തിരഞ്ഞെടുപ്പിനെക്കാള്‍ വലിയ ചൂട് ശരീരത്തില്‍ അനുഭവിച്ചറിയുകയാണ്, ഇപ്പോള്‍ നാട്ടിലുള്ള ഏതൊരു മലയാളിയും. സംസ്ഥാന രൂപവല്‍ക്കരണത്തിനു (1956) ശേഷമുള്ള ഏറ്റവും കടുത്ത വരള്‍ച്ചയാണു സമീപവര്‍ഷങ്ങളിലായി കേരളം അനുഭവിച്ചുകൊണ്ടിരിക്കുന്നത്. ജലനിരപ്പ് ആശങ്കാജനകമായ നിലയിലേക്കു താഴുന്നുമുണ്ട്.
പ്രളയം കഴിഞ്ഞ് അധികംവൈകാതെയാണു കേരളം വരള്‍ച്ചയുടെ പിടിയിലമര്‍ന്നിരിക്കുന്നത്. ജലക്ഷാമത്തോടൊപ്പം ചൂടുകാല പകര്‍ച്ചവ്യാധികള്‍ വരവറിയിക്കുകയും ചെയ്‌തിരിക്കുന്നു. സൂര്യാഘാതത്താലുള്ള മരണം ഈ വേനലാരംഭത്തില്‍തന്നെ നാം കേട്ടുതുടങ്ങി. ഉഷ്‌ണതരംഗം, സൂര്യാഘാതം, സൂര്യാതപം എന്നിവയെ ഇനി സംസ്ഥാന സവിശേഷദുരന്തങ്ങളായി ഔദ്യോഗികമായി കണക്കാക്കും.
സംസ്‌ഥാനത്തു പെയ്‌തുവീഴുന്ന ശരാശരി 300 സെന്റിമീറ്റര്‍ മഴയുടെ 20 ശതമാനമെങ്കിലും പിടിച്ചുവയ്‌ക്കാന്‍ കഴിഞ്ഞാല്‍ ഏതു കൊടുംവേനലിനെയും നേരിടാന്‍ കഴിയുമെന്നിരിക്കെയാണ് വരള്‍ച്ചയ്‌ക്കുമുന്നില്‍ തൊണ്ടവരണ്ടു കേരളം നില്‍ക്കുന്നത്. സംസ്ഥാനത്തെ കിണറുകളില്‍ ശരാശരി 40 മുതല്‍ 60 ശതമാനം വരെ വേനല്‍ക്കാലത്തു വറ്റുന്നുവെന്നാണു സര്‍ക്കാരിന്റെ ഔദ്യോഗിക കണക്ക്. സംസ്ഥാനത്തെ നാലര ലക്ഷം കിണറുകള്‍ റീചാര്‍ജ് ചെയ്യാനായി സര്‍ക്കാര്‍ പ്രഖ്യാപിച്ച പദ്ധതിയാകട്ടെ, കാര്യമായി മുന്നോട്ടുപോകുന്നില്ല. മേല്‍ക്കൂരയില്‍ നിന്നുള്ള മഴവെള്ളം ശുദ്ധീകരിച്ചു നേരിട്ടു കിണറ്റിലേക്കിറക്കിയും കിണറിനു ചുറ്റും മഴക്കുഴികള്‍ നിര്‍മിച്ചുമാണു റീചാര്‍ജിങ് ഉദ്ദേശിച്ചത്.
കിണറുകളും കുളങ്ങളും സംരക്ഷിക്കാനായാല്‍ ജലലഭ്യത ബഹുഭൂരിപക്ഷം ജനങ്ങളിലെത്തുമെന്ന വസ്‌തുത മറന്ന്, പൈപ്പ് വെള്ള വിതരണത്തെ എത്രയോ കാലം ആസൂത്രകര്‍ ആശ്രയിച്ചതാണ് പറ്റിയ വലിയ വീഴ്‌ച. ഉള്ള പൈപ്പുകളുടെ കാര്യം പറയാതിരിക്കുകയാണു നല്ലത്. ശുദ്ധജലവിതരണം മുടക്കി പൈപ്പുകള്‍ പൊട്ടുന്നതിനെതിരെ മന്ത്രി ജി.സുധാകരന്റെ രൂക്ഷ വിമര്‍ശനമുണ്ടായത് ഈയിടെയാണ്. ആലപ്പുഴ ശുദ്ധജലപദ്ധതിയില്‍ 101 ശതമാനം അഴിമതിയാണെന്നു പറഞ്ഞ മന്ത്രി, പദ്ധതിയുടെ കരാറുകാരനില്‍നിന്നു കൈക്കൂലി വാങ്ങിയ 24 രാഷ്ട്രീയക്കാരുടെ പട്ടിക കയ്യിലുണ്ടെന്നും ആരോപിക്കുകയുണ്ടായി.
ജലപാഠങ്ങള്‍ മറന്നതുകൊണ്ടുള്ള ശിക്ഷ അനുഭവിക്കുകയാണിപ്പോള്‍ കേരളം. കാട്, കാവ്, കുളം, പാടം തുടങ്ങിയ പ്രകൃതിയുടെ സൗഭാഗ്യങ്ങളോരോന്നായി നമ്മെ വിട്ടകലുന്നതോടൊപ്പം പ്രതിശീര്‍ഷ ജലലഭ്യതയുടെ കാര്യത്തില്‍ കേരളം ഏറെ പിന്നിലാവുകയും ചെയ്‌തു. 44 നദികളുണ്ടെന്നു നാം കാലങ്ങളായി മേനിപറഞ്ഞുകൊണ്ടിരിക്കുകയാണെങ്കിലും അവയില്‍ പലതും വേനല്‍ത്തുടക്കത്തില്‍തന്നെ വറ്റിവരളാനും തുടങ്ങി. ഇതോടൊപ്പമായിരുന്നു ഭൂഗര്‍ഭജലത്തിന്റെ വറ്റലും. ജലസംരക്ഷണത്തിലൂടെയും മഴവെള്ള സംഭരണത്തിലൂടെയും ഇതിനകം ജലലഭ്യത ഉറപ്പുവരുത്തിയ പല പഞ്ചായത്തുകളും സ്ഥാപനങ്ങളും കൂട്ടായ്‌മകളും കേരളത്തിലുണ്ട്.
തിരഞ്ഞെടുപ്പിലുള്ള ശ്രദ്ധ വരള്‍ച്ചാ ദുരിതാശ്വാസപ്രവര്‍ത്തനങ്ങളെ ബാധിക്കാതിരിക്കാനുള്ള നിരന്തരജാഗ്രതയും ഫലപ്രദമായ ഏകോപനവുമാണ് ഇപ്പോള്‍ സര്‍ക്കാര്‍ഭാഗത്തുനിന്നു കേരളം പ്രതീക്ഷിക്കുന്നത്.