2019-20 സാമ്പത്തിക വര്‍ഷം രാജ്യത്തിന്റെ മൊത്ത ആഭ്യന്തര ഉത്‌പാദനത്തിലുള്ള വളര്‍ച്ച അഞ്ച് ശതമാനം മാത്രമാകുമെന്ന് കേന്ദ്രസര്‍ക്കാര്‍. 2018-19 വര്‍ഷത്തില്‍ 6.8 ശതമാനം വളര്‍ച്ചാ നിരക്ക് നേടിയ സ്ഥാനത്താണ് 2019-2020 വര്‍ഷത്തെ ജിഡിപി വളര്‍ച്ചാ നിരക്ക് അഞ്ച് ശതമാനം മാത്രമാകുമെന്നാണ് സ്റ്റാറ്റിസ്റ്റിക്‌സ് മന്ത്രാലയം പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നത്.
കഴിഞ്ഞ 11 വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ വളര്‍ച്ചാ നിരക്കാണിത്. ആഗോള സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് 2008-09 വര്‍ഷത്തില്‍ രാജ്യത്തിന്റെ മൊത്ത ആഭ്യന്തര ഉത്‌പാദനം 3.1 ശതമാനമായിരുന്നു.
ജൂലൈ സെപ്‌റ്റംബര്‍ സാമ്പത്തികപാദത്തില്‍ സാമ്പത്തിക വളര്‍ച്ച 4.5 ശതമാനമായി കുറഞ്ഞിരുന്നു. 2013നു ശേഷം ഏറ്റവും കുറഞ്ഞ വളര്‍ച്ചാ നിരക്കായിരുന്നു ഇത്. കുറഞ്ഞ വളര്‍ച്ചാ നിരക്കിന്റെ അടിസ്ഥാനത്തില്‍ ബജറ്റില്‍ ധനകാര്യമന്ത്രി സാമ്പത്തിക ഉത്തേജക പാക്കേജുകള്‍ പ്രഖ്യാപിക്കുമെന്നാണ് വിലയിരുത്തല്‍. വ്യക്തിഗത നികുതി ഇളവുകള്‍ പ്രഖ്യാപിക്കാന്‍ സാധ്യത ഉണ്ടെന്നും സൂചന ഉണ്ട്.