ഇലക്ഷനില്‍ താന്‍ ഇന്നയാള്‍ക്കാണ് വോട്ട് ചെയ്യുന്നതെന്നു പറഞ്ഞ ഒരാളോട് ഫോമാ പ്രസിഡന്റ് ബെന്നി വാച്ചാച്ചിറ ചോദിച്ചു: അയാള്‍ക്ക് വോട്ടു ചെയ്യാന്‍ എന്താണു കാരണം?
'അയാള്‍ എന്റെ അടുത്ത സുഹൃത്താണ്' മറുപടി
അയാള്‍ ജയിച്ചാല്‍ സംഘടനയ്ക്ക് ഗുണമുണ്ടാകുമോ? ബെന്നി വീണ്ടും ചോദിച്ചു.
ഇല്ലെന്നു അയാള്‍ തുറന്നു പറഞ്ഞു.
എങ്കില്‍ പിന്നെ അയാള്‍ക്ക് വോട്ട് ചെയ്യാമോ? വ്യക്തിബന്ധമല്ല, സ്ഥാനാര്‍ത്ഥിയെ കൊണ്ട് സംഘടനയ്ക്ക് എന്തു ഗുണമുണ്ടാകുമെന്നല്ലേ നാം പരിഗണിക്കേണ്ടത്? ബെന്നി ചോദിക്കുന്നു
വ്യക്തിവൈരാഗ്യത്തിന്റെ കാര്യം വരുമ്പോഴും ഇതു പ്രസക്തം. സ്ഥാനാര്‍ത്ഥിയേയോ, സ്ഥാനാര്‍ത്ഥികളുടെ സഹായികളെയോ ഇഷ്ടമില്ലായിരിക്കാം. പക്ഷെ അയാള്‍ സംഘടനയ്ക്ക് ഏറെ ഗുണം ചെയ്യുന്ന ആളാണ്.
അപ്പോള്‍ പരിഗണിക്കേണ്ടത് ആ ഒരു കാര്യം മാത്രം.
കണ്‍വന്‍ഷന്‍ കഴിയുമ്പോള്‍ ലാഭത്തിന്റെ കണക്ക് പറഞ്ഞേ പടിയിറങ്ങൂ. എത്ര മിച്ചം ഉണ്ടാകും എന്നു പറയാനാവില്ലെങ്കിലും മിച്ചം ഉണ്ടാകും. എത്ര സാധാരണക്കാരനും പ്രസിഡന്റ് പദത്തിലേക്ക് വരാമെന്നു തെളിയിക്കും. പലരും നേതൃത്വത്തിലേക്ക് വരാന്‍ പേടിക്കുന്നു. അവര്‍ക്കൊരു വഴികാട്ടിയായിരിക്കും താന്‍.
വോട്ട് ചെയ്യാന്‍ ഇത്തവണ 560 ഡെലിഗേറ്റുകളെങ്കിലുമുണ്ടാകും. അവരോട് പറയാനുള്ളത് സംഘടനയ്ക്ക് ഗുണം ചെയ്യുമെന്നു കരുതുന്നവരെ മാത്രമേ തെരഞ്ഞെടുക്കാവു എന്നാണ്. പ്രവര്‍ത്തന തത്പരരും കഴിവുള്ളവരുമായിരിക്കണം അവര്‍.
ഇലക്ഷനില്‍ ഇത്തവണയും നിലവിലുള്ള ചില ഭാരവാഹികള്‍ മത്സരിക്കുന്നു. അവരുടെ മുന്നിലും പിന്നിലും നിന്നു പ്രവര്‍ത്തിച്ച സഹയാത്രികര്‍ക്കുവേണ്ടി വഴിമാറിക്കൊടുക്കാതെ അധികാരത്തില്‍ കടിച്ചു തൂങ്ങുന്നത് അവരോടും, സംഘടനയോടുമുള്ള ദ്രോഹമാണ്. കൂടെയുള്ളവരെ പ്രമോട്ട് ചെയ്യാതെ അധികാരത്തില്‍ കടിച്ചുകിടക്കുന്നത് കഷ്ടംതന്നെ. അങ്ങനെയുള്ളവരെ സഹായിക്കാനും ആളുണ്ടെന്നത് വിസ്മരിക്കുന്നില്ല.
