• Thursday, November 28, 2024
  • A biweekly newspaper published from philadelphia , pa.
Malayalam Vartha US
Blog single photo

പൊടിക്കാറ്റ് ശക്തമാവുമെന്ന് മുന്നറിയിപ്പ്; മരണം 124 ആയി

ന്യൂഡല്‍ഹി: കേരളത്തിലടക്കം രാജ്യത്തിന്‍െറ വിവിധയിടങ്ങളില്‍ ഇന്ന് ശക്തമായ ചുഴലിക്കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. പൊടിക്കാറ്റിനെ തുടര്‍ന്ന് ഇതിനകം 124 പേര്‍ മരണപ്പെട്ട ഡല്‍ഹി, ഉത്തര്‍പ്രദേശ്, ബീഹാര്‍ തുടങ്ങിയ സംസ്ഥാനങ്ങളിലടക്കം കാലാവസ്ഥ മോശമാകുമെന്നാണ് മുന്നറിയിപ്പ്.

ജമ്മുകശ്മീര്‍, ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ്, ഹരിയാന, ചണ്ഡീഗഢ്, ഡല്‍ഹി, പഞ്ചാബ്, ബീഹാര്‍, ജാര്‍ഖണ്ഡ്, സിക്കിം, ഒഡീഷ, വടക്കുപടിഞ്ഞാറന്‍ മധ്യപ്രദേശ്, തെലങ്കാന, റായലസീമ, വടക്ക് തീരദേശ ആന്ധ്രാപ്രദേശ്, തമിഴ്നാട്, കേരളം എന്നിവിടങ്ങളിലാണ് കാറ്റ് ശക്തി പ്രാപിക്കുക. ശക്തമായ കാറ്റിനൊപ്പം ചുഴലിക്കാറ്റും ആഞ്ഞടിക്കുമെന്ന് കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നല്‍കി.അടുത്ത ഏതാനും ദിവസങ്ങളില്‍ ശക്തമായ കാറ്റ് തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

പൊടിക്കാറ്റിനെ തുടര്‍ന്ന് രാജസ്ഥാനില്‍ 35 പേര്‍ മരിക്കുകയും 209 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. മിന്നലേറ്റാണ് മിക്കവരും മരിച്ചതെന്നാണ് ഒൗദ്യോഗിക വിശദീകരണം. കാറ്റില്‍ 12,000 വൈദ്യുത പോസ്റ്റുകളും 2,500 ട്രാന്‍സ്ഫോമറുകളും തകര്‍ന്നതിനാല്‍ വൈദ്യുതി വിതരണം തടസ്സപ്പെട്ടിരിക്കുകയാണ്.

ഉത്തര്‍പ്രദേശില്‍ 73 പേരാണ് മരിച്ചത്. 91 പേര്‍ക്ക് പരിക്കേറ്റു. തെലങ്കാനയില്‍ കാറ്റിനെ തുടര്‍ന്ന് നിരവധി മരങ്ങളാണ് തകര്‍ന്നത്. വൈദ്യുതിയില്ലാത്തതിനാല്‍ കഴിഞ്ഞ രാത്രി മുതല്‍ തെലങ്കാനയുടെ പല ഭാഗങ്ങളും ഇരുട്ടിലാണ്. ഇവിടെ രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ ആറ് പേരാണ് മരിച്ചത്.

Top