തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ വാക്കുതര്‍ക്കത്തിനിടെ ഡിവൈഎസ്‌പി പിടിച്ചുതള്ളിയ യുവാവ് വാഹനമിടിച്ച് മരിച്ച സംഭവം ക്രൈംബ്രാഞ്ച് അന്വേഷിക്കും. ഇതു സംബന്ധിച്ച് ഡിജിപി ലോക്‌നാഥ് ബെഹ്‌റ ഉത്തരവിറക്കി. റൂറല്‍ എസ്‌പിയുടെ ശുപാര്‍ശ പ്രകാരമാണ് ഡിജിപിയുടെ നടപടി. പൊലീസ് ഉദ്യോഗസ്ഥന്‍ പ്രതിയായ കേസില്‍ അന്വേഷണത്തിന് പരിമിതികള്‍ ഉണ്ടെന്നും പ്രതി സംസ്ഥാനം വിട്ട സാഹര്യത്തില്‍ അന്വേഷണം കൈമാറുന്നതാണ് ഉചിതമെന്നുമായിരുന്നു ശുപാര്‍ശ.
കേസിലെ പ്രതി ഡിവൈഎസ്‌പി ഹരികുമാറിന്റെ പാസ്‌പോര്‍ട്ട് കണ്ടുകെട്ടാന്‍ നിര്‍ദ്ദേശമുണ്ട്.ഇയാള്‍ക്കെതിരേ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കുന്നതിന് മുന്നോടിയായാണു പാസ്‌പോര്‍ട്ട് കണ്ടുകെട്ടുന്നത്. സംഭവശേഷം ഒളിവില്‍ പോയ ഹരികുമാറിനെ ഇതുവരെ പിടികൂടാന്‍ പൊലീസിന് സാധിച്ചിട്ടില്ല. ഹരികുമാര്‍ തമിഴ്‌നാട്ടിലെ മധുരയിലേക്ക് കടന്നതായി പൊലീസിനു വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് സംഘം മധുരയിലേക്ക് പോയിട്ടുണ്ട്.
തിങ്കളാഴ്ച രാത്രി വാക്കുതര്‍ക്കത്തിനിടെ ഡിവൈഎസ്‌പി പിടിച്ചുതള്ളിയ മണലൂര്‍ സ്വദേശി ഇലക്‌ട്രീഷ്യനും പ്ലമ്ബറുമായ നെയ്യാറ്റിന്‍കരയ്ക്കു സമീപം കൊടങ്ങാവിള കാവുവിള കിടത്തലവിളാകം വീട്ടില്‍ എസ്.സനല് (33) മറ്റൊരു വാഹനമിടിച്ചു മരിക്കുകയായിരുന്നു. കഴിഞ്ഞദിവസം രാത്രി ഒന്‍പതരയ്ക്കു കൊടങ്ങാവിള ജംഗ്ഷനില്‍ വാഹനം പാര്‍ക്ക് ചെയ്തതിനെച്ചൊല്ലി ഡിവൈഎസ്‌പി ഹരികുമാറും സനല്‍കുമാറും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. ഇതിനിടയില്‍ ഹരികുമാര്‍ സനലിനെ പിടിച്ചുതള്ളി.
പിറകിലേക്ക് ആഞ്ഞ സനലിനെ അതുവഴിയെത്തിയ കാര്‍ ഇടിച്ചുവീഴ്‌ത്തി. സനലിനെ ആദ്യം നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലും എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.സനലിന്റെ കുടുംബത്തിന് 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ സര്‍ക്കാര്‍ പരിഗണിക്കണമെന്ന് ആക്ഷന്‍ കൗണ്‍സില്‍ ആവശ്യപ്പെട്ടിരുന്നു.
സംഭവത്തില്‍ നെയ്യാറ്റിന്‍കര ഡിവൈഎസ്‌പി ഹരികുമാറിനെതിരേ കൊലപാതകക്കുറ്റത്തിനു പൊലീസ് കേസെടുത്തു. ഒളിവില്‍പോയ ഡിവൈഎസ്‌പി ഹരികുമാറിനെ സര്‍വീസില്‍നിന്നു സസ്‌പെന്‍ഡ് ചെയ്തു. വാഹനമിടിച്ച് നിലത്തുവീണ സനലിനെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ പോലും ഡിവൈഎസ്‌പി തയാറായില്ലെന്ന് ആക്ഷേപമുണ്ട്.
