വേറിട്ട രുചികള്‍ പരീക്ഷിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് എളുപ്പത്തില്‍ തയ്യാറാക്കാന്‍ പറ്റുന്നതാണ് എഗ്ഗ് ടൊമാറ്റോ പുലാവ്. വളരെ എളുപ്പത്തില്‍ തയ്യാറാക്കാന്‍ സാധിക്കുന്ന ഇത് രുചിയുടെ കാര്യത്തില്‍ ഒട്ടും പിന്നില്‍ നില്‍ക്കാത്തതാണ്
ചേരുവകള്‍ വേണ്ടത്:
ബസ്‌മതി അരി 1 കപ്പ്
പുഴുങ്ങിയ മുട്ട 4
തക്കാളി 2 (നന്നായി പഴുത്തത്)
സവാള 2
ഇഞ്ചി 1 ചെറിയ കഷണം
വെളുത്തുള്ളി 67 അല്ലി
പച്ചമുളക് 1
മല്ലിയില 1/2 കപ്പ് (ചെറുതായി അരിഞ്ഞത്)
തൈര് 2 ടേബിള്‍ സ്‌പൂണ്‍
കറുകപട്ട 1 ചെറിയ കഷണം
ഗ്രാമ്പു 45 എണ്ണം
ഏലക്ക 3 എണ്ണം
കാശ്‌മീരി മുളക്‌പൊടി 1 ടേബിള്‍ സ്‌പൂണ്‍
മഞ്ഞള്‍ 1/4 ടേബിള്‍ സ്‌പൂണ്‍
ജീരകപ്പൊടി 1 നുള്ള്
ഉപ്പ് ആവശ്യത്തിന്
നെയ്യ് 1 ടേബിള്‍ സ്‌പൂണ്‍
എണ്ണ 1 ടേബിള്‍ സ്‌പൂണ്‍
തയ്യാറാക്കേണ്ട വിധം:
അരി ഉപ്പും ചേര്‍ത്ത് വേവിച്ചു വെക്കുക. ചൂടായ ഒരു പാത്രത്തില്‍ നെയ്യൊഴിച്ച് അതിലേക്ക് ഗ്രാമ്പു, ഏലക്ക, പട്ട എന്നിവ ചേര്‍ത്ത് മൂപ്പിച്ച് അതിലേക്ക് ഇഞ്ചി വെളുത്തുള്ളി,തക്കാളി, എന്നിവ ചേര്‍ത്ത് പച്ച മണം മാറുന്ന വരെ വഴറ്റുക. ചൂടാറിയ ശേഷം ഈ കൂട്ട് അല്‌പം വെള്ളം ചേര്‍ത്ത് അരച്ചെടുക്കുക. ചുവടു കട്ടിയുള്ള ഒരു പാത്രം ചൂടാക്കി അതിലേക്ക് എണ്ണ ഒഴിച്ചു ചെറുതായി അരിഞ്ഞ സവാള ചുവക്കെ വഴറ്റിയെടുക്കുക. മുളകുപൊടി, മഞ്ഞള്‍പ്പൊടി, ജീരകപ്പൊടി,ഉപ്പ് എന്നിവ ചേര്‍ക്കുക. അതിലേക്ക് അരച്ച തക്കാളി കൂട്ട് ചേര്‍ത്ത് വീണ്ടും വഴറ്റുക. എണ്ണ തെളിഞ്ഞു വരുമ്പോള്‍ തൈര് കൂടി ചേര്‍ത്ത് വീണ്ടും എണ്ണ തെളിയുന്ന വരെ ഇളക്കുക. അതിലേക്ക് വേവിച്ചു വച്ച ചോറു ചേര്‍ത്ത് യോജിപ്പിക്കുക. രണ്ടായി മുറിച്ച മുട്ട കൂടെ ചേര്‍ത്ത് കൊടുക്കാം. മുട്ട പൊടിഞ്ഞു പോകാതെ ശ്രദ്ധിക്കുക. അരിഞ്ഞ മല്ലിയില മുകളില്‍ വിതറി അടുപ്പില്‍ നിന്നും വാങ്ങാം.റൈത്ത സാലഡ് എന്നിവക്കൊപ്പം വിളമ്പാം. വെജിറ്റേറിയന്‍സിന് മുട്ടയ്‌ക്ക് പകരം പനീര്‍ ചേര്‍ക്കാവുന്നതാണ്.