കൊല്ലം: കൊല്ലം രൂപതയുടെ പുതിയ മെത്രാനായി ഡോ.പോള്‍ ആന്റണി മുല്ലശേരി അഭിഷിക്തനായി. കൊല്ലം ഫാത്തിമാ മാതാ നാഷണല്‍ കോളജ് ഗ്രൗണ്ടില്‍ പ്രത്യേകം തയാറാക്കിയ വേദിയിലായിരുന്നു മെത്രാഭിഷേക ചടങ്ങുകള്‍ നടന്നത്.
ചടങ്ങുകള്‍ക്ക് രൂപതാ മെത്രാനും അപ്പോസ്തലിക് അഡ്മിനിസ്ട്രേറ്ററുമായ ഡോ.സ്റ്റാന്‍ലി റോമന്‍ മുഖ്യകാര്‍മികത്വം വഹിച്ചു. പുനലൂര്‍ രൂപതാ മെത്രാന് ഡോ.സെല്‍വിസ്റ്റര്‍ പൊന്നുമുത്തന്‍, കണ്ണൂര്‍ രൂപതാ മെത്രാന് ഡോ. അലക്സ് വടക്കുംതല എന്നിവര്‍ സഹകാര്‍മികരായി. കെസിബിസി പ്രസിഡന്റും തിരുവനന്തപുരം അതിരൂപതാ മെത്രാനുമായ ഡോ.സൂസൈപാക്യം അനുഗ്രഹപ്രഭാഷണം നടത്തി. കത്തോലിക്കാ സഭയിലെ 30 മെത്രാന്മാരും 300-ല്‍പ്പരം വൈദികരും ദിവ്യബലി അര്‍പ്പണത്തിലും തിരുകര്‍മങ്ങളിലും പങ്കുചേര്‍ന്നു. തുടര്‍ന്ന് മെത്രാന് പോള്‍ ആന്റണി മുല്ലശേരി നന്ദിയര്‍പ്പിച്ച് പ്രസംഗിച്ചു.
ഏഷ്യയിലെ ആദ്യത്തെ പ്രഥമ കത്തോലിക്കാ രൂപതയായ കൊല്ലത്തിന്റെ നാലാമത്തെ തദ്ദേശീയ മെത്രാനാണ് മാര്‍. പോള്‍ ആന്റണി മുല്ലശേരി. ബിഷപ് ജെറോം, ബിഷപ് ഡോ.ജോസഫ് ജി.ഫെര്‍ണാണ്ടസ്, ബിഷപ് ഡോ.സ്റ്റാന്‍ലി റോമന്‍ എന്നിവരാണ് മുന്‍ഗാമികള്‍.