കൊടങ്ങാവിളയില്‍ സ്വകാര്യ പണമിടപാടു സ്ഥാപനം നടത്തുന്ന കെ.ബിനുവിന്റെ വീടിനു മുന്നില്‍ തിങ്കളാഴ്ച രാത്രി പത്തരയോടെയായിരുന്നു സംഭവം. ഈ വീട്ടിലെ പതിവു സന്ദര്‍ശകനായ ഹരികുമാര്‍ രാത്രി പുറത്തിറങ്ങിയപ്പോള്‍ തന്റെ കാറിനു മുന്നില്‍ മറ്റൊരു കാര്‍ നിര്‍ത്തിയിട്ടിരിക്കുന്നതു കണ്ടു രോഷാകുലനായി. സമീപത്തെ തട്ടുകടയില്‍ ഭക്ഷണം കഴിക്കുകയായിരുന്ന സനലിന്റേതായിരുന്നു കാര്‍. ആക്രോശം കേട്ട് ഓടിവന്ന സനലിനോടും ഇദ്ദേഹം തട്ടിക്കയറി. യൂണിഫോമില്‍ അല്ലാതിരുന്നതിനാല്‍ ഡിവൈഎസ്‌പിയെ സനല്‍ തിരിച്ചറിഞ്ഞില്ല.
ഇരുവരുടെയും തര്‍ക്കം മൂത്തപ്പോള്‍ ഹരികുമാര്‍ സനലിനെ മര്‍ദിച്ചു കഴുത്തിനു പിടിച്ചു റോഡിലേക്കു തള്ളുകയായിരുന്നെന്നു ദൃക്‌സാക്ഷികള്‍ പറഞ്ഞു. അമിത വേഗത്തില്‍ വന്ന കാറിനു മുന്നിലേക്കാണു വീണത്. അതോടെ ഹരികുമാര്‍ അവിടെ നിന്ന് ഓടി. പിന്നാലെ പാഞ്ഞ നാട്ടുകാരില്‍ ചിലര്‍ ഇദ്ദേഹത്തെ മര്‍ദിച്ചതായും പറയുന്നു. ബിനു ഡിവൈഎസ്‌പിയുടെ കാര്‍ അവിടെ നിന്നു മാറ്റി. ഗുരുതരാവസ്ഥയില്‍ സനലിനെ നാട്ടുകാര്‍ നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയിലും തുടര്‍ന്നു മെഡിക്കല്‍ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വിജിയാണു ഭാര്യ. മക്കള്‍: ആല്‍ബിന്‍, എബിന്‍.
സംഭവത്തിനു ദൃക്‌സാക്ഷിയായ സനലിന്റെ സുഹൃത്തുകൊടങ്ങാവിള ചെമ്ബനാവിളയില്‍ ഷൈജുവിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണു ഹരികുമാറിനെതിരെ കൊലക്കുറ്റത്തിനു കേസെടുത്തത്. നെടുമങ്ങാട് എഎസ്‌പി: സുജിത്ദാസിനാണ് അന്വേഷണച്ചുമതല. പൊലീസ് ആസ്ഥാനത്തെ എഐജി വകുപ്പുതല അന്വേഷണം നടത്തും. ആദ്യം ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പി സി.അശോകനെയാണ് അന്വേഷണം ഏല്‍പിച്ചത്. മണിക്കൂറുകള്‍ക്കകം ഉദ്യോഗസ്ഥനെ മാറ്റി. ഡിവൈഎസ്‌പിയുടെ അറസ്റ്റ് ആവശ്യപ്പെട്ടു സനലിന്റെ മൃതശരീരവുമായി നാട്ടുകാര്‍ ഏറെ നേരം നെയ്യാറ്റിന്‍കരയില്‍ ദേശീയപാത ഉപരോധിച്ചു.