കൊച്ചി: നിര്‍മ്മിത പൊതുബുദ്ധിയും(ആര്‍ട്ടിഫിഷ്യല്‍ ജനറല്‍ ഇന്റലിജന്‍സ്) യന്ത്രമനുഷ്യനും എത്രത്തോളം വളര്‍ന്നാലും മനുഷ്യന്റെ നിശ്ചിത തൊഴില്‍ അവസരങ്ങള്‍ക്ക് ഭീഷണിയുണ്ടാകില്ലെന്ന് റിസര്‍വ് ബാങ്ക് മുന്‍ ഗവര്‍ണറും പ്രശസ്ത സാമ്ബത്തിക വിദഗ്ധനുമായ രഘുറാം രാജന്‍ പറഞ്ഞു. കൊച്ചിയില്‍ സംഘടിപ്പിച്ച ആഗോള ഡിജിറ്റല്‍ ഉച്ചകോടിയായ ഹാഷ് ഫ്യൂച്ചര്‍ സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
നിര്‍മ്മിതബുദ്ധിയും യന്ത്രമനുഷ്യനും ഉടന്‍ തന്നെ മനുഷ്യന്റെ ജോലികള്‍ക്ക് പകരമാകുമെന്ന ഭീഷണി അമ്ബതുകള്‍ മുതലുണ്ടെന്ന് രഘുറാം രാജന്‍ പറഞ്ഞു. എന്നാല്‍ നൈപുണ്യവും സഹാനുഭൂതിയും ആവശ്യമുള്ള തൊഴില്‍ മേഖലകളില്‍ ഇന്നും മനുഷ്യന്റെ ആധിപത്യമാണ് തുടരുന്നതെന്ന് അദ്ദേഹം പറഞ്ഞു. അവിദഗ്ധ തൊഴിലാളികള്‍ക്ക് ജോലി നഷ്ടപ്പെടുന്ന അവസ്ഥയുണ്ട്. എന്നാല്‍ നൈപുണ്യമുള്ള തൊഴിലാളികള്‍ക്ക് ജോലി അവസരങ്ങള്‍ വര്‍ധിക്കുകയാണെന്നും നഴ്‌സിംഗ് അടക്കമുള്ളവ ചൂണ്ടിക്കാട്ടി അദ്ദേഹം പറഞ്ഞു.
സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങളില്‍ കഴിവതും ഇന്ത്യയില്‍ നിന്നുള്ള മൂലധനം ഉപയോഗപ്പെടുത്താന്‍ ശ്രമിക്കണമെന്ന് അദ്ദേഹം പറഞ്ഞു. അങ്ങനെ വന്നാല്‍ ഇവിടുത്തെ സാമ്ബത്തിക വ്യവസ്ഥയ്ക്ക് അത് കൂടുതല്‍ കരുത്തു പകരും. നഷ്ടത്തെക്കുറിച്ചുള്ള ആശങ്ക അതിജീവിച്ച് സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങള്‍ക്ക് ധനസഹായഫണ്ട് രൂപീകരിക്കണം. രാജ്യത്തെ ഡാറ്റയുടെ ഉടമസ്ഥാവകാശം സംബന്ധിച്ചും വ്യക്തത വരുത്തണമെന്നും അദ്ദേഹം പറയുന്നു.
ഇന്ത്യയില്‍ പരീക്ഷണങ്ങള്‍ നടത്തി ഉത്പന്നങ്ങള്‍ പുറത്തിറക്കുന്നതില്‍ സാവകാശത്തിന്റെ കുറവുണ്ടെന്ന് രഘുറാം രാജന്‍ പറഞ്ഞു. മാതൃകകള്‍ വാണിജ്യാടിസ്ഥാനത്തില്‍ പുറത്തിറക്കുന്നതിനു മുമ്ബ് ക്ഷമയോടെ ആവശ്യമായ പരീക്ഷണങ്ങള്‍ നടത്തണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ആഗോളതലത്തിലുള്ള മത്സരമാണ് ഇന്ത്യയും കേരളവും നേരിടേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. ഈ മത്സരത്തിന് ഇവിടുത്തെ സമൂഹം സജ്ജമാകേണ്ടതുണ്ട്. ഇന്നും ഉന്നത വിദ്യാഭ്യാസ രംഗത്ത് ആഗോള നിലവാരത്തിലുള്ള സ്ഥാപനങ്ങള്‍ ഇവിടെ കുറവാണ്. രാജ്യത്തെ മികച്ച ബുദ്ധി കേന്ദ്രങ്ങള്‍ ഇന്ന് വിദേശത്താണുള്ളത്. ഇവരെ തിരികെ കൊണ്ടു വരണമെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തെ ഇടത്തരം ജനസമൂഹത്തിന് ഉന്നമനം കൊണ്ടു വരണം. റിക്ഷാക്കാരന്റെ യും വീട്ടു ജോലി ചെയ്യുന്നവരുടെയും വരുമാനം വര്‍ധിച്ചാല്‍ അവര്‍ മക്കള്‍ക്ക് മികച്ച വിദ്യാഭ്യാസം നല്‍കാന്‍ ശ്രമിക്കും. ഇതു വഴി വിദ്യാസമ്ബന്നരായ തലമുറ വളര്‍ന്നു വരും. സാധാരണക്കാരന്റെ ജീവിത നിലവാരം വളരേണ്ടത് അത്യന്താപേക്ഷിതമാണെന്നും അദ്ദേഹം പറഞ്ഞു.
ആഗോള മത്സരവേദിയില്‍ നേതാവാകാനാണ് നാം ശ്രമിക്കേണ്ടത്. ആരുടെയും പിന്തുടര്‍ച്ചക്കാരനാകരുത്. ലോകം നമ്മിലേക്ക് വരുകയാണ്, തയ്യാറായി ഇരിക്കണമെന്ന ആഹ്വാനത്തോടെയാണ് അദ്ദേഹം തന്റെ പ്രഭാഷണം അവസാനിപ്പിച്ചത്.