ന്യൂയോർക്ക്: മാർത്തോമ്മ സഭയുടെ മേലധ്യക്ഷൻ ഡോ.ജോസഫ് മാർത്തോമ്മ മെത്രാപ്പോലീത്ത ഫെബ്രുവരി 8 ന് സഭയുടെ ബിഷപ് ആയിട്ട് 43 വർഷം പൂർത്തീകരിച്ചു. വിവിധ സഭാ മേലധ്യക്ഷന്മാർ മെത്രാപ്പോലീത്തയെ ആശംസകൾ അറിയിച്ചു. പരിശുദ്ധ പാത്രിയർക്കിസ് ബാവയുടെ പ്രതിനിധിയും ബെൽജിയം ആർച്ച് ബിഷപ്പുമായ മോർ ജോർജ്ജ് ജൂറി മെത്രാപ്പോലീത്ത മാർത്തോമ്മ സഭയുടെ ആസ്ഥാനമായ തിരുവല്ല പൂലാത്തിനിൽ എത്തി നേരിട്ട് അനുമോദനങ്ങൾ നേർന്നു.
പുരാതനമായ മാരാമൺ പാലക്കുന്നത്തു കുടുംബത്തിൽ 1931 ജൂൺ 27ന് ജനിച്ച
ഡോ.ജോസഫ് മാർത്തോമ്മ 1957 ഒക്ടോബർ 18ന് പട്ടത്വശുശ്രൂഷയിൽ പ്രവേശിക്കുകയും തുടർന്ന് 1975 ഫെബ്രുവരി 8ന് എപ്പിസ്കോപ്പയായി സ്ഥാനാരോഹണം ചെയ്തു. 2017 ഒക്ടോബർ 18ന് പട്ടത്വശുശ്രൂഷയിൽ 60 വർഷം പൂർത്തീകരിച്ചു.
ജൂൺ 27 ന് 87 വയസ്സ് പൂർത്തീകരിക്കുന്ന ഡോ.ജോസഫ് മാർത്തോമ്മ വർഷങ്ങളായി ഉപയോഗിക്കുന്ന മാരുതി 800 കാറിൽ തിരുവല്ലായിൽ നിന്നും സ്വന്തമായി ഡ്രൈവ് ചെയ്ത് മാരാമണ്ണിൽ വന്ന് ഞായറാഴ്ച്ച ആരംഭിക്കുന്ന 123 - മത് മാരാമൺ കൺവെൻഷന്റെ കാൽനട്ടു കർമ്മം കഴിഞ്ഞ മാസം നിവഹിച്ചത് ഏവരെയും അത്ഭുതപ്പെടുത്തി.
അമേരിക്കയിലെ വെർജീനിയ സെമിനാരി, സെറാമ്പൂർ യൂണിവേഴ്സിറ്റി, അലഹബാദ് അഗ്രി കൾച്ചറൽ യൂണിവേഴ്സിറ്റി എന്നിവിടങ്ങളിൽ നിന്നായി മൂന്ന് ഡോക്ടറേറ്റ് കരസ്ഥമാക്കിയ ഡോ.ജോസഫ് മാർത്തോമ്മ 2007 ഒക്ടോബർ 2 മുതൽ മാർത്തോമ്മ സഭയുടെ പരമാധ്യക്ഷനായി തുടരുന്നു.