ബെന്നി വാച്ചാച്ചിറയോട് ഇഷ്ടമില്ലാത്തതു കൊണ്ട്, ബെന്നിയുടെ കൂടെ പ്രവര്‍ത്തിക്കുന്നവരേയും ഇഷ്ടമില്ല എന്ന ചിന്താഗതി പുലര്‍ത്തുന്നവരെ കണ്ടിട്ടുണ്ട്. അതു കഷ്ടമാണ്.
സ്ഥാനാര്‍ത്ഥികള്‍ സ്വയം വരുന്നവരാണ്. പക്ഷെ വരുന്ന സ്ഥാനത്തിന് താന്‍ യോഗ്യനാണോ എന്നു ഓരോരുത്തരും ചിന്തിക്കേണ്ടതുണ്ട്. താത്പര്യമുള്ളവര്‍ മാത്രം വരട്ടെ. ഒരു ദിവസം ഒരു മണിക്കൂര്‍ സംഘടനയ്ക്കുവേണ്ടി മാറ്റിവച്ചാല്‍ തന്നെ കാര്യം സുഗമമായി. അതിനു തയ്യാറല്ലെങ്കില്‍ വരരുത്. ഇതൊരു അപേക്ഷയാണ്. ഏതു സംഘടനകള്‍ക്കും ഇതു ബാധകം.
സ്ഥാനാര്‍ഥിയാണെങ്കില്‍ കള്ളു മേടിച്ചു തരണമെന്നും വിമാനടിക്കറ്റ് എടുത്തു നല്‍കണമെന്നും മറ്റും കരുതുന്ന ഡലിഗേറ്റുകളുമുണ്ട്. ഒരു സ്ഥാനാര്‍ത്ഥി അങ്ങനെ ചെയ്യുമ്പോള്‍ എതിര്‍ സ്ഥാനാര്‍ഥിക്ക് ഒഴിഞ്ഞു മാറാന്‍ പറ്റാത്ത സ്ഥിതി വരുന്നു.
ഇതു വളരെ ഖേദകരമാണ്. എന്തെങ്കിലും പ്രതിഫലം കിട്ടുന്ന സ്ഥാനത്തേക്കല്ല അവര്‍ മത്സരിക്കുന്നത്. ജയിച്ചു കഴിഞ്ഞാല്‍ കയ്യില്‍ നിന്നു പണവും സമയവും ചെലവഴിക്കേണ്ടി വരും. അങ്ങനെയുള്ളവരെ നേരത്തെ പിഴിയുന്നത് ശരിയാണോ?
ഇത്തരം പരിപാടികള്‍ക്ക് സ്ഥാനാര്‍ഥികള്‍ തയ്യാറാവരുത്. അതുപോലെ സംഘടനകളും ഡലിഗേറ്റുകളും സ്ഥാനാര്‍ഥികളില്‍ നിന്ന് എന്തെങ്കിലും ആവശ്യപ്പെടുകയും ചെയ്യരുത്.
കണ്‍വന്‍ഷന് രജിസ്‌ട്രേഷന്‍ സംഘടിപ്പിക്കുന്നതില്‍ ചില സ്ഥാനാര്‍ഥികള്‍ശ്രദ്ധിക്കുന്നില്ല. 25 രജിസ്‌ട്രേഷനെങ്കിലും സംഘടിപ്പിക്കാന്‍ കഴിയാത്തവര്‍ സ്ഥാനാര്‍ഥി ആകണോ എന്നു സ്വയം ചിന്തിക്കുന്നത് നന്നായിരിക്കും. ഞാന്‍ വഴി എത്ര ഡലിഗേറ്റ്‌സ് വന്നു എന്ന് സ്ഥാനാര്‍ഥികള്‍ സ്വയം ചോദിച്ചാല്‍ അവര്‍ക്ക് തങ്ങളുടെ അര്‍ഹതയെപറ്റി ഉത്തരം കിട്ടും.
പ്രവര്‍ത്തിക്കാന്‍ സമയമില്ലെങ്കില്‍, താത്പര്യമില്ലെങ്കില്‍ ഈ രംഗത്തേക്ക് വരരുത്. സംഘടനയോട് ചെയ്യുന്ന ഏറ്റവും വലിയ ദ്രോഹമായിരിക്കും അത്.
