ന്യൂയോര്‍ക്ക്: ഇലക്ഷന്റെ പേരില്‍ ചെളിവാരിയെറിയുന്ന പ്രവണത ശരിയല്ലെന്ന് ഫോമ വൈസ് പ്രസിഡന്റ് ലാലി കളപ്പുരയ്ക്കല്‍. പല ഇലക്ഷനുകളില്‍ മത്സരിക്കുകയും പലരേയും പിന്തുണക്കുകയും ചെയ്തപ്പോഴത്തെ അനുനുഭവങ്ങളില്‍ നിന്നാണിത് പറയുന്നത്.
ഇലക്ഷന്‍ കഴിയുമ്പോള്‍ പലരും ശത്രുക്കളാകുന്നു. വര്‍ഷങ്ങളായി കണ്ടാല്‍ പോലും മിണ്ടാതിരിക്കുന്നവരുണ്ട്. ഇവരില്‍ പലര്‍ക്കും താന്‍ വോട്ട് ചെയ്തതാണ്. പക്ഷെ തോറ്റ് കഴിയുമ്പോള്‍ വോട്ട് ചെയ്തില്ല എന്ന സന്ദേഹത്തില്‍ പിണങ്ങും. ഇങ്ങനെ സുഹൃത്തുക്കളെ നഷ്ടപ്പെടുമ്പോള്‍ ഹൃദയവേദന തോന്നാറുമുണ്ട്.
മത്സരത്തിന് അമിതാവേശം കാട്ടുന്ന സ്ഥാനാര്‍ത്ഥികളും അവരെ എരിവ് കേറ്റുന്ന അനുചരപ്പടയും ഇക്കാര്യം ഓര്‍ക്കുന്നത് നല്ലതാണ്. നാമെന്നും കാണേണ്ടവരാണ്. ഒന്നിച്ചു പ്രവര്‍ത്തിക്കേണ്ടവരുമാണ്. ഇലക്ഷന്‍ ഒരു അവസാനമല്ല. പ്രവര്‍ത്തിക്കാന്‍ അവസരം ഇനിയും ധാരാളമുണ്ടാകും.
പക്ഷെ സുഹൃദ് ബന്ധങ്ങള്‍ നഷ്ടമായാല്‍ അതു നഷ്ടമായതു തന്നെ. ഇങ്ങനെയുള്ള പിണക്കങ്ങളാണ് ഭിന്നതകളില്‍ എത്തുന്നത്. ഫൊക്കാന പിളര്‍ന്നപ്പോള്‍ അതു കണ്ടതുമാണ്. അതിനാല്‍ അവിശുദ്ധമായ പ്രചാരണ കോലാഹലങ്ങളും ആക്ഷേപങ്ങളും നിര്‍ത്തിവെയ്ക്കണം. ഇത് ആര്‍ക്കും ഒരു ഗുണവും ചെയ്യില്ല.
അതുപോലെ പ്രചാരണം കൊണ്ടോ തുടരെ തുടരെയുള്ള ഫോണ്‍ വിളികൊണ്ടോ ഒന്നും ആരും മനസ്സുമാറ്റാന്‍ പോകുന്നില്ല. അത്ര വിവരമില്ലാത്തവരല്ല വോട്ടര്‍മാര്‍. ജോലിക്കിടയില്‍ അഞ്ചുതവണ തന്നെ വിളിച്ച സ്ഥാനാര്‍ത്ഥിയോട് ഇനി വിളിക്കരുത് കര്‍ശനമായി താക്കീത് ചെയ്യേണ്ടിവന്നു. ഇത്തരം അനുഭവം പലര്‍ക്കും കാണും.
വൈസ് പ്രസിഡന്റ് എന്ന നിലയില്‍ മറ്റു ഭാരവാഹികള്‍ക്കൊപ്പം കഴിയുന്നത്ര മികച്ച പ്രവര്‍ത്തനം നടത്താനായതില്‍ സന്തോഷമുണ്ട്. ബന്നി വാച്ചാച്ചിറയുടെ നേതൃത്വത്തില്‍ നല്ല പ്രവര്‍ത്തനം നടത്തി. വിമന്‍സ് ഫോറത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായതിലും സന്തോഷമുണ്ട്.
സ്ത്രീകള്‍ ഫോമയില്‍ കൂടുതലായി വരാന്‍ തന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് കഴിഞ്ഞു എന്നു കരുതുന്നു. കൂടുതല്‍ സ്ത്രീകള്‍ മത്സര രംഗത്ത് വരുന്നത് ഇതിന്റെ സൂചനയായി കാണുന്നു.
എക്കാലവും സംഘടനാ പ്രവര്‍ത്തനം തുടരും. അതിനു സ്വാര്‍ത്ഥ ലക്ഷ്യങ്ങളൊന്നുമില്ല.