രാജ്യത്ത് ഇ സിഗരറ്റുകള്‍ നിരോധിച്ച് കേന്ദ്രസര്‍ക്കാര്‍. സിഗരറ്റുകളുടെ നിര്‍മാണം, കയറ്റുമതി, ഇറക്കുമതി, കച്ചവടം, വിതരണം, ശേഖരണം, പരസ്യം ചെയ്യല്‍ എന്നിവയാണ് നിരോധിച്ചിരിക്കുന്നതെന്ന് കേന്ദ്ര മന്ത്രി നിര്‍മലാ സീതാരാമന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. പ്രധാനമന്ത്രിയുടെ ഓഫിസിന്റെ നിര്‍ദേശപ്രകാരം മന്ത്രിമാരുടെ പ്രത്യേക സംഘം ഇ സിഗരറ്റ് നിരോധന ഓര്‍ഡിനന്‍സ് പരിശോധിച്ചിരുന്നു.
നിയമം ലംഘിക്കുന്നവര്‍ക്കെതിരെ ഒരു വര്‍ഷം വരെ തടവും ഒരു ലക്ഷം രൂപ പിഴയുമാണ് ശിക്ഷയായി കരട് ഓര്‍ഡിനന്‍സില്‍ ആരോഗ്യമന്ത്രാലയം മുന്നോട്ടുവച്ചത്. നിരോധനത്തിനു രണ്ടാം മോദി സര്‍ക്കാരിന്റെ 100 ദിന അജന്‍ഡയില്‍ മുഖ്യപ്രധാന്യം നല്‍കിയിരുന്നു. കര്‍ണാടക, കേരളം, മിസോറം, മഹാരാഷ്ട്ര, ജമ്മു ആന്‍ഡ് കശ്‌മീര്‍, ഉത്തര്‍പ്രദേശ്, ബിഹാര്‍ എന്നീ സംസ്ഥാനങ്ങളില്‍ ഇ സിഗരറ്റുകള്‍ക്കു നേരത്തേ നിരോധനമുണ്ട്.
ഇ സിഗരറ്റ് ഉപയോഗിച്ചു തുടങ്ങുന്ന യുവാക്കള്‍ മറ്റു നിക്കോട്ടിന്‍ ഉല്‍പന്നങ്ങള്‍ ക്രമേണ ഉപയോഗിക്കുന്നുവെന്നാണു കണ്ടെത്തല്‍. അതിനാല്‍ ഇ സിഗറ്റ് ഉള്‍പ്പെടെയുള്ളവ നിരോധിക്കുന്നതു പരിഗണനയിലാണെന്നു കേന്ദ്ര ആരോഗ്യമന്ത്രാലയം ഹൈക്കോടതിയില്‍ നേരത്തേ അറിയിച്ചിരുന്നു.