ഐസ്‌വാള്‍: കുമ്മനം രാജശേഖരനെ മിസോറാം ഗവര്‍ണര്‍ സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതി രാംനാഥ് കോവിന്ദിന് അപേക്ഷ. മിസോറാമിലെ പീപ്പിള്‍സ് റെപ്രസന്റേഷന്‍ ഫോര്‍ ഐഡന്റിറ്റി ആന്‍ഡ് സ്റ്റാറ്റസ് ഓഫ് മിസോറാം (പ്രിസം) എന്ന സംഘടനയാണ് അപേക്ഷ നല്‍കിയത്. തിങ്കളാഴ്ചയാണ് അപേക്ഷ നല്‍കിയത്.
കുമ്മനത്തിന്റെ രാഷ്ട്രീയ പശ്്ചാത്തലവും മതനിരപേക്ഷ വിരുദ്ധതയും അദ്ദേഹത്തെ ഗവര്‍ണര്‍ സ്ഥാനത്തിന് അയോഗ്യനാക്കിയിരിക്കുകയാണെന്ന് അപേക്ഷയില്‍ ചൂണ്ടിക്കാട്ടുന്നു. ഈ മാസം നാല് മുതല്‍ ഒന്‍പത് വരെ കുമ്മനത്തെ ഗവര്‍ണറാക്കിയതിനെതിരെ ഒപ്പ് ശേഖരണം നടന്നിരുന്നു. 53,167 പേരാണ് ഇതില്‍ ഒപ്പിട്ടത്. ഈ വര്‍ഷം അവസാനത്തോടെ സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ കുമ്മത്തിന്റെ നിയമനം സംശയാസ്പദമാണെന്നും പ്രിസം ആരോപിച്ചു.
മിസോറാം ഗവര്‍ണറായി നിയമിതനാകുന്നതിന് തൊട്ടുമുന്‍പ് വരെ കുമ്മനം കേരളത്തില്‍ ബി.ജെ.പി സഗസ്ഥാന അധ്യക്ഷനായിരുന്നു. അതുകൊണ്ടു തന്നെ സംസ്ഥാനത്തെ ജനങ്ങളുടെ താല്‍പ്പര്യത്തിന് അനുസരിച്ച് കുമ്മനം പ്രവര്‍ത്തിക്കുമോ എന്നത് സംശയകരമാണെന്നും പ്രിസം ആരോപിച്ചു.