മത്സരിക്കുമ്പോള്‍ പറയും സംഘടനയ്ക്കുവേണ്ടി 24 മണിക്കൂറും പ്രവര്‍ത്തിക്കുമെന്ന്. ജയിച്ചു കഴിഞ്ഞാല്‍ പലതരം ഒഴിവുകഴിവുകള്‍....ബേബി സിറ്റിംഗ്, ജോലിയിലോ ബിസിനസിലോ പ്രശ്‌നം, സമയമില്ല....അങ്ങനെയുള്ളവര്‍ ഇതിന് പോകരുത്. സ്ഥാനാര്‍ത്ഥിയാകും മുമ്പ് തന്നെ ഓരോരുത്തരും സ്വയം ചോദിക്കണം തനിക്കിതിനു പറ്റുമോ, സയമുണ്ടോ എന്ന്. ഭാര്യയുടേയും മക്കളുടേയും സമ്മതം കൂടാതെ വന്നാലും പ്രശ്‌നംതന്നെ.
ആരും നിര്‍ബന്ധിച്ചിട്ടല്ല ഓരോരുത്തരും മത്സരിക്കുന്നത്. സ്വയം വരുന്നതാണ്. വന്നുകഴിഞ്ഞ് പ്രവര്‍ത്തിക്കാന്‍ മടിക്കുമ്പോള്‍ അത് സംഘടനയ്ക്ക് ദോഷമായി. തയാറുള്ള മറ്റൊരാള്‍ ഉണ്ടായിരുന്നു എന്നതു മറക്കരുത്. അംഗസംഘടനകളിലും ഇതു ബാധകമാണ്.
ഉള്ളുതുറന്ന പ്രവര്‍ത്തനമാണ് സംഘടനയില്‍ വേണ്ടത്. വ്യക്തി വൈരാഗ്യത്തിനു സ്ഥാനമില്ല. ചിക്കാഗോയില്‍ തന്നെ ഇഷ്ടമില്ലാത്തവരുണ്ടെന്നറിയാം. എന്നാല്‍ ആരോടെങ്കിലും പക തീര്‍ക്കാനോ, മാറ്റി നിര്‍ത്താനോ താന്‍ ഒരിക്കലും മുതിര്‍ന്നിട്ടില്ല. അങ്ങനെ ചെയ്‌തെന്ന് ആരും പറയുകയുമില്ല.
ഉത്തരവാദിത്വം പ്രസിഡന്റ്, സെക്രട്ടറി, ട്രഷറര്‍ എന്നിങ്ങനെയുള്ള സ്ഥാനങ്ങള്‍ക്കു മാത്രമേയുള്ളൂ എന്നു കരുതുന്നത് ശരിയല്ല. എല്ലാവര്‍ക്കും പ്രവര്‍ത്തിക്കാന്‍ അവസരമുണ്ട്. അവസരങ്ങള്‍ നമ്മള്‍ ഉണ്ടാക്കുന്നതാണ്. വിമന്‍സ് ഫോറം എത്രയോ നല്ല കാര്യങ്ങള്‍ ചെയ്തു.
ഇലക്ഷന്‍ രംഗം സജീവമാകുന്നുണ്ട്. താന്‍ ആരേയും പിന്തുണയ്ക്കുന്നില്ല. വോട്ട് ആര്‍ക്ക് ചെയ്യണമെന്നു പറയുന്നുമില്ല. നിഷ്പക്ഷത നിലനിര്‍ത്തും.
ഇലക്ഷനെപ്പറ്റി പറയുമ്പോള്‍ സംഘടനയ്ക്ക് പ്രയോജനമുള്ളവരെ വിജയിപ്പിക്കാന്‍ വോട്ടര്‍മാര്‍ ശ്രമിക്കണം. എന്തൊക്കെ ചെയ്യുമെന്ന ധാരണയോടെ വേണം സ്ഥാനാര്‍ഥികള്‍ ഇലക്ഷനില്‍ നില്‍ക്കാന്‍.
താന്‍ മുഴുവന്‍ സമയവും ഫോമയ്ക്കുവേണ്ടി പ്രവര്‍ത്തിക്കുകയായിരുന്നു. എല്ലാവര്‍ക്കും അതിനു കഴിഞ്ഞെന്നു വരില്ല. എങ്കിലും സംഘടനാ പ്രവര്‍ത്തനം അവഗണിക്കപ്പെടാന്‍ ഇടയാവരുത്