതമാക്കിയിരുന്ന ഡോക്ടര്‍ നെടിയുടെ അഭിലാഷമായിരുന്നു മരണാനന്തര ചടങ്ങുകള്‍ ഒഴിവാക്കണമെന്നത്. ആഗസ്റ്റ്‌മൂന്ന് അനുസ്‌മരണ ദിനമായി ആചരിക്കുവാന്‍ കുടുംബാംഗങ്ങളും സ്‌നേഹിതരും ആഗ്രഹിക്കുന്നു. വിശദവിവരങ്ങള്‍ക്ക് 5187134926 (ഗ്രേസി) വിളിക്കുക..