• Thursday, November 28, 2024
  • A biweekly newspaper published from philadelphia , pa.
Malayalam Vartha US
Blog single photo

തിയേറ്റര്‍ ഉടമയുടെ അറസ്റ്റിന് പിന്നിലെ പോലീസിന്റെ ലക്ഷ്യത്തെ സംശയിച്ച്‌ വ്യാപക പ്രതിഷേധം

എടപ്പാള്‍: തിയേറ്ററില്‍ പത്തു വയസ്സുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ നിയമാനുസൃതം നടപടിയെടുത്ത തിയേറ്റര്‍ ഉടമയെ അറസ്റ്റു ചെയ്തതിലൂടെ വെളിപ്പെട്ടത് പോലീസിന്റെ പ്രതികാര മനോഭാവമെന്നു പരക്കെ ആക്ഷേപം. സ്വന്തം സ്ഥാപനത്തില്‍ ആദ്യമായുണ്ടായ സംഭവം സാമൂഹികപ്രവര്‍ത്തകരുടെ സഹായത്തോടെ സധൈര്യം നിയമസംവിധാനത്തിനു മുന്നിലെത്തിച്ചതിന്റെ പേരിലുണ്ടായ നടപടി സാക്ഷര കേരളത്തെ ഞെട്ടിച്ചിരിക്കുകയാണ്. യാതൊരു പ്രലോഭനത്തിനും വഴങ്ങാതെ സംഭവം വെളിയില്‍ കൊണ്ടുവന്ന തിയേറ്റര്‍ ഉടമയെ എല്ലാവരും പ്രശംസിക്കുകയായിരുന്നു ഉണ്ടായത്.

സ്വന്തം സ്ഥാപനത്തിന്റെ സല്‍പ്പേരിനു കളങ്കം വന്നേക്കാമെന്ന് ഭയമുണ്ടായിട്ടും വകവെക്കാതെയാണ് ഇദ്ദേഹം നിയമനടപടിക്കായി പ്രവര്‍ത്തിച്ചത്. ആരുമറിയാതെ സി.സി.ടി.വി. കാമറയിലെ ദൃശ്യങ്ങള്‍ മായ്ച്ചുകളഞ്ഞിരുന്നെങ്കില്‍ ഇന്ന് അദ്ദേഹമനുഭവിക്കുന്ന പ്രയാസത്തിനൊന്നും വഴിയുണ്ടാകുമായിരുന്നില്ല. എന്നാല്‍ സംഭവത്തില്‍ പോലീസ് പ്രതിക്കൂട്ടിലായതിന്റെ പേരിലുണ്ടായ വൈരാഗ്യമാണ് ഇദ്ദേഹത്തിനെതിരേയുള്ള നടപടിയിലൂടെ തെളിഞ്ഞതെന്നാണ് സോഷ്യല്‍ മീഡിയയുടെ ആരോപണം. സംഭവത്തില്‍ ആദ്യം മുതല്‍ തന്നെ പോലീസ് നിഷ്ക്രിയരായിരുന്നു എന്നാണ് സംഭവം പുറത്തു കൊണ്ടുവന്ന ചാനലുകള്‍ പോലും ആരോപിക്കുന്നത്.

പ്രതിയെ അറസ്റ്റുചെയ്ത് നിയമാനുസൃതമായ ശിക്ഷ വാങ്ങിക്കൊടുക്കാനായിരുന്നില്ല ശ്രമം. നിസ്സാരവകുപ്പുകളാണ് ആദ്യം ചുമത്തിയത്. പിന്നീട് മേലുദ്യോഗസ്ഥരിടപെട്ടാണ് ഇയാള്‍ക്കെതിരെ കൂടുതല്‍ വകുപ്പുകള്‍ ഉള്‍പ്പെടുത്തിയത്. അതിനു മുന്‍പുതന്നെ തിയേറ്റര്‍ മാനേജരെക്കൊണ്ട് പോലീസ് കള്ള സത്യവാങ്മൂലം എഴുതിവാങ്ങാന്‍ ശ്രമം നടത്തിയതായും ആരോപണമുണ്ട്.. ഒരു ഡസനോളം തവണ തിയേറ്റര്‍ ജീവനക്കാരെയും ഉടമയെയും മൊഴിയെടുക്കാനെന്ന പേരില്‍ വിളിച്ചുവരുത്തി.മാതൃകാപരമായുള്ള കടമമാത്രം ചെയ്ത ഉടമയോട് എന്തുകൊണ്ട് പോലീസിനെ ആദ്യമറിയിച്ചില്ലെന്ന ചോദ്യത്തോടെയായിരുന്നു പോലീസ് നേരിട്ടത്.

ഇദ്ദേഹത്തെ പ്രതികാരമനോഭാവത്തോടെ അറസ്റ്റുചെയ്തതില്‍ സംസ്ഥാനമാകെ വന്‍ പ്രതിഷേധമുയര്‍ന്നു. സംഭവം വന്‍ വിവാദത്തിന് തിരിതെളിക്കുകയും ചെയ്തു. തിയറ്റര്‍ ഉടമ ചെയ്തത് ശരിയായ നടപടിയാണെന്ന് വനിതാകമ്മിഷനും മുന്‍ ഡി.ജി.പി. ടി.പി. സെന്‍കുമാറുമടക്കമുള്ളവര്‍ അഭിപ്രായപ്പെട്ടു. അറസ്റ്റു ചെയ്ത് മഞ്ചേരി കോടതിയില്‍ ഹാജരാക്കാനായിരുന്നു നീക്കം. ദൃശ്യമാധ്യമങ്ങളില്‍ സംഭവം വിവാദമായതോടെയാണ് രണ്ടാള്‍ ജാമ്യത്തില്‍വിട്ട് പോലീസ് മുഖംരക്ഷിച്ചതെന്നാണ് സൂചന. സംഭവമറിഞ്ഞ് ഒരാഴ്ചക്കാലം പോലീസിനെ വിവരമറിയിക്കാത്തതിനാണ് തിയേറ്റര്‍ ഉടമയെ അറസ്റ്റ് ചെയ്തതെന്നാണ് പോലീസിന്റെ പക്ഷം.

Top