• Thursday, November 28, 2024
  • A biweekly newspaper published from philadelphia , pa.
Malayalam Vartha US
Blog single photo

രാജ്യം സമ്ബൂര്‍ണമായി വൈദ്യുതീകരിച്ചെന്ന് മോദി; നാസയുടെ ചിത്രങ്ങള്‍ ട്വീറ്റ് ചെയ്ത് കേന്ദ്രമന്ത്രി

ന്യൂഡല്‍ഹി: സമയപരിധി അവസാനിക്കും മുമ്ബ് തന്നെ ഇന്ത്യയിലെ എല്ലാ ഗ്രാമങ്ങളും വൈദ്യുതീകരിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അവകാശവാദം. മണിപ്പൂരിലെ ലെയ്‌സാങ് ഗ്രാമത്തില്‍ വൈദ്യുതി എത്തിയതോടെ രാജ്യത്തെ എല്ലാ ഗ്രാമങ്ങളും വൈദ്യുതീകരിച്ചെന്നാണ് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തത്. എന്നാല്‍ ഇക്കാര്യം ട്വിറ്ററില്‍ പങ്കുവെച്ച കേന്ദ്ര മന്ത്രി പീയൂഷ് ഗോയലിന് ട്രോളുകളുടെ പെരുമഴ.

നരേന്ദ്ര മോദി സര്‍ക്കാരിന്റെ നിര്‍ണായകമായ നേതൃത്വത്തില്‍ ഇന്ത്യ എല്ലാ ഗ്രാമങ്ങളും വൈദ്യുതീകരിച്ചിരിക്കുന്നു. ഇന്ത്യന്‍ ഗ്രാമീണരുടെ ജീവിതത്തില്‍ നിന്ന് ഇരുട്ടിനെ ഇല്ലാതാക്കി പുതിയ പവര്‍ഫുള്‍ ഇന്ത്യയെ കെട്ടിപ്പെടുക്കാന്‍ നമ്മള്‍ പ്രതിജ്ഞാബദ്ധരാണ് എന്ന കുറിപ്പോടെയാണ് രണ്ട് സാറ്റലൈറ്റ് ചിത്രങ്ങള്‍ ഗോയല്‍ ഷെയര്‍ ചെയ്തത്. പ്രഖ്യാനത്തില്‍ മുമ്ബുള്ളതും ശേഷമുള്ളതും എന്ന രീതിയിലായിരുന്നു ചിത്രങ്ങള്‍ പങ്കുവെച്ചത്.

എന്നാല്‍ അമേരിക്കല്‍ ബഹിരാകാശ ഏജന്‍സിയായ നാസ പുറത്തുവിട്ട ചിത്രങ്ങളായിരുന്നു ഗോയല്‍ ട്വീറ്റ് ചെയ്തത്. ആദ്യത്തെ ചിത്രം നാസ 2012ലും രണ്ടാമത്തെത് 2016ലും പുറത്തുവിട്ടതാണ്. ജനവാസപ്രദേശങ്ങളുടെ ക്രമം വ്യക്തമാക്കുകയായിരുന്നു ചിത്രത്തിന്റെ ഉദ്ദേശം. ഗോയലിന്റെ ട്വിറ്റ് വൈറലാകുകയും മണിക്കൂറുകള്‍ക്കുള്ളില്‍ 2,000ല്‍ അധികം റീട്വീറ്റ് ചെയ്യപ്പെടുകയും ചെയ്തു. എല്ലാ ദ്വീപാവലിക്കും ഷെയര്‍ ചെയ്യുന്ന ചിത്രം എന്നാണ് ഒരാള്‍ ട്വിറ്ററില്‍ കുറിച്ചത്.

സര്‍ക്കാര്‍ രേഖ അനുസരിച്ച്‌ രാജ്യത്തെ 5,97,464 സെന്‍സസ് ഗ്രാമങ്ങളും വൈദ്യുതീകരിച്ചു. 2015ലെ സ്വാതന്ത്ര്യദിന സന്ദേശത്തില്‍ 2018 ഓടെ ഈ ഗ്രാമങ്ങളില്‍ വൈദ്യുതി എത്തിക്കുമെന്ന് മോദി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ പ്രധാനമന്ത്രിയുടെ അവകാശവാദത്തിനെതിരെ കോണ്‍ഗ്രസ് രംഗത്തെത്തി. യുപിഎയുടെ കാലഘട്ടത്തെ കണക്കും എന്‍ഡിഎയുടെ കണക്കും താരതമ്യം ചെയ്താണ് വക്താവ് രണ്‍ദീപ് സുര്‍ജേവാല മോദി സര്‍ക്കാരിന്റെ അവകാശവാദത്തെ ചോദ്യം ചെയ്തത്.

Top