എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവന്നു തുടങ്ങിയതോടെ, കേരളം കുറിക്കുന്ന ജനവിധി സംബന്ധിച്ച ഉദ്വേഗം മുള്‍മുനയിയിലേക്ക്. മെയ് രണ്ടിന് ഉച്ചയോടെ പുറത്തുവരുന്ന ജനവിധി അനുകൂലമാകും എന്ന ഉറച്ച പ്രതീക്ഷയിലാണ് യുഡിഎഫും എല്‍ഡിഎഫും. അതേസമയം വന്‍ ഭൂരിപക്ഷം ആരും പ്രതീക്ഷിക്കുന്നില്ല എന്നതില്‍ മുന്നണികളുടെ ഉത്‌കണ്‌ഠയും പ്രതിഫലിക്കുന്നു.
എക്‌സിറ്റ് പോളുകള്‍ എല്‍ഡിഎഫിന് ചെറിയ മുന്‍തൂക്ക സൂചനകള്‍ നല്‍കുന്നത് യുഡിഎഫില്‍ ആശങ്കയുണ്ടാക്കുന്നു. നേരത്തേ വന്ന സര്‍വേ ഫലങ്ങള്‍ എല്‍ഡിഎഫിനു നല്ല ഭൂരിപക്ഷം പ്രവചിച്ചതില്‍ നിന്നു മാറി കടുത്ത പോരാട്ട പ്രതീതി സമ്മാനിക്കുന്നതാണ് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍. ആ മാറ്റം നല്ല സൂചനയായി കാണാന്‍ യുഡിഎഫ് ശ്രമിക്കുന്നു. സര്‍വേ, എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ അനുകൂലമോ പ്രതികൂലമോ എന്നതില്‍ അമിതമായി ശ്രദ്ധിക്കാന്‍ ഇല്ലെന്ന പ്രതികരണമാണ് എല്‍ഡിഎഫിന്റേത്. എങ്കിലും ഏറിയ പങ്കും പ്രവചിക്കുന്നത് തുടര്‍ ഭരണമാണ് എന്നതിന്റെ ആഹ്ലാദം അവര്‍ക്കുണ്ട്. 2016 ല്‍ ദേശീയ ഏജന്‍സികളുടെ എക്‌സിറ്റ് പോളുകള്‍ എല്ലാം ഇടതു മുന്നണിക്ക് അനുകൂലമായിരുന്നു. സീറ്റിന്റെ എണ്ണത്തില്‍ വ്യത്യാസം ഉണ്ടായെങ്കിലും ആ പ്രവചനങ്ങള്‍ യാഥാര്‍ഥ്യമായി.
താഴേത്തട്ടില്‍ നിന്നു ലഭിച്ച കണക്കുകള്‍ വിശകലനം ചെയ്‌ത സിപിഎം സിപിഐ നേതൃത്വങ്ങള്‍ ഏതു സാഹചര്യത്തിലും 75-82 സീറ്റ് ലഭിക്കുമെന്ന വിശ്വാസത്തിലാണ്.എല്‍ഡിഎഫ് അനുകൂല തരംഗം നിലവില്‍ കണക്കുകൂട്ടുന്നില്ല. അതേസമയം പിണറായി സര്‍ക്കാര്‍ തുടരണമെന്ന വികാരമാണ് ഉയര്‍ന്നു നിന്നതെന്നു വിചാരിക്കുന്നു. വോട്ടുറപ്പിക്കുന്ന ജോലി എല്‍ഡിഎഫ് കാര്യക്ഷമമായി ചെയ്‌തുവെന്നതു കൂടി കണക്കിലെടുക്കുമ്പോള്‍ തുടര്‍ഭരണം യാഥാര്‍ഥ്യമാകുമെന്നു തന്നെയാണു പ്രതീക്ഷ.
എന്നാല്‍ പ്രചാരണത്തിന്റെ പാരമ്യത്തില്‍ പ്രകടമായ 'ട്രെന്‍ഡ്' വിജയം ഉറപ്പിച്ചതായി യുഡിഎഫ് വിശ്വസിക്കുന്നു. സര്‍വേകളും എക്‌സിറ്റ് പോളുകളും എല്ലാം അപ്രസക്തമാക്കുന്ന തരത്തില്‍ തുടര്‍ഭരണ വിരുദ്ധ തരംഗം പ്രവര്‍ത്തിച്ചതായാണ് അവരുടെ കണക്കുകൂട്ടല്‍.
2016 ല്‍ പിന്നിലായ 11 ജില്ലകളില്‍ പകുതിയിലും കുതിപ്പും എറണാകുളത്തും മലപ്പുറത്തും സമ്പൂര്‍ണ ആധിപത്യവും യുഡിഎഫ് പ്രതീക്ഷിക്കുന്നു. 75 മുതല്‍ 85 വരെ സീറ്റ് ലഭിക്കുമെന്നാണു കോണ്‍ഗ്രസ് വിചാരിക്കുന്നത്. എല്‍ഡിഎഫിന്റെ ഉറച്ച ആത്മവിശ്വാസം, പക്ഷേ യുഡിഎഫിന്റെ ചങ്കിടിപ്പിക്കുന്നു. 2011 മുതലുള്ള യുഡിഎഫിന്റെ വലിയ തിരഞ്ഞെടുപ്പു പ്രതീക്ഷകള്‍ വോട്ടെണ്ണുമ്പോള്‍ വെള്ളത്തിലാകുന്നതാണു കണ്ടു വരുന്നതും. എങ്കിലും ചരിത്രഗതി മാറ്റിയെഴുതുന്ന തരത്തില്‍ തുടര്‍ഭരണം ഉണ്ടാകില്ലെന്നു തന്നെ യുഡിഎഫ് വിശ്വസിക്കുന്നു.
ബിജെപി പ്രകടനം ഇരു മുന്നണികളും നെഞ്ചിടിപ്പോടെ വീക്ഷിക്കുന്നു. അവര്‍ക്കു സീറ്റുകള്‍ ലഭിക്കില്ലെന്നു പരസ്യമായി യുഡിഎഫും എല്‍ഡിഎഫും അവകാശപ്പെടുന്നുണ്ടെങ്കിലും അട്ടിമറികള്‍ക്ക് അവര്‍ ശേഷിയുള്ളവരാണ് എന്ന കാര്യത്തില്‍ മുന്നണികള്‍ക്കു സംശയമില്ല. 10-15 സീറ്റുകളില്‍ ബിജെപി രണ്ടാം സ്ഥാനത്തു വരാനുള്ള സാധ്യതയും അവര്‍ തള്ളിക്കളയുന്നില്ല.
നേരിയ ഭൂരിപക്ഷത്തോടെ ഒരു മുന്നണി ജയിക്കും എന്നതാണു പൊതുവിലുള്ള കണക്കുകൂട്ടല്‍ എന്നിരിക്കെ കടുത്ത മത്സരം നടക്കുന്ന മണ്ഡലങ്ങളിലെ ബിജെപി പ്രകടനം മുന്നണികളുടെ വിധി നിര്‍ണയിക്കുന്നതാകാം. 5-10 സീറ്റ് തങ്ങള്‍ ജയിക്കുന്നതോടെ ത്രിശങ്കു സഭ രൂപപ്പെടും എന്നാണ് ബിജെപി കേന്ദ്രങ്ങള്‍ അവകാശപ്പെടുന്നത്.