• Thursday, November 28, 2024
  • A biweekly newspaper published from philadelphia , pa.
Malayalam Vartha US
Blog single photo

തിരഞ്ഞെടുപ്പ്‌ ചെലവില്‍ യുഎസിനെ കടത്തിവെട്ടി ഇന്ത്യ

ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം തിരഞ്ഞെടുപ്പ്‌ ചെലവിലും മുന്നില്‍. കടുത്ത പോരാട്ടത്തിനായി കോടിക്കണക്കിനു രൂപ രാജ്യം ഈ തിരഞ്ഞെടുപ്പില്‍ ഒഴുക്കിയെന്നാണു ഡല്‍ഹിയിലെ സെന്റര്‍ ഫോര്‍ മീഡിയ സ്റ്റഡീസ്‌ നടത്തിയ പഠനത്തിലെ കണ്ടെത്തല്‍.

2014 തിരഞ്ഞെടുപ്പിലെ ആകെ ചെലവ്‌ 30,000 കോടി രൂപയോട്‌ അടുത്തായിരുന്നെങ്കില്‍ ഇക്കുറിയത്‌ 60,000 കോടി. രാജ്യത്തെ മുഴുവന്‍ സംസ്ഥാനങ്ങളിലും നടത്തിയ സാംപിള്‍ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ്‌ പഠനം. വിവിധ സംസ്ഥാനങ്ങളിലെ നിയോജക മണ്ഡലങ്ങളില്‍ നിന്നുള്ള വിവരശേഖരണ കണക്കുകള്‍ സൂചിപ്പിക്കുന്നത്‌ ഒരു വോട്ടര്‍ക്ക്‌ 700 രൂപ എന്ന നിലയില്‍ ഒരു മണ്ഡലത്തില്‍ ശരാശരി 100 കോടി രൂപ വരെ ഒഴുക്കിയിട്ടുണ്ടെന്നാണ്‌.

മൂന്ന്‌ കോടി വോട്ടര്‍മാര്‍ വരെയുള്ള ചില മണ്ഡലങ്ങളുണ്ട്‌ ഇന്ത്യയില്‍. പ്രചാരണം, യാത്രസൗകര്യങ്ങള്‍, മറ്റു ചെലവുകള്‍ എന്നിവയ്‌ക്കു പുറമേ വോട്ടര്‍മാര്‍ക്ക്‌ കോഴ നല്‍കാനും സ്ഥാനാര്‍ഥി പണം ചെലവാക്കിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ഇങ്ങനെപോയാല്‍ 2024 തിരഞ്ഞെടുപ്പ്‌ ചെലവ്‌ മൂന്ന്‌ ലക്ഷം കോടി കടന്നേക്കുമെന്നു സിഎംഎസ്‌ ചെയര്‍മാന്‍ എന്‍.ഭാസ്‌കര റാവു പറഞ്ഞു.

2016 ലെ പ്രസിഡന്റ്‌ തിരഞ്ഞെടുപ്പില്‍ യുഎസ്‌ ചെലവാക്കിയത്‌ ഏകദേശം 6.5 ബില്യന്‍ ഡോളര്‍ (45,000 കോടി രൂപ) ആണ്‌. അമേരിക്കയുടെ രാഷ്ട്രീയ കണക്കുകള്‍ രേഖപ്പെടുത്തുന്ന ഓപ്പണ്‍സീക്രട്‌സ്‌ എന്ന സെറ്റാണ്‌ ഇത്‌ പുറത്തുവിട്ടത്‌. തിരഞ്ഞെടുപ്പ്‌ ചെലവില്‍ യുഎസിനെയും ഇന്ത്യ മറികടന്നെന്നാണ്‌ ഈ കണക്കു സൂചിപ്പിക്കുന്നത്‌.

Top