ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ടം പൂര്‍ത്തിയായി. രാജ്യത്തെ 20 സംസ്ഥാനങ്ങളിലായി 91 മണ്ഡലങ്ങളിലാണ് ഒന്നാംഘട്ടത്തില്‍ തിരഞ്ഞെടുപ്പ് നടന്നത്.
ഏപ്രില്‍ 11ന് വ്യാഴാഴ്‌ച ഇന്ത്യന്‍ സമയം വൈകുന്നേരം അഞ്ചു മണിവരെയുള്ള കണക്കുകള്‍ പ്രകാരം സിക്കിം (ഒരു സീറ്റ്) 69%, മിസോറം (1) 60%, നാഗലാന്‍ഡ് (1)78%, മണിപ്പുര്‍ (1)78.2%, ത്രിപുര (1)81 %, അസ്സം (5)68%, പശ്ചിമ ബംഗാള്‍ (2) 81%, ആന്‍ഡമാന്‍ നിക്കോബാര്‍ (1)70.67%, ആന്ധപ്രദേശ് (25) 66%, ഉത്തരാഖണ്ഡ് (5)57.85%, ജമ്മു കശ്‌മീര്‍(2)54.49%, തെലങ്കാന (17)60%, ഛത്തീസ്‌ഗഢ് (1)56% എന്നിങ്ങനെയാണ് പോളിങ് രേഖപ്പെടുത്തിയിട്ടുള്ളത്.
വോട്ടെടുപ്പ് കഴിഞ്ഞ് മടങ്ങുന്നതിനിടെ മഹാരാഷ്ട്രയിലെ ഗഡ്‌ച്ചിറോലിയില്‍ പോലീസ് സംഘത്തിന് നേരെ മാവോവാദി ആക്രമണമുണ്ടായി. മൂന്ന് പോലീസുകാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ ഹെലികോപ്‌ടറില്‍ നാഗ്‌പൂരിലെ ആശുപത്രിയിലെത്തിച്ചു. ഹെലികോപ്‌ടറിന് നേരെയും മാവോവാദി സംഘം വെടിയുതിര്‍ത്തതായി റിപ്പോര്‍ട്ടുണ്ട്. വോട്ടിങ് മെഷീനുകള്‍ തകരാറിലായത് കാരണം 150 ഓളം ഇടങ്ങളില്‍ വീണ്ടും വോട്ടെടുപ്പ് നടത്തണമെന്നാവശ്യപ്പെട്ട് ആന്ധപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.
മറ്റിടങ്ങളില്‍ ചെറിയ സംഘര്‍ഷങ്ങളും പരാതികളും ഒഴിച്ച് നിര്‍ത്തിയാല്‍ കാര്യമായ അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തിട്ടില്ല. ഉത്തര്‍പ്രദേശിലെ കൈറാനയില്‍ കുറച്ച് പേര്‍ തിരിച്ചറിയല്‍ കാര്‍ഡില്ലാതെ ബലപ്രയോഗത്തിലൂടെ വോട്ട് ചെയ്യാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് ബിഎസ്‌എഫ് ആകാശത്തേക്ക് വെടിവെച്ചു.
ജമ്മു കശ്‌മീരില്‍ സൈനിക യൂണിഫോമിലെത്തിയവര്‍ ബിജെപിക്ക് വോട്ട് ചെയ്യാന്‍ നിര്‍ബന്ധിച്ചതായി നാഷണല്‍ കോണ്‍ഫറന്‍സും ബിജെപിയും ആരോപിച്ചു. പൂഞ്ചിലെ ഒരു ബൂത്തില്‍ വോട്ടിങ് മെഷീനില്‍ കോണ്‍ഗ്രസ് ബട്ടന്‍ പ്രവര്‍ത്തിച്ചില്ലെന്ന പരാതി ഉയര്‍ന്നു. മാവോയിസ്റ്റ് ഭീഷണിയെ തുടര്‍ന്ന് ഒഡീഷയിലെ 15 ബൂത്തുകളില്‍ ആരും വോട്ട് ചെയ്‌തില്ലെന്നും റിപ്പോര്‍ട്ടുണ്ട്.
ബംഗാളിലെ കുച്ച് ബിഹാറിലെ ബറോഷോള്‍മാരി മേഖലയിലെ പോളിങ് സ്‌റ്റേഷനില്‍നിന്ന് അജ്ഞാതര്‍ തിരഞ്ഞെടുപ്പ് യന്ത്രം കൊള്ളയടിച്ചു. തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് സംഭവത്തിനു പിന്നിലെന്നു ബിജെപി ആരോപിച്ചു.